അങ്ങാടിപ്പുറം മേൽപാലത്തിൽ വീണ്ടും അപകടം
text_fieldsഅങ്ങാടിപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിന്റ കൈവരിയിലിടിച്ച് ചരക്ക് ലോറി അപകടത്തിൽപെട്ടു. ശനിയാഴ്ച പുലർച്ച അഞ്ചരയോടെയാണ് അപകടം. ലോറിയുടെ മുൻഭാഗം തകർന്നു. രണ്ട് വരി പാതയായി വന്ന് അങ്ങാടിപ്പുറം മേൽപാലത്തിലേക്ക് ഒറ്റവരിയായി കയറുമ്പോൾ സംഭവിച്ചിരുന്ന അപകടങ്ങളെക്കുറിച്ച് പരാതികളെ തുടർന്ന് സൂചന ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. അതിനുശേഷം അപകടങ്ങൾ കുറഞ്ഞിരുന്നു. ഈ സൂചന ലൈറ്റുകൾ ഇപ്പോൾ കത്താത്തതാണ് വീണ്ടും അപകടത്തിന് കാരണം.
കുറച്ച് ദിവസം മുമ്പ് പുലർച്ച കാറും അപകടത്തിൽപെട്ടിരുന്നു. വെളിച്ചം തെളിയിക്കാനുള്ള നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അർധരാത്രി മുതൽ പുലരുംവരെ ചരക്കു വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ ദേശീയ പാതയുടെ വീതിയുടെ മൂന്നിൽ ഒന്ന് മാത്രമേയുള്ളൂ അങ്ങാടിപ്പുറം മേൽപാലത്തിന്. പാലം തുടങ്ങുന്ന ഭാഗത്തെ കൈവരിയിൽ ഇടിച്ചാണ് അപകടങ്ങൾ നടക്കുന്നത്. അപകടങ്ങൾ തുടർക്കഥയാവുമ്പോഴും ദേശീയപാത വിഭാഗമോ പൊലീസോ ഇതിന് പരിഹാരം കാണുന്നില്ല.