കിളിയമണ്ണിൽ വീട്; മലപ്പുറം ഫുട്ബാളിന്റെ തറവാട്ടുമുറ്റം
text_fieldsമലപ്പുറം: കവാത്തുപറമ്പില്‍ ബ്രിട്ടീഷ് ബൂട്ടുകള്‍ തട്ടിക്കളിച്ച കാല്‍പ്പന്തിനെ മെരുക്കിയെടുത്ത മാപ്പിളമാരുടെ ആദ്യ ഫുട്ബാള്‍ ടീം പിറന്നൊരു തറവാടുണ്ട് മലപ്പുറത്ത്. പ്രമാണികുടുംബമായ കിളിയമണ്ണിലിന്റെ റബ്ബര്‍ എസ്റ്റേറ്റിന്റെ പേരില്‍നിന്നായിരുന്നു ജില്ലയിലെ ആദ്യ ഫുട്ബാള്‍ ക്ലബിന്റെ തുടക്കം. എം.ആര്.ഇ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട മൊയ്തു റബ്ബര്‍ എസ്റ്റേറ്റ് ടീം. ടീമിന് രൂപംനല്കിയത് കിളിയമണ്ണിൽ മൊയ്തുഹാജി. എം.ആര്.ഇ രൂപവത്കരിക്കുന്നതിന്റെ ആലോചനകളും ചര്‍ച്ചകളും ചില പരിശീലനങ്ങളും നടന്നതും കിളിയമണ്ണിലിന്റെ തറവാട്ടുമുറ്റത്ത്. അതൊരു കാലത്തിന്റെ ചരിത്രം കൂടിയാണ്. ഇപ്പോഴും മലപ്പുറം ഫുട്ബാളിന്റെ ചരിത്രവേരുകള്‍ തേടുന്നവര്‍ ആദ്യമെത്തുന്നതും ഈ തറവാട്ടുമുറ്റത്താണ്.
മലബാറിന്റെ ഇടവഴികളില്‍നിന്ന് ബ്രിട്ടീഷുകാരന്റെ പന്തുകളി കണ്ടുപഠിച്ചവരാണ് മലപ്പുറത്തുകാര്‍. പതിയെപ്പതിയെ കളിയും കളിനിയമങ്ങളും ഇന്നാട്ടുകാര്‍ക്ക് പരിചിതമായി. മുപ്പതുകളില്‍നിന്ന് അമ്പതുകളിലെത്തുമ്പോഴേക്കും സംഘടിതമായി കളിക്കാമെന്ന വീര്യവും മലപ്പുറത്തുകാര്ക്കുണ്ടായി. ആ വീര്യമുൾക്കൊണ്ട കിളിയമണ്ണില്‍ മൊയ്തുഹാജി എം.ആര്.ഇ ടീമിന് രൂപം നല്കി.
ടീമില്‍ പന്ത് തട്ടാനെത്തിയത് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പ്രമുഖരും. 1952ല്‍ ടീം കോഴിക്കോട് ജില്ല ചാമ്പ്യന്മാരായി. 53ല്‍ തൃശൂരില്‍ ചാക്കോള ട്രോഫിയില്‍ മുത്തമിട്ടു.
മലപ്പുറം കണ്ട മികച്ച ഫുട്ബാളറായ ടൈഗര്‍ അബൂബക്കറിന്റെ നേതൃത്വത്തില്‍ ട്രാവന്‍കൂര്‍ പൊലീസിനെ തോൽപിച്ചാണ് എം.ആര്.ഇ ചാക്കോള ട്രോഫി സ്വന്തമാക്കിയത്. ഇതോടെ എം.ആര്.ഇക്ക് മലബാര്‍ ഡിസ്ട്രിക്റ്റ് ഫുട്ബാള്‍ അസോസിയേഷനില്‍ അംഗത്വം ലഭിച്ചു. തൊട്ടടുത്ത വര്‍ഷവും കോഴിക്കോട് ജില്ല ചാമ്പ്യന്മാരായി.
കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടന്ന മലബാര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാമതെത്തി. ഇതേ കാലയളവില്‍ നടന്ന മിക്ക ടൂര്‍ണമെന്റുകളിലും എം.ആര്.ഇ മികച്ച പ്രകടനം പുറത്തെടുത്തു. മലപ്പുറത്തെ ഫുട്ബാള്‍ മാന്ത്രികരെന്നു വിശേഷിപ്പിച്ചിരുന്ന ആലിക്കുട്ടി, അബൂബക്കര്‍, അയമു, ഛോട്ടാ സൈതലവി, ഡിക്രൂസ്, കോപ്പിലാന്‍ ആലി, പെരിന്തല്‍മണ്ണ കുഞ്ഞിമൊയ്തീന്‍, ഒളിമ്പ്യന്‍ റഹ്മാന്, നൂര്‍ മുഹമ്മദ്, ഡേവിഡ്, ബാലന്, മാമൂട്ടി, മൂസ ചന്ദ്രന്, സി.ഡി. ജോസ്, പ്രഭു, ഖാദര്‍, അലി, ഹംസ, പുതുശ്ശേരി അബൂബക്കര്‍, കക്കാടന്‍ മുഹമ്മദ്, ഡി.എച്ച്. അബൂബക്കര്‍, കിളിയമണ്ണില്‍ മൊയ്തൂട്ടി എന്നിവരായിരുന്നു അംഗങ്ങള്‍.
1956-ലെ മെല്‍ബണ്‍ ഒളിമ്പിക്സില്‍ നാലാംസ്ഥാനം നേടിയ ഇന്ത്യന്‍ ടീമിന്റെ പ്രതിരോധക്കോട്ടയായിരുന്നു ഒളിമ്പ്യന്‍ റഹ്മാന്. സൈതലവി മദിരാശി സ്റ്റേറ്റിനായും സന്തോഷ് ട്രോഫിയിലും കളിച്ച ആദ്യ മലപ്പുറത്തുകാരനാണ്. ഡിക്രൂസ് 56ല്‍ ഡ്യൂറന്റ് കപ്പുയര്‍ത്തിയ എം.ആര്.സി ടീമംഗം. അമ്പതുകളില്‍ മികച്ച ടീമായി വളര്‍ന്നെങ്കിലും എം.ആര്.ഇക്ക് അധികം ആയുസ്സുണ്ടായില്ല. മികച്ച കളിക്കാരുടെ കൂടുമാറ്റവും ചിട്ടയായ മാനേജ്മെന്റുകളുടെ അഭാവവും എം.ആര്.ഇയുടെ ശ്വാസം നിലപ്പിച്ചു. മൊയ്തുഹാജിയും സഹോദരങ്ങളായ മുഹമ്മദുപ്പ, മൊയ്തുട്ടി എന്നിവരും ചേര്‍ന്ന് 53ല്‍ മലപ്പുറത്ത് അഖിലേന്ത്യ ലെവന്‍സ് ടൂര്‍ണമെന്റും നടത്തി. ജില്ലയുടെ ഫുട്ബാള്‍ ചരിത്രത്തിലെ പ്രഥമ അഖിലേന്ത്യ ലെവന്‍സ് ടൂര്‍ണമെന്റായിരുന്നു അത്. കേരളത്തിലെയും മദ്രാസ്, മധുര, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെയും പ്രമുഖ ടീമുകള്‍ പങ്കെടുത്തു. ഡിക്ലാസ് സായിപ്പിന്റെ നേതൃത്വത്തിലുള്ള ചാലഞ്ചേഴ്സ് തിരുവനന്തപുരമാണ് കപ്പ് നേടിയത്. ഒരു പരസ്യവും നല്‍കാതെ അക്കാലത്ത് നൂറുകണക്കിനാളുകള്‍ കളി കാണാനെത്തിയത് എം.ആര്.ഇയുടെ സംഘാടന വിജയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

