അമരമ്പലത്ത് പുലിഭീതി; കൂട്, കാമറ സ്ഥാപിക്കും
text_fieldsഅമരമ്പലത്ത് ജനജാഗ്രത സമിതി യോഗത്തിൽ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
വി.പി. അഫീഫ സംസാരിക്കുന്നു
പൂക്കോട്ടുംപാടം: അമരമ്പലത്തെ ജനവാസ കേന്ദ്രങ്ങളിൽ പുലിയിറങ്ങിയതോടെ ജനങ്ങൾക്കുണ്ടായ ആശങ്ക പരിഹരിക്കാൻ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. അഫീഫയുടെ അധ്യക്ഷതയിൽ ജന ജാഗ്രത സമിതി വിളിച്ചുചേർത്തു. വനം, കൃഷി, പൊലീസ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെയും ജന പ്രതിനിധികളെയും ഉൾപ്പെടുത്തി പഞ്ചായത്ത് ഹാളിലാണ് യോഗം നടന്നത്. പുലി സാന്നിധ്യമുള്ള ഇടങ്ങളിൽ അടിയന്തരമായി കൂട് സ്ഥാപിക്കാനും ലൈവ് കാമറകൾ വഴി നിരീക്ഷണം ശക്തമാക്കാനും വനം വകുപ്പിനോട് പഞ്ചായത്ത് പ്രസിഡൻറ് ആവശ്യപ്പെട്ടു.
പുലി സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ തത്സമയ കാമറകൾ സ്ഥാപിക്കുമെന്നും കൂടുതൽ ജീവനക്കാരുടെ സേവനം ലഭ്യമാക്കുമെന്നും നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകുമെന്നും കാളികാവ് റെയ്ഞ്ച് ഓഫിസർ പി.ടി. മുബഷിർ അറിയിച്ചു. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പുരയിടങ്ങളിലെ കാടുമൂടിയ ഭാഗങ്ങൾ അടിയന്തരമായി വെട്ടിത്തെളിക്കാൻ ഉടമകൾക്ക് നിർദേശം നൽകും. വന്യമൃഗങ്ങൾക്ക് താവളമൊരുക്കുന്ന തരിശുഭൂമികളിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ കൃഷിയിറക്കുമെന്ന് കൃഷി ഓഫിസർ കെ. ഷിബില അറിയിച്ചു. വനം വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പുലിയെ പിടികൂടാൻ ഏത് നടപടികൾക്കും പൊലീസ് സജ്ജമാണെന്ന് പൂക്കോട്ടുംപാടം എസ്.ഐ ജെയിംസ് വ്യക്തമാക്കി.
യോഗത്തിൽ കാളികാവ് ബ്ലോക്ക് വൈസ് പ്രസിഡൻറ് കേമ്പിൽ രവി, ചക്കിക്കുഴി ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫിസർ കെ.പി. അഭിലാഷ്, വിവിധ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ് സ്വാഗതവും അംഗം കെ. രത്നകുമാർ നന്ദിയും പറഞ്ഞു.
നടപടി ശക്തമാക്കാൻ നിർദേശം നൽകി -ആര്യാടൻ ഷൗക്കത്ത്
പൂക്കോട്ടുംപാടം: അമരമ്പലത്തെ ജനവാസ മേഖലയിലെ പുലിശല്യം തടയുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. തോട്ടേക്കാട് പുലിയെ കണ്ട സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു. ജനങ്ങളുടെ ആശങ്ക പരിഗണിച്ച് വനംവകുപ്പിന്റെ കൂടുതൽ സ്ക്വാഡുകളെ ഉൾപ്പെടുത്തി വിപുല പരിശോധന നടത്തും. നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാണെന്നും കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുലിശല്യത്തിന്റെ ഗൗരവം വനം മന്ത്രിയെ നേരിട്ട് അറിയിക്കുമെന്നും ഉചിതമായ പരിഹാരം വേഗത്തിൽ ഉറപ്പാക്കുമെന്നും ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

