രാജാസ് സ്‌കൂളിൽ അമൃത് പദ്ധതി; മാറ്റങ്ങളോടെ വരുന്നു, നീന്തൽക്കുളം
text_fieldsകോട്ടക്കൽ: കേന്ദ്ര സർക്കാറിന്‍റെ അമൃത് പദ്ധതിക്കായി കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നിർമിക്കുന്ന കുളത്തിന്‍റെ നിർമാണ പ്രവൃത്തികളിൽ മാറ്റം വരുത്തി അധികൃതർ. നിലവിലെ നീന്തൽകുളവും ഉൾപ്പെടുത്തിയാണ് പദ്ധതി യാഥാർഥ്യമാകുന്നത്. നേരത്തെ 50 മീറ്റർ നീളമുണ്ടായിരുന്നത് 60 മീറ്ററാക്കിയപ്പോൾ വീതി 25 ഉണ്ടായിരുന്നത് 18 മീറ്ററാക്കി ചുരുക്കി.
ചുറ്റുമതിലോട് കൂടി നിർമിക്കുന്ന കുളത്തിന് സമീപം പൊക്കവിളക്ക് യഥാർഥ്യമാക്കും. പെൻസിങ് സംവിധാനവും ഉണ്ടാകും. കുളത്തിലേക്ക് ഇറങ്ങാൻ പടവുകളും നിർമിക്കും. ഭാവിയിൽ വിദ്യാർഥികൾക്ക് നീന്തൽ പഠിക്കാനുള്ള സൗകര്യത്തോടെയാണ്ട് കുളം സജ്ജമാക്കുക. 37.45 ലക്ഷം രൂപയാണ് നിർമാണ ചെലവ്. ജലസ്രോതസ്സുകളും നീരുറവുകളും സംരക്ഷിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ ഭരണസമിതി കാലയളവിൽ പദ്ധതിക്ക് കൗൺസിൽ അംഗീകാരം നൽകിയിരുന്നുവെങ്കിലും സ്ഥല നിർണ്ണയം ലഭ്യമായിരുന്നില്ല.
വലിയ ടൂർണമെൻറുകളടക്കം നടക്കുന്ന മൈതാനത്ത് കുളം വരുന്നതിനെതിരെ കായികപ്രേമികളും രംഗത്തെത്തി. കലാ കായിക സംഘടനകളുടേയും പ്രതിപക്ഷ അംഗങ്ങളുടേയും ആശങ്കകൾ ‘മാധ്യമം’വാർത്ത നൽകിയിരുന്നു. തുടർന്ന് നഗരസഭ ചെയർമാൻ കെ.കെ. നാസർ പദ്ധതി നടത്തിപ്പുകാരുമായി നടത്തിയ ചർച്ചയിലാണ് ആശങ്കകൾക്ക് പരിഹാരമായത്. മാർച്ച് 31നകം നിർമാണം പൂർത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

