നാടിനെ കണ്ണീരിലാഴ്ത്തി ആലിഹാജിയുടെ വിയോഗം
text_fieldsആലിഹാജി
മലപ്പുറം: മലപ്പുറം നഗരത്തിൽ നിറസാന്നിധ്യമായിരുന്നു മരിച്ച സിവിൽ സ്റ്റേഷൻ ചെമ്മങ്കടവിലെ പൂക്കാട്ടിൽ ആലിഹാജി. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലൂടെ സംസാരിച്ച് ആളുകളെ കൈയിലെടുക്കാനും അദ്ദേഹത്തിന് സാധിക്കുമായിരുന്നു. അദ്ദേഹത്തിന്റെ സംസാര ശൈലി ആരെയും ആകർഷിക്കുന്നതായിരുന്നു. ഇതുകൊണ്ടുതന്നെ അദ്ദേഹത്തെ സൃഹൃത്ത് വലയം വലുതായിരുന്നു. സാമൂഹിക സേവന രംഗത്ത് തൽപര്യനായിരുന്ന അദ്ദേഹം 2011ൽ നിയമസഭയിലേക്ക് മത്സരിക്കാൻ മുന്നോട്ട് വന്നതോടെയാണ് വാർത്തകളിൽ നിറയുന്നത്. നാടിനെ സേവിക്കാൻ സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് മത്സരിക്കാൻ വന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തും സജീവമായിരുന്നു. പൊറോട്ട ചിഹ്നത്തിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇസ്തിരിപെട്ടിയാണ് ചിഹ്നമായി ലഭിച്ചത്. തെരഞ്ഞെടുപ്പിൽ 909 വോട്ടുകളാണ് നേടിയത്. 77,928 വോട്ട് നേടി പി. ഉബൈദുല്ലയാണ് അന്ന് മണ്ഡലത്തിൽനിന്ന് ജയിച്ചത്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തിന് വോട്ടർ കൈയടിയോടെ സ്വീകരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തിന്റെ സ്വീകാര്യത കൂടുകയായിരുന്നു. എവിടെ ചെല്ലുമ്പോഴും ആളുകൾ സുഖാന്വേഷണങ്ങൾ നടത്തുകയും അവരുടെ സ്നേഹം അറിയിക്കുകയും ചെയ്തിരുന്നു. എല്ലാവരുടെയും ഇഷ്ടതാരമായിരുന്ന ആലിഹാജിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മയ്യിത്ത് ഞായറാഴ്ച സിവിൽ സ്റ്റേഷൻ ചെമ്മങ്കടവ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

