പനി ബാധിച്ച് മൂന്നു കുട്ടികളുടെ മരണം; ഏറനാട് മണ്ഡലത്തിൽ പ്രതിരോധ നടപടി ഊർജിതമാക്കും
text_fieldsആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന യോഗത്തിൽ
പി.കെ. ബഷീർ എം.എൽ.എ സംസാരിക്കുന്നു
അരീക്കോട്: ഏറനാട് മണ്ഡലത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു കുട്ടികൾ പനി ബാധിച്ച് മരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ പി.കെ ബഷീർ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
ജില്ല മെഡിക്കൽ ഓഫിസർ ഡോ. രേണുക അധ്യക്ഷത വഹിച്ചു. മരിച്ച ഒരു കുട്ടിക്ക് അഞ്ചാംപനി ബാധിച്ചതാണെന്നും ഈ കുട്ടി കുത്തിവെപ്പ് എടുത്തിട്ടില്ലെന്നും മറ്റു രണ്ടു പേർക്കും ബാധിച്ചത് ഡെങ്കിപ്പനിയാണെന്ന് സംശയിക്കുന്നതായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കാവനൂർ, അരീക്കോട്, കീഴുപറമ്പ് പഞ്ചായത്തിന്റെ അതിർത്തി എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. കാവനൂർ പഞ്ചായത്തിലെ 18, 19 വാർഡുകളിലെ നിരവധി കുട്ടികൾ പ്രതിരോധകുത്തിവെപ്പ് നടത്തിയിട്ടില്ലെന്നും ഇത് രോഗങ്ങൾ വ്യാപിക്കാൻ ഇടയാക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി.
ഈ സാഹചര്യത്തിൽ അടിയന്തിര നടപടികളെക്കുറിച്ച് ആലോചിക്കാനായി 15ന് ഉച്ചക്ക് 12ന് എടവണ്ണയിൽ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലേയും വാർഡ് അംഗങ്ങളുടേയും ആരോഗ്യ വകുപ്പ് അധികൃതരുടേയും യോഗം ചേർന്ന് ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകുമെന്ന് പി.കെ. ബഷീർ എം.എൽ.എ പറഞ്ഞു. പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം നിർദ്ദേശം നൽകി.

