ബസിൽ പാദസരം മോഷണം: രണ്ട് അന്തർസംസ്ഥാന യുവതികൾ അറസ്റ്റിൽ, ഒന്നര വയസ്സുകാരിയുടെ 30,000 രൂപ വിലയുള്ള പാദസരമാണ് മോഷണം പോയത്
text_fieldsഅരീക്കോട്: ബസിൽ ഒന്നര വയസ്സുകാരിയുടെ സ്വർണ പാദസരം മോഷണം നടത്തിയ കേസിൽ രണ്ട് അന്തർസംസ്ഥാന യുവതികൾ അറസ്റ്റിൽ. തമിഴ്നാട് മധുര കല്ലുമേട് സ്വദേശികളായ ദേവി (20), പൊന്നി (25) എന്നിവരെയാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
മഞ്ചേരിയിൽനിന്ന് അരീക്കോട്ടേക്ക് വരുകയായിരുന്ന സ്വകാര്യ ബസിൽ ഒന്നര വയസ്സുകാരി ധരിച്ചിരുന്ന ഒരു പവനിൽ കൂടുതലുള്ള പാദസരമാണ് മോഷണം പോയത്. ബസ് അരീക്കോട് എത്തിയപ്പോൾ കുട്ടിയുടെ ഒരു പാദസരം കാണാത്തതിനെ തുടർന്ന് മാതാവ് ബസ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. യുവതികളെ സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ അരീക്കോട് പുത്തലത്തു വെച്ച് ഇവരെ കണ്ടെത്തി അരീക്കോട് പൊലീസിന് കൈമാറി. അതേസമയം, നഷ്ടപ്പെട്ട 30,000 രൂപ വിലയുള്ള പാദസരം കണ്ടെത്താൻ സാധിച്ചിട്ടില്ല. വെള്ളിയാഴ്ച മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.