അങ്ങാടിപ്പുറത്തെ മോഷണം: വാതിലുകളും അലമാരകളും തകർത്തത് വീട്ടിലെ ആയുധങ്ങൾ കൊണ്ട്
text_fieldsഅങ്ങാടിപ്പുറം പരിയാപുരം റോഡിൽ കവർച്ച നടന്ന വീട്ടിൽ പൊലീസും ഡോഗ് സ്ക്വാഡും
പരിശോധന നടത്തുന്നു
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പരിയാപുരം റോഡിൽ അടച്ചിട്ട വീട്ടിൽനിന്ന് 72 പവൻ കവർന്നതിൽ സി.സി.ടി.വിയിൽ പതിഞ്ഞത് ആറടിയോളം പൊക്കമുള്ള വ്യക്തി. പരിസര വാസിയല്ലെന്നാണ് ദൃശ്യം കണ്ടവർ പറയുന്നത്. ആറടി ഉയരവും ടീഷർട്ടും പാന്റും ധരിച്ച ചെറുപ്പക്കാരനാണ് സി.സി.ടി.വിയിൽ പതിഞ്ഞത്. ഇയാൾക്ക് കഷണ്ടിയുണ്ട്. വുഡ് ലാൻഡ് ചെരിപ്പാണ് ധരിച്ചിരിക്കുന്നത്.
കാമറയിൽ പതിയാതിരിക്കാൻ കാമറ കീഴ്പ്പോട്ടാക്കി വെച്ചതായും കണ്ടെത്തി. വീടിന്റെ മതിൽ ചാടിക്കടന്ന് അകത്തുകടന്നെന്നാണ് കരുതുന്നത്. ഞായറാഴ്ച രാത്രി 10.30നാണ് സി.സി.ടി.വി ദൃശ്യങ്ങൾ പതിഞ്ഞത്. ഇത് പ്രകാരം കളവ് നടന്നതായ സമയം പൊലീസ് കണക്കാക്കി. സിബിയുടെ അനിയൻ ഇതിനു സമീപത്താണ്.വരാൻ വൈകുമെന്ന് സിബി അനിയനെ വിളിച്ച് അറിയിച്ചപ്പോൾ വീട്ടിലെ രണ്ടു പൂച്ചകൾക്ക് ഭക്ഷണം നൽകാനായി തിങ്കളാഴ്ച രാവിലെ എത്തിയപ്പോഴാണ് അടുക്കള ഭാഗത്തെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ തന്നെ കോടാലിയും പിക്കാസുമടക്കം ഉപയോഗിച്ചാണ് വാതിലും അലമാരകളും തകർത്തത്. ഈ ആയുധങ്ങളെല്ലാം വീട്ടിൽ കിടപ്പുമുറിയിലുണ്ട്. കളവ് നടന്ന വീടിനു സമീപങ്ങളിൽ വീടുകളുണ്ട്. അടുക്കള വാതിലും അലമാരകളും ഷെൽഫുകളും കുത്തിപ്പൊളിച്ച് നാശമാക്കിയിട്ടുണ്ട്. സ്വർണം പോയ കിടപ്പുമുറിയിൽ രണ്ട് അലമാരകളായിരുന്നു. ഇത് രണ്ടും കുത്തിപ്പൊളിച്ചിട്ടുണ്ട്. ലോക്കറിലെ സ്വർണം മുഴുവൻ എടുത്തിട്ടുണ്ട്.
മോഷ്ടാവ് തകർത്ത അകത്തെ മുറിയിലെ അലമാരകളിലൊന്ന്
സ്വർണമല്ലാത്ത ഒരു മാലമാത്രമാണ് വീട്ടിൽ ശേഷിക്കുന്നത്. പൊലീസ് നായ് മണംപിടിച്ച് മതിലുചാടി സമീപത്തെ ഇടവഴിയിലൂടെയും ഓടി. ഒരു വർഷം മുമ്പാണ് പരിയാപുരം പള്ളിക്ക് മുകൾഭാഗത്തെ വീട് കുത്തിത്തുറന്ന് 11 പവൻ സ്വർണം കവർന്നത്. ഒരാഴ്ച മുമ്പ് അങ്ങാടിപ്പുറത്തെ ഒരു സ്കൂളിലും മോഷണം നടന്നു.ഇവയിലൊന്നും പ്രതികളെ പിടികൂടിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
വീട്ടുകാർ വന്നുകയറിയത് പാടേ തകർത്തിട്ട മുറികളിലേക്ക്
പെരിന്തൽമണ്ണ: 72 പവൻ സ്വർണം കവർന്ന വീട്ടിൽ വീട്ടുകാരെത്തുമ്പോൾ കാണുന്നത് വാതിലും അലമാരകളും പാടേ തകർത്ത് മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ട നിലയിൽ. പൊലീസും അയൽവാസികളും തിങ്ങി നിൽക്കുന്നിടത്തേക്കാണ് തിങ്കളാഴ്ച വൈകീട്ട് നാലിന് സിബിയും ഭാര്യ റീനയും മടങ്ങിയെത്തിയത്. ഒറ്റ ദിവസം വീട്ടിൽനിന്ന് വിട്ടുനിന്നപ്പോൾ അന്നുതന്നെ തിരിച്ചെത്തണമെന്നാണ് ഇവർ കരുതിയിരുന്നത്. ബംഗളൂരുവിൽ പഠിക്കുന്ന മകളുടെ കാര്യത്തിന് വേണ്ടിയാണ് പോയത്. ചില താമസങ്ങൾ വന്നതിനാൽ ഞായറാഴ്ച മടങ്ങാനായില്ല.
ഗൾഫിൽ എണ്ണക്കമ്പനിയിൽ ജോലി ചെയ്തുവരുന്നയാളാണ് സിബി. ഗ്രാമപഞ്ചായത്ത് ഓഫിസിനു ഒരു കിലോമീറ്റർ അകലെയാണ് വീട്. ഒരുമാസം ഇടവിട്ട് ഗൾഫിലും നാട്ടിലുമായി കഴിയുകയാണ്. പരിയാപുരം റോഡ് ബൈപാസായതിനാൽ ഏത് സമയത്തും ഇതുവഴി വാഹനങ്ങളാണ്. പരിയാപുരം പുത്തനങ്ങാടി ഭാഗങ്ങളിലേക്കും പുളിങ്കാവ് വഴി പട്ടാമ്പി റോഡിലേക്കും എത്താം. വീടിനു ചുറ്റും പൊക്കമുള്ള മതിലുണ്ട്. വസ്ത്രങ്ങൾക്കും സാധനങ്ങൾക്കും ഒപ്പം ആധാറും ലൈസൻസുമടക്കം രേഖകളും വലിച്ചുവാരി നിലത്തിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

