കർഷകനിൽനിന്ന് കപ്പ വാങ്ങി നൂറോളം കുടുംബങ്ങൾക്ക് സൗജന്യമായി നൽകി
text_fieldsഅങ്ങാടിപ്പുറം: കൃഷിയിടത്തിൽ പാകമായ കപ്പ പറിച്ച് വിൽപന നടത്താതെ വിഷമത്തിലായ കർഷകനിൽനിന്ന് കപ്പ വാങ്ങി നൂറോളം കുടുംബങ്ങൾക്ക് സൗജന്യമായി നൽകി യുവാക്കൾ. ലോക്ഡൗണിൽ ദുരിതത്തിലായ കപ്പകർഷകർ വിഷയം ആദ്യം അങ്ങാടിപ്പുറം കൃഷി ഒാഫിസറെ അറിയിച്ചിരുന്നു. അദ്ദേഹം കർഷകരുടെ വിഷമം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇത് കണ്ടാണ് വൈലോങ്ങരയിലെ യു.ഡി.എഫ് പ്രവർത്തകർ കപ്പ കിലോക്ക് ആറുരൂപ നൽകി വാങ്ങി പാടത്തിറങ്ങി പറിച്ച് വിതരണം ചെയ്തത്.
250 കി.ഗ്രാം വരുന്ന കപ്പ പ്രവർത്തകരെ കൂട്ടി പറിച്ചെടുത്ത് നൂറോളം കുടുംബങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തതു. ലോക്ഡൗൺ കാലത്ത് ദുരിതത്തിലായ പല കുടുംബങ്ങൾക്കും സൗജന്യമായി കപ്പ കിട്ടിയത് ആശ്വാസമായി. പ്രദേശത്തെ യു.ഡി.എഫ് പ്രവർത്തകർ തന്നെയാണ് പറിച്ച് കിറ്റുകളാക്കിയത്. മൂന്നു കിലോ വരെ കപ്പയാണ് കിറ്റിലുണ്ടായിരുന്നത്. ലോക്ഡൗണിനു തൊട്ട് മുമ്പ് രണ്ടര കിലോ കപ്പ 50 രൂപക്ക് വരെ ഗുഡ്സ് ഒാട്ടോകളിലും പച്ചക്കറി കടകളിലും വിൽപന നടത്തിയിരുന്നു. ലോക്ഡൗണിൽ ഈ അവസരമാണ് കർഷകർക്ക് ലഭിക്കാതെ പോയത്.