മാർക്കിൽ വൈരുധ്യം; ചൈൽഡ് വെൽഫെയർ കമ്മിറ്റികളിൽ രാഷ്ട്രീയ നിയമനമെന്ന് ആക്ഷേപം
text_fieldsമലപ്പുറം: ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) ചെയർമാന്മാരുടെയും അംഗങ്ങളുടെയും നിയമനത്തിൽ വ്യാപക ക്രമക്കേടും ചട്ടലംഘനങ്ങളും നടന്നതായി ആക്ഷേപം. സർക്കാർ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമായ, അയോഗ്യരായവർ ഉൾപ്പെട്ട ഇൻറർവ്യൂ ബോർഡാണ് പലയിടത്തും ഉദ്യോഗാർഥികളെ നിയമനങ്ങൾക്ക് ശിപാർശ ചെയ്തതെന്നും പരാതിയുണ്ട്.
വിവരാവകാശ പ്രകാരം ലഭിച്ച മാർക്ക് ലിസ്റ്റിലെ വിവരങ്ങൾ നിയമനത്തിൽ വലിയ ക്രമക്കേടുകൾ നടന്നതായി തെളിയിക്കുന്നുണ്ടെന്ന് ഒരു വിഭാഗം ഉദ്യോഗാർഥികൾ ആരോപിക്കുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൻ, മെംബർ തസ്തികകളിലേക്ക് നടത്തിയ അഭിമുഖത്തിൽ രണ്ടിലും പങ്കെടുത്തവർക്ക് ഇന്റർവ്യൂ ബോർഡ് വ്യത്യസ്ത മാർക്കുകളാണ് നൽകിയതെന്ന് മാർക്ക് ലിസ്റ്റിൽ വ്യക്തമാണ്. തങ്ങൾ ഉദ്ദേശിച്ച വ്യക്തികൾക്ക് നിയമനം ലഭിക്കാൻ സഹായമാവുന്ന തരത്തിൽ രണ്ടു ലിസ്റ്റിലും മാർക്കുകളിൽ ക്രമക്കേട് നടത്തിയെന്നാണ് ആക്ഷേപം.
മലപ്പുറത്ത് സി.ഡബ്ല്യു.സി നിയമനത്തിനായി അഭിമുഖത്തിൽ പങ്കെടുത്ത അൻവർ കാരക്കാടൻ എന്ന വ്യക്തിക്ക് ഒരേ ഇന്റർവ്യൂ ബോർഡ് നൽകിയ റിസൽട്ടിൽ 63 മാർക്കിന്റെ വ്യത്യാസമുണ്ട്. ചെയർപേഴ്സൻ, കമ്മിറ്റി അംഗം എന്നീ വ്യത്യസ്ത ചുമതലകളിലേക്ക് ഒരുമിച്ച് നടത്തിയ അഭിമുഖത്തിലാണ് ഈ പൊരുത്തക്കേട്. ചെയർപേഴ്സൻ ലിസ്റ്റിൽ ഇദ്ദേഹത്തിന് 133 മാർക്ക് ലഭിച്ചു. മെംബർ ലിസ്റ്റിൽ ലഭിച്ചത് 70 മാർക്ക് മാത്രമാണ്. മറ്റ് ഉദ്യോഗാർഥികളുടെ മാർക്കിലും വ്യത്യാസം പ്രകടമാണ്.
നിലവിൽ മലപ്പുറത്ത് സി.ഡബ്ല്യു.സി ചെയർപേഴ്സനായി നിയമനം ലഭിച്ച വ്യക്തിക്ക് ചെയർപേഴ്സൻ ലിസ്റ്റിൽ 154 മാർക്കും മെംബർ ലിസ്റ്റിൽ 217 മാർക്കുമാണ് ലഭിച്ചത്. സമാന രീതിയിൽ മറ്റു ജില്ലകളിലും ക്രമക്കേടുകൾ നടന്നതായി ആക്ഷേപമുണ്ട്. കൊല്ലത്ത് നടന്ന നിയമനത്തിൽ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള ലിസ്റ്റിൽ 300ൽ 90 മാർക്ക് നേടി എട്ടാമതായ പ്രസന്നകുമാരി ചെയർപേഴ്സൻ ലിസ്റ്റിൽ 144 മാർക്ക് നേടി ഒന്നാമതെത്തി. തിരുവനന്തപുരത്ത് നടന്ന നിയമനത്തിൽ ഡോ. മോഹൻ രാജിന് അംഗത്തിനുള്ള അഭിമുഖത്തിൽ ലഭിച്ചത് 350ൽ 168 മാർക്ക്. എന്നാൽ, അധ്യക്ഷനുള്ള അഭിമുഖത്തിൽ 220 മാർക്ക് നേടി ഒന്നാമതും. മറ്റു ജില്ലകളിലും സമാന അനുഭവമുണ്ടായതായി നിയമന അഭിമുഖത്തിൽ പങ്കെടുത്തവർ ആരോപിക്കുന്നു.
ശിശുക്ഷേമ സംവിധാനത്തിൽ ഉയർന്ന യോഗ്യതയും അർഹതയുമുള്ളവരെ തഴഞ്ഞ് രാഷ്ട്രീയ നിയമനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരത്ത് അഭിമുഖത്തിൽ പങ്കെടുത്ത അഡ്വ. എൽ. സാം ഫ്രാൻസ്ലിൻ ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

