മലപ്പുറത്ത് ആറുവരിപ്പാതയുടെ ഭാഗം ഇടിഞ്ഞു സർവീസ് റോഡിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം
text_fieldsവേങ്ങര (മലപ്പുറം): നിർമാണം പൂർത്തിയാകുന്ന ദേശീയപാതയിലെ കൂരിയാട് മേഖലയിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്ന് സർവിസ് റോഡിലേക്ക് വീണു. സർവിസ് റോഡിൽ കിലോമീറ്ററുകളോളം നീളത്തിൽ വലിയ വിള്ളലുണ്ടായി. ഇതിലൂടെ പോകുകയായിരുന്ന നാല് കാറുകൾ അപകടത്തിൽപെട്ടു.
കോഴിക്കോട് -തൃശൂര്‍ ദേശീയപാതയില്‍ കൊളപ്പുറത്തിനും കൂരിയാട് പാലത്തിനുമിടയിൽ തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. മൂന്ന് കിലോമീറ്ററിലധികം വയലിലൂടെ നിർമാണം നടക്കുന്ന ദേശീയപാതയുടെ ഒരു കിലോമീറ്ററിലധികം ഭാഗമാണ് തകർന്നത്. പാത തകർന്നതോടെ കിഴക്ക് വശത്തെ സർവിസ് റോഡും റോഡിനോട് ചേർന്ന വയലും വിണ്ട് തകർന്നു.
തിരൂരങ്ങാടിയിൽ നിന്ന് പോകുകയായിരുന്ന വിവാഹസംഘത്തിന്റെ വാഹനങ്ങളും എ.ആർ നഗർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കാവുങ്ങൽ ലിയാഖത്തലിയുടെ കാറുമാണ് അപകടത്തിൽ പെട്ടത്. കൊളപ്പുറം ഭാഗത്ത് നിന്ന് കക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന് മുന്നിൽ റോഡ് ഇടിയുന്നത് കണ്ടതോടെ പെട്ടെന്ന് നിർത്തുകയായിരുന്നെന്ന് ലിയാഖത്തലി പറഞ്ഞു. നിസാര പരിക്കേറ്റ മറ്റ് കാറുകളിലെ യാത്രക്കാരെ തിരൂരങ്ങാടിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വേങ്ങര പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരും നാട്ടുകാരും ചേർന്നാണ് വാഹനങ്ങൾ മാറ്റിയത്. ഒരു കാർ ഇപ്പോഴും അപകട സ്ഥലത്ത് കിടക്കുകയാണ്.
ആറ് മാസത്തോളം വെള്ളം കെട്ടിനിൽക്കുന്ന വയൽ പ്രദേശത്ത് മതിയായ അടിത്തറ കെട്ടാതെ 30 അടിയിലധികം ഉയരത്തിൽ കെട്ടിപ്പൊക്കിയ പാതയിലാണ് തകർച്ച. നാട്ടുകാർ നേരത്തെ അപകടഭീഷണി ചൂണ്ടിക്കാണിച്ചിരുന്നു. ലോക്ക് ചെയ്ത് പടുത്തുയർത്തിയ സിമന്റ് കട്ടകളിൽ വിള്ളൽ വീണത് നാട്ടുകാർ ശ്രദ്ധയിൽപെടുത്തിയെങ്കിലും വിള്ളലുകളിൽ സിമന്റിട്ട് കണ്ണിൽ പൊടിയിടുകയാണ് ചെയ്തതെന്ന് എ.ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് അബ്ദുൽ റഷീദ് പറഞ്ഞു.
അപകടം നടന്ന വയലിന് ഒരു കിലോമീറ്റർ അപ്പുറത്ത് മാസങ്ങൾക്ക് മുമ്പ് പാതയുടെ വശങ്ങൾ പത്തടിയിലധികം ഉയരത്തിൽ അടർന്ന് വീണിരുന്നു. പാത തകർന്നത് പരിശോധിക്കാൻ കൊച്ചിയിൽ നിന്ന് ദേശീയപാത പ്രൊജക്ട് ഡയറക്ടർ കൂരിയാട്ടെത്തി. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
പലയിടത്തും മണ്ണു നിറച്ചും മണ്ണു മാന്തിയും അതിവേഗം പൂർത്തിയാക്കുന്ന ആറുവരി ദേശീയ പാതയിൽ കാലവർഷം തുടങ്ങുന്നതോടെ ഇതുപോലെയുള്ള അപകടങ്ങൾ ആവർത്തിക്കുമെന്ന ഭീതിയിലാണ് ജനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

