ബി.ജെ.പിയുമായി ഡീൽ നടത്താത്ത ഒരാളെങ്കിലും കോൺഗ്രസ് നേതൃത്വത്തിലുണ്ടോ? -എ. വിജയരാഘവൻ
text_fieldsമലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ സംസാരിക്കുന്നു
മലപ്പുറം: തെരഞ്ഞെടുപ്പ് വരുമ്പോൾ ബി.ജെ.പിയുമായി ഡീൽ നടത്താത്ത ഒരാളെങ്കിലും കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുണ്ടോ എന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. മലപ്പുറം പ്രസ് ക്ലബിന്‍റെ ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയുമായി സ്ഥിരമായി സന്ധി ചെയ്യുന്ന രാഷ്ട്രീയ പ്രതിഭാസമാണ് കോൺഗ്രസെന്നും ഹിന്ദുത്വ വർഗീയതയുമായും മുസ്ലിം വർഗീയതയുമായും സന്ധി ചെയ്യുന്ന അവസരവാദ നിലപാടാണ് അവരുടേതെന്നും സ്ഥാനാർഥി നിർണയം ഇതിന് തെളിവാണെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. മീറ്റ് ദി ലീഡർ പരിപാടിയിൽ ഉയർന്ന പ്രധാന ചോദ്യങ്ങളിലേക്ക്...
എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമോ?
ഇടതുപക്ഷത്തെ നിരാകരിക്കുന്നവർക്ക് പോലും കഴിഞ്ഞ കാലത്തെ കേരളത്തിന്‍റെ വളർച്ച നിരാകരിക്കാനാവില്ല. വീണ്ടും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരാൻ എല്ലാ സാധ‍്യതയുമുണ്ട്. കഴിഞ്ഞ തവണത്തേതിനേക്കാൾ സീറ്റ് എൽ.ഡി.എഫിന് ലഭിക്കും.
സി.പി.എം മുൻ നേതാവ് ജി. സുധാകരൻ ചെയ്തത് ‘ചെറ്റത്തര’മാണ് എന്ന് മുഖ‍്യമന്ത്രി പറഞ്ഞത് ശരിയായോ?
വാക്കുകളുടെ പ്രയോഗത്തിന്‍റെ ചാരുത ആ സന്ദർഭവുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. അതുകൊണ്ട് ആ സന്ദർഭവുമായി ബന്ധപ്പെട്ട ചാരുതയുള്ള പ്രയോഗമാണ് മുഖ‍്യമന്ത്രി നടത്തിയത്. ദോഷൈകദൃക്കുകൾക്ക് അവരുടെ ദൃഷ്ടിക്കനുസരിച്ചാണ് അതിനെ വ്യാഖ‍്യാനിക്കാൻ കഴിയുക. ആ വ്യാഖ‍്യാനമാണ് ചില മാധ‍്യമങ്ങൾ നടത്തിയത്.
മുമ്പെങ്ങുമില്ലാത്ത വിധത്തിൽ കൂടുതൽ ആളുകൾ സി.പി.എമ്മുമായി ഇടഞ്ഞ് വിമതരായി മത്സരിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു സാഹചര്യമുണ്ടായത്?
അംഗങ്ങളിൽ തെറ്റായ പ്രവണതകളും ശീലങ്ങളും കടന്നുവരാതിരിക്കാൻ ജാഗ്രത പുലർത്തുന്ന പാർട്ടിയാണ് സി.പി.എം. നാം എത്രയൊക്കെ ജാഗരൂകരായാലും അത്യപൂർവമായി ചിലർ ഇത്തരം തെറ്റായ പ്രവണതകൾക്ക് വിധേയരാകുന്നു. അത്തരം പ്രവണതകളുമായി പാർട്ടി സന്ധി ചെയ്തിട്ടില്ല. മാത്രമല്ല, ഇങ്ങനെ പുറുത്തുപോയവരാരും പൊതുജീവിതത്തിൽ മെച്ചപ്പെട്ട പ്രകടനം നടത്തിയ അനുഭവവുമില്ല.
പാലക്കാട് ഉൾപ്പെടെ 10 മണ്ഡലങ്ങളിൽ സി.പി.എം-ബി.ജെ.പി ഡീൽ ഉണ്ടെന്ന് പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തെക്കുറിച്ച്?
പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾക്ക് വിലയില്ലാതായി. പാലക്കാട്ട് എൽ.ഡി.എഫ് നിർത്തിയത് മികച്ച സ്ഥാനാർഥിയെയാണ് എന്നതാണ് വി.ഡി. സതീശന്‍റെ പേടി. എല്ലാ വിഭാഗത്തിന്‍റെയും പിന്തുണ സമാഹരിക്കാനാകുന്ന മികച്ച സ്ഥാനാർഥിയാണദ്ദേഹം. യു.ഡി.എഫിനെയും ബി.ജെ.പിയെയും തോൽപിക്കാൻ അനുയോജ്യനായ ഒന്നാന്തരം സ്ഥാനാർഥിയെയാണ് എൽ.ഡി.എഫ് നിർത്തിയത് എന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തരം ആക്ഷേപം ഉന്നയിക്കുന്നത്. പാർട്ടി വോട്ടിന് പുറമെ സ്വന്തം നിലക്കും വോട്ട് സമാഹരിക്കാൻ അദ്ദേഹത്തിന് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

