വ്യാജ നമ്പറിൽ ഗുഡ്സ് ഓട്ടോയുടെ കറക്കം; പൊലീസ് കൈ കാണിച്ചപ്പോൾ നിർത്താതെ‘ഓട്ടം’, ഒടുക്കം അറസ്റ്റ്...
text_fieldsഹാരിസ്, ഷാനവാസ്
മലപ്പുറം: വാഹന പരിശോധനക്കിടെ ട്രാഫിക് പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ വ്യാജ നമ്പറിൽ സഞ്ചരിച്ച ഗുഡ്സ് ഓട്ടോക്ക് ‘ലോക്കിട്ട്’ പൊലീസ്.വ്യാജ നമ്പറിൽ വാഹനം ഓടിച്ച ഡ്രൈവർ അങ്ങാടിപ്പുറം കടുങ്ങപുരം സ്വദേശി ഷാനവാസ് (48), വാഹനം ഉപയോഗിക്കുന്ന കൊളത്തൂർ സ്വദേശി മുഹമ്മദ് ഹാരിസ് (30) എന്നിവരെ ഞായറാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലേക്ക് വഴിവെച്ച സംഭവം നടന്നത് മൂന്നാഴ്ച മുമ്പാണ്. ഏപ്രിൽ 25ന് മലപ്പുറം മച്ചിങ്ങലിൽ വാഹന പരിശോധന നടത്തിയ മലപ്പുറം ട്രാഫിക് പൊലീസ് അതുവഴി കടന്നു വന്ന ഗുഡ്സ് ഓട്ടോക്ക് കൈ കാണിച്ചു. ഓട്ടോ വേഗത്തിൽ ഓടിച്ചു പോയി. പൊലീസ് വാഹനത്തിന്റെ ദൃശ്യം പകർത്തി ആർ.സി ഉടമയെ വിളിച്ചു. ആ നമ്പറിലുള്ള ഗുഡ്സ് ഓട്ടോ മലപ്പുറത്തല്ല പന്തല്ലൂരാണ് ഉള്ളതെന്നും പൊലീസ് പരിശോധന നടത്തുന്ന ഭാഗത്തേക്ക് പോയിട്ടില്ലെന്നുമായിരുന്നു മറുപടി.
യഥാർഥ ആർ.സി ഉടമ പന്തല്ലൂർ ആമക്കാട് സ്വദേശി മുസ്തഫ മലപ്പുറത്തെത്തി ട്രാഫിക് പൊലീസിന് രേഖകൾ കൈമാറി. കഴിഞ്ഞ ശനിയാഴ്ച ഗുഡ്സ് ഓട്ടോ മുണ്ടുപറമ്പ് ജങ്ഷനിൽനിന്ന് വീണ്ടും ട്രാഫിക് പൊലീസിന്റെ മുന്നിൽപെട്ടു. വാഹനം വീണ്ടും കടന്നുകളഞ്ഞു. ട്രാഫിക് പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഡ്രൈവർ ഷാനവാസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം ഉപയോഗിക്കുന്ന മുഹമ്മദ് ഹാരിസിനെയും വലയിലാക്കുന്നത്. യഥാർഥ ആർ.സി ഉടമയുടെ പരാതിയിൽ മലപ്പുറം പൊലീസ് കേസ് രജിസ്റ്റർ ചെയ്താണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ മുഹമ്മദ് ഹാരിസ് നേരത്തെ പന്തല്ലൂർ സ്വദേശി മുസ്തഫക്ക് വിൽപന ചെയ്ത വാഹനമാണ് യഥാർഥ നമ്പറിലുള്ള ഗുഡ്സ് ഓട്ടോ. ഇതേ നമ്പർ വീണ്ടും മറ്റൊരു വാഹനത്തിന് ഉപയോഗിച്ചു വരികയായിരുന്നു പ്രതികൾ. വാഹനം മോഷ്ടിച്ചതാണോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു. മലപ്പുറം ട്രാഫിക് എസ്.ഐ അബ്ദുൽ ലത്തീഫ്, ട്രാഫിക്ക് സി.പി.ഒമാരായ കെ. അബ്ദുൽ റഹീം, ഹൈദർ അലി, മിർഷാസ് കൊല്ലേരി, ഡ്രൈവർ സി.പി.ഒ സുരേഷ് വാരിയത്ത് എന്നിവരടങ്ങിയ സംഘമാണ് വാഹനം പിടികൂടിയത്.mala
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

