വൈലത്തൂർ ബംഗ്ലാംകുന്നിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തെ ചൊല്ലി സംഘർഷം; എട്ടുപേർ അറസ്റ്റിൽ
text_fieldsകൽപകഞ്ചേരി: വൈലത്തൂർ ബംഗ്ലാംകുന്നിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തെ ചൊല്ലി സംഘർഷം. എട്ട് മുസ്ലിം ലീഗ് പ്രവർത്തകരെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ബംഗ്ലാംകുന്നിൽ ഗ്ലോബൽ കെ.എം.സി.സി നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം അജ്ഞാതസംഘം തകർത്തിരുന്നു.
ഇതിന് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് ആരോപിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ ഞായറാഴ്ച വൈകീട്ട് സംഭവസ്ഥലത്ത് പ്രതിഷേധവുമായി എത്തി. തകർന്ന ബസ് കാത്തിരിപ്പുകേന്ദ്രം പ്രതിഷേധക്കാർ പുനഃസ്ഥാപിക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്.
പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. തുടർന്ന് പൊലീസ് ഇവരെ ലാത്തി വീശി വിരട്ടിയോടിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ടി. നിയാസ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് പറപ്പൂത്തടം, ജില്ല എം.എസ്.എഫ് സീനിയർ വൈസ് പ്രസിഡന്റ് ഹക്കീം തങ്ങൾ, ചെറിയമുണ്ടം പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വൈ. സൽമാൻ, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എ.സി. യാഫിഖ്, മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ഇർഷാദ് കുറുക്കോൾ, യൂനുസ് കാവുപ്പുര, ആസിഫ് ഇരിങ്ങാവൂർ എന്നിവരെയാണ് കൽപകഞ്ചേരി എസ്.ഐ എ.എം. യാസിറും സംഘവും അറസ്റ്റ് ചെയ്തത്. സംഘർഷത്തിൽ ആർ.ആർ.എഫ് ഉദ്യോഗസ്ഥനായ ഷെമീറിന് കൈക്ക് പരിക്കേറ്റു.
നേരത്തേ കെ.എം.സി.സി സ്ഥാപിച്ച ബസ് കാത്തിരിപ്പുകേന്ദ്രം ഇവിടെ നിലനിന്നിരുന്നു. പിന്നീട് റോഡ് നവീകരണ ഭാഗമായി ഇത് പൊളിച്ചുനീക്കി. തുടർന്ന് വീണ്ടും സ്ഥാപിച്ച ബസ് കാത്തിരിപ്പുകേന്ദ്രമാണ് തകർത്തത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത നടപടി അംഗീകരിക്കാനാകില്ലെന്നും ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കിയവരെയും അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകണമെന്നും കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു. താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടൻ, താനൂർ സി.ഐ ജീവൻ ജോർജ്, ജംഷദ്, സുരാഷ്, ഗ്രേഡ് എസ്.ഐ രാമദാസ്, മോഹൻദാസ്, ആർ.ആർ.എഫ്, സ്ട്രൈക്കിങ് ഫോഴ്സ് എന്നിവരടങ്ങുന്ന വലിയ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

