മന്ത്രിയും അധികൃതരും പ്രാഖ്യാപിച്ചു; 27 മുതൽ മുഴുവൻ സമയ അത്യാഹിത വിഭാഗം വരുമോ?
text_fieldsഅരീക്കോട്: താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂർ അത്യാഹിത വിഭാഗം ഫെബ്രുവരി 27ന് ആരംഭിക്കാൻ ആരോഗ്യവകുപ്പിന്റെ കർശന നിർദേശം. ഫെബ്രുവരി 23ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല മെഡിക്കൽ ഓഫിസർമാരുടെ യോഗത്തിലാണ് നടപടി.
ഇതിനുമുമ്പ് കഴിഞ്ഞദിവസം മലപ്പുറത്ത് നടന്ന ന്യൂനപക്ഷ സിറ്റിങ്ങിലും ഈ വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജില്ല മെഡിക്കൽ ഓഫിസർ ഡോ. രേണുക ആശുപത്രിയിൽ അത്യാഹിത വിഭാഗം ആരംഭിക്കാൻ വേണ്ട നടപടികൾ ചെയ്യാൻ ആശുപത്രി അധികൃതർക്ക് കർശന നിർദേശം നൽകിയത്. ഇതിനായി നിലവിലുള്ള ജോലിക്കാരെയും സൂചന (3),(4),(5),(6) പ്രകാരം പോസ്റ്റ് ചെയ്ത ജീവനക്കാരെയും എൽ.എസ്.ജി.ഡി മുഖേനെ പോസ്റ്റ് ചെയ്ത ഡോക്ടറെയും ഉൾപ്പെടുത്തി ഡ്യൂട്ടി രജിസ്റ്റർ തയാറാക്കണമെന്നും ഉത്തരവിൽ പറയുന്നു.
അത്യാഹിത വിഭാഗം ആരംഭിക്കാൻ ആശുപത്രിക്ക് എന്തെങ്കിലും സംവിധാനങ്ങളോ ഉപകരണങ്ങളോ കുറവുണ്ടെങ്കിൽ ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട് പരിഹരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒരുമണിവരെ ഒ.പിയും ഉച്ചക്ക് ഒരുമണി മുതൽ അടുത്തദിവസം രാവിലെ എട്ടുവരെ അത്യാഹിത വിഭാഗവും ആരംഭിക്കണമെന്നാണ് നിർദേശം. 10 വർഷം മുമ്പാണ് അരീക്കോട് കമ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. എന്നാൽ ഈ സമയം ചില നിയമനങ്ങൾ നടത്തിയത് ഒഴിച്ചാൽ പിന്നീടുള്ള താലൂക്ക് ആശുപത്രിയുടെ വികസനം ഫ്ലക്സുകളിലും പ്രഖ്യാപനങ്ങളിലും മാത്രമായി. ഇതോടെ പ്രദേശവാസികളുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ഈ വിഷയത്തിൽ ഉണ്ടായി. എന്നാൽ ഇതുകണ്ടിട്ട് ഒന്നും അധികൃതരുടെ ഭാഗത്തുനിന്ന് താലൂക്ക് ആശുപത്രിയിൽ അത്യഹിത വിഭാഗം ആരംഭിക്കാനുള്ള നടപടി ഉണ്ടായിരുന്നില്ല.
ഇതിനിടയിലാണ് മാസങ്ങൾക്ക് മുമ്പ് ആർദ്രം പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് താലൂക്ക് ആശുപത്രിയിൽ സന്ദർശനം നടത്തിയത്. ഈ സമയം നിരവധിപേർ ആശുപത്രിയുടെ ശോച്യാവസ്ഥയിൽ പരാതിയുമായി മന്ത്രിയുടെ അടുത്തേക്ക് എത്തി. തുടർന്ന് വൈകാതെ തന്നെ ആശുപത്രിയിൽ അത്യാഹിതവിഭാഗം ആരംഭിക്കുമെന്ന് മന്ത്രി നാട്ടുകാർക്ക് വാക്കും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറത്ത് ചേർന്ന യോഗത്തിനുശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ആറ് ഡോക്ടർമാരെ അരീക്കോട് താലൂക്ക് ആശുപത്രിയിലേക്ക് നിയോഗിച്ചു.
തുടർന്ന് ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ താലൂക്ക് ആശുപത്രിയിൽ ആരംഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി.

