അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ മുഖം മിനുങ്ങി
text_fieldsഅങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ നവീകരണം അവസാന ഘട്ടത്തിൽ
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള വികസന പദ്ധതികൾ 26ന് ഉച്ചക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇത് ഉൾപ്പെടെ ജില്ലയിൽ മൂന്ന് സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടി ഈ സ്റ്റേഷനുകളിൽ തത്സമയം കാണാം.
പ്ലാറ്റുഫോം, നടപ്പാത നിർമാണം എന്നിവയാണ് പ്രധാനമായുള്ളത്. 8.5 കോടി ചെലവിൽ നടത്തുന്ന പ്രവൃത്തികളിൽ പലതും പൂർത്തിയാവാനുണ്ട്. ഒന്നും രണ്ടും പ്ലാറ്റുഫോമുകളിലേക്കുള്ള മേൽക്കൂരകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. ഷൊർണൂർ-നിലമ്പൂർ റൂട്ടിലെ ക്രോസിങ് സ്റ്റേഷനാണിത്.
പഴയ ടിക്കറ്റ് കൗണ്ടറിനു മുമ്പിലുള്ള ഭാഗം പൊളിച്ചുമാറ്റി പുതുതായി പ്രവൃത്തി നടക്കുന്ന കാത്തിരിപ്പു കേന്ദ്രവുമായി ബന്ധിപ്പിക്കുകയാണ്. നിലവിലെ രണ്ട് പ്ലാറ്റ്ഫോമിന് പുറമെ മൂന്നാമത് ഒന്നുകൂടി പണിയുന്നുണ്ട്. എഫ്.സി.ഐയിലേക്ക് ചരക്കിറക്കുന്ന ലൈനിനോട് അനുബന്ധിച്ചാണ് പുതിയ പ്ലാറ്റ്ഫോം. ഒന്നാം പ്ലാറ്റ്ഫോമുമായി ഇതിനെ ബന്ധിപ്പിക്കും. വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തൂണുകളും സ്ഥാപിച്ചിട്ടുണ്ട്. നിർമാണ പ്രവൃത്തി ഒരു മാസം മുമ്പ് എം.പി അബ്ദു സമദ് സമദാനി സന്ദർശിച്ചിരുന്നു.

