അഞ്ചീനിക്കുളം നവീകരണം: പദ്ധതി ഇനിയും നീണ്ടേക്കും
text_fieldsനിർമാണം പാതി വഴിയിൽ നിലച്ച അഞ്ചീനിക്കുളം
മലപ്പുറം: മേൽമുറി അഞ്ചീനിക്കുളം സൗന്ദര്യവത്കരണ പ്രവൃത്തി നിലച്ചിട്ട് ഒരു വർഷവും രണ്ട് മാസവും. കുളം നിൽക്കുന്ന സ്ഥലം ദേശീയപാത അതോറിറ്റിക്കു കീഴിലാണോ, മരാമത്ത് വകുപ്പിന്റേതാണോ എന്നു കണ്ടെത്താൻ നാല് മാസം മുമ്പ് നഗരസഭ ഹൈകോടതിയെ സമീപിച്ചിരുന്നു.
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മേൽമുറി കോണോംപാറയിലെ അഞ്ചീനിക്കുളം നഗരസഞ്ചയം പദ്ധതിയിലുൾപ്പെടുത്തി 3.5 കോടി രൂപ ചെലവിൽ സൗന്ദര്യവത്കരിക്കുന്ന പ്രവൃത്തി 2023 മേയിലാണ് ആരംഭിച്ചത്. എന്നാൽ കുളം നിൽക്കുന്ന സ്ഥലത്തിന്റെ അതിരുകൾ നിർണയിച്ച് എൻ.ഒ.സി ലഭ്യമാക്കണമെന്ന് നഗരസഭ സെക്രട്ടറിയോട് ദേശീയപാത മരാമത്ത് വിഭാഗം ആവശ്യപ്പെട്ടതോടെ 2023 ജൂൺ 26ന് പണി നിർത്തിവെച്ചു. സ്ഥലം ദേശീയപാത അതോറിറ്റിയുടെ കീഴിലാണെന്നു ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തി പരാതി നൽകിയതിനെത്തുടർന്നാണിത്. ദേശീയപാതയുടെ വീതികൂട്ടൽ അടക്കമുള്ളവക്ക് തടസ്സമാകാത്ത വിധം കുളത്തിന്റെ നവീകരണം തുടരാൻ എൻ.ഒ.സി ആവശ്യപ്പെട്ട് നഗരസഭ എൻ.എച്ച് വിഭാഗത്തിനു കത്തുനൽകിയെങ്കിലും റീ സർവേ നടത്തിയാലേ സ്ഥലത്തിന്റെ ഉടമസ്ഥത കണ്ടെത്താനാകൂ എന്ന നിലപാടാണ് സ്വീകരിച്ചത്. റീസർവേ ആവശ്യപ്പെട്ട് താലൂക്ക് സർവേ ഓഫിസർക്ക് കത്തയച്ചെങ്കിലും നടപടിയുണ്ടായില്ല. അതോടെയാണ് തീരുമാനത്തിനായി കോടതിയെ സമീപിച്ചത്. 30 ശതമാനം പണിയെങ്കിലും പൂർത്തിയായില്ലെങ്കിൽ നഗരസഞ്ചയം ഫണ്ട് നഷ്ടമാകാനും സാധ്യതയുണ്ട്. 3.5 കോടി രൂപയിൽ പദ്ധതിക്കായി ആദ്യഘട്ടം രണ്ട് കോടി രൂപയും രണ്ടാംഘട്ടത്തിൽ 1.5 കോടി രൂപയുമാണ് അനുവദിച്ചത്. സംരക്ഷണ ഭിത്തി കെട്ടൽ മാത്രമാണ് നവീകരണത്തിന്റെ ഭാഗമായി നടത്തിയത്. സിഡ്കോക്കാണ് പദ്ധതിയുടെ നിർമാണച്ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

