പെരിന്തൽമണ്ണ: ദേശീയപാതയിൽ അങ്ങാടിപ്പുറം ടൗണും പ്രധാന ജങ്ഷനുകളും ബുധനാഴ്ച തിരക്കിലമർന്നു. രാവിലെ പത്തിന് തുടങ്ങിയ കുരുക്ക് ഒാരാടംപാലം മുതൽ ജൂബിലി ജങ്ഷൻ വരെ തിരക്ക് കൂടിയും കുറഞ്ഞും ഉച്ചവരെ നീണ്ടു.
പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലേക്കും നാലു പ്രമുഖ ആശുപത്രികളിലേക്കും രോഗികളെയുമായെത്തിയ ആംബുലൻസുകളും ഇവിടെ നിന്ന് മടങ്ങുന്ന ആംബുലൻസുകളും കുരുക്കിൽപെട്ടു.
അങ്ങാടിപ്പുറം ടൗണിൽ വളാഞ്ചേരി റോഡ് ജങ്ഷനിലും തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് മുന്നിൽ പരിയാപുരം റോഡ് ജങ്ഷനിലുമാണ് വാഹനങ്ങൾ നിശ്ചലമാവുന്നത്.
ഇടതടവില്ലാതെ വാഹനങ്ങൾ ഒഴുകുന്ന ദേശീയപാതയിലേക്ക് ഇടറോഡിൽ നിന്ന് വാഹനങ്ങൾ പ്രവേശിക്കുന്നതാണ് തിരക്ക് കൂടാൻ കാരണം.
റെയിൽവേ മേൽപാലം വന്നിട്ടും അങ്ങാടിപ്പുറത്തെ തിരക്കിനു കുറവില്ല. അങ്ങാടിപ്പുറം ടൗണിൽ ഇടറോഡുകൾ ചേരുന്ന ഭാഗങ്ങളിൽ കൈേയറ്റങ്ങൾ ഒഴിവാക്കിയും നിലവിലെ മരാമത്ത് ഭൂമി പൂർണമായി റോഡിലേക്ക് ചേർത്തും വീതികൂട്ടുക മാത്രമാണ് താൽക്കാലിക പരിഹാരം.
തിരക്കുള്ള ജങ്ഷനിൽ ഇടറോഡുകളിൽ നിന്ന് വാഹനങ്ങൾ നേരിട്ട് പ്രവേശിക്കുന്നത് ഒഴിവാക്കി ഇടത് വശം േചർന്ന് പിറകോട്ട് പോയി റോഡിലേക്ക് കടക്കുന്നത് തിരക്ക് കുറക്കാൻ സഹായിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിൽ കഴിഞ്ഞ മൂന്നാഴ്ചകളോളം നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന വിഷയമായിരുന്നു ദേശീയപാതയിലെ ഈ കുരുക്ക്.
രേഖാചിത്രമായി ശേഷിക്കുന്നു, രണ്ടു ബൈപ്പാസ് റോഡുകളും
പെരിന്തൽമണ്ണ: ഒാരാടംപാലം മുതൽ മാനത്തുമംഗലം വരെ നാലു കിലോമീറ്റർ ബൈപ്പാസ് പദ്ധതിയും വളാഞ്ചേരി റോഡിനെയും ദേശീയപാതയെയും അങ്ങാടിപ്പുറം ടൗണിന് മുമ്പ് തന്നെ ബന്ധിപ്പിക്കുന്ന വൈലോങ്ങര-ഒാരാടംപാലം ബൈപ്പാസുമാണ് പ്രതീക്ഷിക്കാവുന്ന രക്ഷ.
ഒാരാടംപാലം-മാനത്തുമംഗലം ബൈപ്പാസിന് 2010ൽ ഭരണാനുമതി ലഭിച്ച് 10 കോടി അനുവദിച്ചിരുന്നു. 4.1 കി.മീ. നീളവും 24 മീറ്റർ വീതിയും കണക്കാക്കുന്ന പാതക്ക് 25 ഏക്കർ ഭൂമി വേണം.
വളാഞ്ചേരി, കോട്ടക്കൽ ഭാഗങ്ങളിൽനിന്ന് അങ്ങാടിപ്പുറത്തേക്ക് വരുന്ന വാഹനങ്ങൾ ഇടുങ്ങിയ ജങ്ഷനിൽ കടക്കാതെ മലപ്പുറം, കോഴിക്കോട്, മഞ്ചേരി ഭാഗങ്ങളിലേക്ക് പോവാനായി 2016ൽ വിഭാവനം ചെയ്ത ഒാരാടംപാലം-വൈലോങ്ങര ബൈപാസിെൻറ നീളം 2.5 കിലോമീറ്ററാണ്.