പാണക്കാട്ടെ വീട്ടിലെ ആ നോമ്പ് കാലത്തിന്‍റെ ഓർമയിൽ
text_fieldsപാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോടൊപ്പം പരിയാപുരം സെന്‍റ് മേരീസ് സ്കൂളിലെ വിദ്യാർഥികൾ (ഫയൽ ചിത്രം)
അങ്ങാടിപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോടൊപ്പം ഒരു റമദാനിൽ നടത്തിയ കൂടിക്കാഴ്ചയുടെ ഓർമകളിലാണ് പരിയാപുരം സ്കൂളിലെ വിദ്യാർഥികൾ. 2009ലാണ് പരിയാപുരം സെന്‍റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാരംഗം പ്രവർത്തകരുടെ സംഘം പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടത്. സ്കൂൾ മാഗസിനിലേക്ക് തങ്ങളുടെ വിശേഷങ്ങളും അനുഭവങ്ങളും കേട്ടറിയാനും കുറിച്ചെടുക്കാനും എത്തിയതായിരുന്നു കുട്ടികൾ. മുറ്റത്ത് നിറയെ ആളുകളുണ്ടെങ്കിലും സ്നേഹപൂർവം വീടിനകത്തേക്ക് സ്വീകരിച്ചു. ജ്യേഷ്ഠനായ മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു സംസാരം തുടങ്ങിയതെന്ന് അന്നത്തെ വിദ്യാർഥികൾ ഓർക്കുന്നു. ജ്യേഷ്ഠനുമായുള്ള ഹൃദയബന്ധവും കുട്ടിക്കാലത്തെ കുസൃതികളും അദ്ദേഹം പങ്കുവെച്ചു.
''അധികാരക്കസേര ഒരിക്കലും പാണക്കാട് കുടുംബത്തിലെ ആരുടെയും മനസ്സിനെ ഇളക്കാറില്ല. അധികാര രാഷ്ട്രീയത്തിന്‍റെ മത്സരങ്ങളിലേക്കിറങ്ങരുതെന്ന് ഉപ്പ പഠിപ്പിച്ചിരുന്നു. ആത്മീയ സംതൃപ്തിയാണ് ഏറ്റവും പ്രധാനം. ശരിയുടെ വഴിയാണ് പ്രാർഥിച്ചു കണ്ടെത്തുന്നത്. അതെല്ലാവർക്കും സ്വീകാര്യമാകുന്നു'' ഹൈദരലി ശിഹാബ് തങ്ങൾ അന്ന് കുട്ടികളോട് പറഞ്ഞതാണ് ഈ വാക്കുകൾ.
ദാനധർമങ്ങൾ ചെയ്യാനും എല്ലാവരെയും സഹോദരങ്ങളായി കാണാനും കഴിയണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വിയോഗവാർത്ത കേൾക്കുമ്പോൾ അദ്ദേഹത്തിന്‍റെ സൗമ്യമായ വാക്കുകളും ഇളം പുഞ്ചിരിയുമാണ് കുട്ടികളുടെ മനസ്സിൽ. വിദ്യാർഥികളായ പി. കദീജ, ജാസ്മിൻ, എ. അനു, ജിതിൻ വർഗീസ്, പി. ഉമ്മർ, എ.പി. ഷിയാസ്, കെ.ടി. അയിഷ ഹാഷിഫ, കെ.ടി. ലീന, സി. ഷിജില നെസ്ഫിൻ, പി. ബുസ്താന ഷെറിൻ എന്നിവരായിരുന്നു അന്ന് അധ്യാപകരോടൊപ്പം സംഘത്തിലുണ്ടായിരുന്നത്.