എ.പി.അസ്ലം ഖുർആൻ അവാർഡ് വിതരണവും സമ്മേളനവും ഇന്ന് മുതൽ
text_fieldsമലപ്പുറം: എ.പി അസ്ലം ഹോളി ഖുർആൻ അവാർഡ് സീസൺ രണ്ട് മത്സരങ്ങൾ ഡിസംബർ 23, 24 തിയതികളിൽ വളവന്നൂർ അൻസാർ കോളജ് കാമ്പസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഖുർആൻ മന:പാഠമാക്കുന്ന വിദ്യാർഥികളെ അതിന്റെ ആശയം കൂടി മനസ്സിലാക്കാൻ പ്രചോദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2024ൽ ആരംഭിച്ചതാണ് എ.പി. അസ്ലം ഹോളി ഖുർആൻ അവാർഡ്.
21 വയസ്സ് വരെയുള്ള ആൺകുട്ടികൾ, 21 വയസ്സ് വരെയുള്ള പെൺകുട്ടികൾ, 12 വയസ്സ് വരെയുള്ള ആൺകുട്ടികൾ എന്നിങ്ങനെയാണ് മത്സരം. ഫൈനൽ മത്സരത്തിലെ വിജയികൾക്ക് 35 ലക്ഷം രൂപയുടെ കാഷ് അവാർഡുകളാണ് സമ്മാനിക്കുക. ഡിസംബർ 23, 24 തിയതികളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് നാല് വരെയാണ് കുട്ടികളുടെ ഫൈനൽ മത്സരങ്ങൾ.
23ന് വൈകീട്ട് 4.30ന് ഖുർആൻ സമ്മേളനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി, ഡോ. റാഷിദ് ഗസ്സാലി, പ്രഫ. എൻ വി സക്കരിയ്യ, ഡോ. കണ്ണിയൻ മുഹമ്മദ് കുട്ടി, ഡോ. ജാബിർ അമാനി, ബഷീർ മുഹയുദ്ദീൻ, മുസമ്മിൽ മൗലവി അൽ കൗസരി എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും.
24ന് വൈകീട്ട് 4.30ന് ഗ്രാന്റ് മാസ്റ്റർ ജി.എസ്. പ്രദീപിന്റെ നേതൃത്വത്തിലുള്ള ‘ഇഖ്റ: അറിവന്വേഷണത്തിലേക്ക് ഒരു വാതായനം’ വൈജ്ഞാനിക പരിപാടി നടക്കും. ഹാഫിള് അബ്ദുല്ല തിരൂർക്കാടിന്റെ നേതൃത്വത്തിൽ ഖുർആൻ ക്വിസ് പ്രോഗ്രാം നടക്കും. 6.30ന് നടക്കുന്ന അവാർഡ് ദാന സമാപന സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
അൻസാർ കാമ്പസിൽ ഒരുക്കിയ വിശാലമായ പന്തലിലാണ് ദ്വിദിന സമ്മേളനം നടക്കുന്നത്. വാർത്താസമ്മേളനത്തിൽ പി. ഉബൈദുല്ല എം.എൽ.എ, എ.പി അബ്ദുസമദ്, റാഷിദ് അസ്ലം, പി.പി അബ്ദുസ്സലാം മോങ്ങം, എ.പി സലാഹ്, ഉബൈദുല്ല താനാളൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

