പൊതുസ്ഥലത്ത് മാലിന്യം തള്ളി തിരിച്ചെടുപ്പിച്ച് ഉടമയുടെ വളപ്പിൽ കുഴിച്ചുമൂടിച്ചു
text_fieldsഅങ്ങാടിപ്പുറം മേൽപാലത്തിന് സമീപം തള്ളിയ മാലിന്യം, തള്ളിയവർ തന്നെ നീക്കുന്നു
അങ്ങാടിപ്പുറം: പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരെ കണ്ടെത്തി, അവരെകൊണ്ടുതന്നെ അത് നീക്കം ചെയ്ത് കൊടുത്തയച്ച വ്യക്തിയുടെ പറമ്പിൽ കുഴിച്ചിട്ടു. ഒക്ടോബർ 16ന് രാത്രിയാണ് അങ്ങാടിപ്പുറം മേൽപാലത്തിന് താഴെ വലിയ മൂന്ന് കവറിലാക്കി മാലിന്യം തള്ളിയത്. ഒക്ടോബർ 17ന് ഇത് ശ്രദ്ധയിൽപെട്ട സമീപവാസികൾ വാർഡ് മെംബറുടെ ശ്രദ്ധയിൽപെടുത്തി.
മെംബറും നാട്ടുകാരും ചേർന്ന് മാലിന്യകവറുകൾ അഴിച്ചുനോക്കിയപ്പോൾ ചില മെഡിക്കൽ ബില്ലുകൾ, സ്ഥാപനങ്ങളുടെ പേരുകൾ എന്നിവ ലഭിച്ചു. തുടർന്ന് നടത്തിയ പ്രാദേശിക അന്വേഷണത്തിൽ പഞ്ചായത്ത് ഓഫിസിന് സമീപമുള്ള ഒരു ക്വാർട്ടേഴ്സിലെ മാലിന്യമാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് പൊലീസിൽ പരാതി നൽകി. ക്വാർട്ടേഴ്സ് ഉടമയെ വിളിപ്പിച്ചു. കീഴാറ്റൂർ പഞ്ചായത്തിൽ താമസിക്കുന്ന തമിഴ്നാട്ടുകാരനും തൂതയിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവറും ചേർന്നാണ് ക്വാട്ടേഴ്സിൽനിന്ന് 1500 രൂപ കൂലിയും വാടകയും വാങ്ങി മാലിന്യം എടുത്തതെന്ന് സമ്മതിച്ചു.
ഏഴുകവറുകളിലായി കൊണ്ടുവന്നതിൽ നാലെണ്ണം മേൽപാലത്തിന് താഴെ തള്ളിയതായും ബാക്കി പെരിന്തൽമണ്ണയിൽ കൊണ്ടുപോയി ഇട്ടതായും പറഞ്ഞു. മാലിന്യം അവർ തന്നെ നീക്കാമെന്ന് പറഞ്ഞതിെൻറ അടിസ്ഥാനത്തിൽ മേൽപാലത്തിന് താഴെ വന്ന് നാട്ടുകാരുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച ക്വാർട്ടേഴ്സ് ഉടമയുടെ വീട്ടുവളപ്പിലേക്ക് മാലിന്യം കൊണ്ടുപോയി. അജൈവ മാലിന്യം തെങ്ങിന് ചുവടെ തടമെടുത്ത് കുഴിച്ചിട്ടു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം കഴുകി ചാക്കിലാക്കി കെട്ടിവെച്ചു. പിന്നീട് ഹരിത കർമ സേനയെ ഏൽപിക്കാനും തീരുമാനിച്ചു. പിഴയായി 2000 രൂപയും ചുമത്തി. വാർഡിലെ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.