മദ്യനിരോധന സമിതി സത്യഗ്രഹത്തിന് ഒരു വർഷം; നിലനിൽപിനുള്ള പോരാട്ടത്തിൽ സമരക്കാർ
text_fieldsമലപ്പുറം കലക്ടറേറ്റ് കവാടത്തിലെ മദ്യ നിരോധന സമിതി സത്യഗ്രഹ സമരം
മലപ്പുറം: സമ്പൂർണ മദ്യ നിരോധനമെന്ന ലക്ഷ്യവുമായി മദ്യ നിരോധന സമിതി മലപ്പുറം കലക്ടറേറ്റിന് മുമ്പിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് ബുധനാഴ്ച ഒരു വർഷം പൂർത്തിയാവുമ്പോൾ നിലനിൽപിനുള്ള പോരാട്ടത്തിലാണ് സമര പ്രവർത്തകർ. 2023 ആഗസ്റ്റ് 14ന് സ്ഥാപിച്ച സമരപ്പന്തലിന് കനത്ത മഴയിൽ കേടുപാടുകൾ സംഭവിച്ചപ്പോൾ, പുതുക്കിപ്പണിയാൻ കഴിഞ്ഞ ദിവസം പൊളിച്ച് മാറ്റിയിരുന്നു. സ്ഥിരം ഷെഡിന്റെ പുനർ നിർമാണം മലപ്പുറം പൊലീസ് ഇടപെട്ട് തടഞ്ഞിരുന്നു.
സ്ഥിരം സമരപ്പന്തൽ നിർമിക്കാൻ അനുമതിയില്ലെങ്കിലും താൽക്കാലികമായി വലിച്ചുകെട്ടിയ ടാർപായയുടെ ചുവട്ടിലിരുന്ന്, സമരത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ് സമരക്കാർ.
എൽ.ഡി.എഫ് പ്രകടന പത്രികയിലെ മദ്യ ഉപഭോഗം, ലഭ്യത എന്നിവ കുറക്കുമെന്ന വാഗ്ദാനം നടപ്പാക്കുക, പ്രൈമറി ക്ലാസ് മുതലുള്ള പാഠപുസ്തകങ്ങളിൽ ലഹരിക്കെതിരായ പാഠഭാഗങ്ങൾ ഉൾപ്പെടുത്തുക, പ്രാദേശിക മദ്യനിരോധന ജനാധികാര വകുപ്പുകൾ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യഗ്രഹം ആരംഭിച്ചത്. വിവിധ മത, രാഷ്ട്രീയ, സാമൂഹിക സംഘടനകളും പ്രമുഖ നേതാക്കളും പരിസ്ഥിതി, പൗരാവകാശ പ്രവർത്തകരും വിദ്യാർഥികളുമടക്കം ഐക്യദാർഢ്യവുമായി എത്തിയിരുന്നു.
ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുംവരെ സമരമുഖത്ത് തുടരുമെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ഒന്നാം വാർഷികാഘോഷം ഇന്ന്
മലപ്പുറം: അനിശ്ചിതകാല സത്യഗ്രഹത്തിന്റെ 365ാം ദിന സമ്മേളനം ബുധനാഴ്ച മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയർമാൻ ബിഷപ്പ് ജ്യോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും.
രാവിലെ 10.30ന് നടക്കുന്ന പരിപാടിയിൽ പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിക്കും. കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദലി, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, പ്രഫ. ടി.എം. രവീന്ദ്രൻ ബഷീർ അരിമ്പ്ര (എസ്.വൈ.എസ്), ടി.കെ. കബീർ (കെ.എൻ.എം.), ഡോ. നൗഷാദ് ആലപ്പുഴ (കെ.എൻ.എം മർക്കസുദ്ദഅവ), താജുദ്ദീൻ മലപ്പുറം (വ്യാപാരി വ്യവസായി യൂത്ത് വിങ്), അഡ്വ. എൻ.കെ. മജീദ് (ആസാദ് ഫൗണ്ടേഷൻ), ബാസിത് താനൂർ (ഫ്രട്ടേണിറ്റി മൂവ്മെന്റ്), ഇയ്യച്ചേരി പത്മിനി (മദ്യനിരോധന മഹിള വേദി) എന്നിവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

