അങ്ങാടിപ്പുറത്തുനിന്ന് നൽകിയ കോവിഡ് കണക്കിൽ ഗുരുതര പിഴവ്
text_fieldsഅങ്ങാടിപ്പുറം: പഞ്ചായത്തിെൻറ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കോവിഡ് വാർറൂമിൽനിന്ന് ജില്ല ഭരണകൂടത്തിന് കോവിഡ് സംബന്ധിച്ച് നൽകിയത് തെറ്റായ കണക്ക്. ആഗസ്റ്റ് 31ന് 223 പേർക്ക് കോവിഡ് പോസിറ്റിവ് ആണെന്നായിരുന്നു ജില്ല ഭരണകൂടം ഇറക്കിയ റിപ്പോർട്ട്. 47 പേർക്കാണ് ഈ സമയത്ത് പോസിറ്റിവായത്. ജില്ല മെഡിക്കൽ ഓഫിസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് എന്നിവിടങ്ങളിൽ പഞ്ചായത്ത് അധികൃതർ അന്വേഷിച്ചപ്പോൾ വാർറൂം വഴി ലഭിക്കുന്ന വിവരങ്ങളാണ് ഇത്തരത്തിൽ നൽകുന്നത് എന്നാണ് വ്യക്തമാക്കിയത്.
അതോടെ വാർറൂം പ്രവർത്തനം പരിശോധിച്ചപ്പോൾ ഇവിടെനിന്ന് പ്രതിദിന കേസുകൾ അറിയിക്കുന്നതിൽ അപാകതയുണ്ടെന്ന് കണ്ടെത്തി. പഞ്ചാത്ത് ഓഫിസിനു മുമ്പിൽ ഒരു മുറിയാണ് വാർറൂം. ഇവിടെ ഇൻറർനെറ്റ് സൗകര്യം വേണ്ടപോലെ ലഭ്യമല്ല.
വാർറൂമിൽ പുതുതായി ഡ്യൂട്ടിക്ക് എത്തുന്ന അധ്യാപകർ അവർ ചുമതല ഏൽക്കുന്നതിനു തൊട്ട് മുമ്പുള്ള കേസുകൾ വരെ ഡാറ്റ എൻട്രി ചെയ്യേണ്ടി വരുന്നു.
വാർറൂം പ്രവർത്തനം പരാജയമാണെന്നും പഞ്ചായത്തിെൻറ വീഴ്ചയാണ് ഇതിന് കാരണമെന്നും പരാതി ഉയർന്നു. വാർറൂമിൽ ഡ്യൂട്ടിക്ക് എത്തുന്നവർക്ക് ഒരാഴ്ച മുമ്പുള്ള കോവിഡ് കേസുകൾ വരെ ഡാറ്റാ എൻട്രി നടത്താൻ ലഭിക്കുന്നുവെന്നാണ് ജീവനക്കാരോട് അന്വേഷിച്ചപ്പോൾ മനസ്സിലായതെന്ന് സി.പി.എം അംഗം നാരായണൻ മാസ്റ്റർ പറഞ്ഞു. ബുധനാഴ്ച ചേർന്ന ബോർഡ് യോഗത്തിൽ വിഷയം ചർച്ച ചെയ്തു.
പഞ്ചായത്ത് ഓഫിസിൽ തന്നെ വാർറൂം സൗകര്യം ചെയ്തു നൽകാനും ഇൻറർനെറ്റ് സൗകര്യം ഉറപ്പാക്കാനും തീരുമാനിച്ചു. അതേസമയം കോവിഡ് നിയന്ത്രണം അങ്ങാടിപ്പുറത്ത് ഇപ്പോൾ ഫലപ്രദമായാണ് നടക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.