
എയർഇന്ത്യ എക്സ്പ്രസ് കോഴിക്കോട് - ജിദ്ദ സർവിസ് തുടങ്ങി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ജിദ്ദ സെക്ടറിൽ എയർഇന്ത്യ എക്സ്പ്രസ് സർവിസ് ആരംഭിച്ചു. ഫെബ്രുവരിയിൽ ആറുദിവസമാണ് സർവിസുകൾ ക്രമീകരിച്ചിരിക്കുന്നത്. അടുത്തമാസം മുതൽ ചൊവ്വാഴ്ച ഒഴികെ ദിവസങ്ങളിലായിരിക്കും സർവിസ്.
തിങ്കളാഴ്ച തുടങ്ങിയ ആദ്യ സർവിസിൽ 165 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജിദ്ദയിൽനിന്നുള്ള മടക്കയാത്രയിൽ 170 യാത്രക്കാരും ഉണ്ടായിരുന്നു. ഫെബ്രുവരി 21, 23, 24 ദിവസങ്ങളിൽ രാവിലെ 8.40ന് കരിപ്പൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 12.45ന് ജിദ്ദയിലെത്തും.
തിരിച്ച് 1.45ന് പുറപ്പെട്ട് രാത്രി 9.55ന് കരിപ്പൂരിലെത്തും. 25, 27, 28 തീയതികളിൽ പുലർച്ച 3.10ന് കരിപ്പൂരിൽനിന്ന് പുറപ്പെട്ട് 7.15ന് ജിദ്ദയിലെത്തും. 8.15ന് ജിദ്ദയിൽനിന്നും മടങ്ങുന്ന വിമാനം വൈകീട്ട് 4.25നാണ് കരിപ്പൂരിൽ തിരിച്ചെത്തുക.
മാർച്ച് രണ്ടുമുതൽ വൈകീട്ട് 4.25ന് പുറപ്പെടുന്ന വിമാനം 8.30ന് ജിദ്ദയിലെത്തി രാത്രി പത്തിന് മടങ്ങും. പുലർച്ച 6.10നാണ് കരിപ്പൂരിലെത്തുക. നിലവിൽ റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവിസിന് പുറമെയാണ് എയർഇന്ത്യ എക്സ്പ്രസ് ജിദ്ദയിലേക്കും സർവിസ് ആരംഭിച്ചത്.
