കാലവര്‍ഷം ശക്തം; 71 വീടുകള്‍ ഭാഗികമായി തകര്‍ന്നു
text_fieldsമലപ്പുറം: ജില്ലയില്‍ കാലവര്‍ഷം ശക്തമായി തുടരുന്നു. ചൊവ്വാഴ്ച വരെ ജില്ലയിലെ വിവിധ താലൂക്കുകളിലായി 71 വീടുകള്‍ ഭാഗികമായും കൊണ്ടോട്ടി താലൂക്കില്‍ ഒരുവീട് പൂര്‍ണമായും തകര്‍ന്നു. കാലവര്‍ഷക്കെടുതിയില്‍ തിരൂരങ്ങാടി താലൂക്കിലെ വള്ളിക്കുന്ന് വില്ലേജില്‍ ബാലാതിരുത്തിയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് വാകയില്‍ ഷിനോജിന്റെ മകന് ശ്രീരാഗ് (16) മരണപ്പെട്ടു. വിവിധ താലൂക്കുകളിലായി ഏഴുപേര്‍ക്ക് പരിക്കേറ്റു.
ഏറനാട് താലൂക്ക് പരിധിയില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന മലപ്പുറം വില്ലേജില്‍ കോട്ടക്കുന്ന് ഭാഗത്ത് മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് ആറ് കുടുംബങ്ങളിലെ 24 പേരെ മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സജ്ജീകരിച്ച ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. ക്യാമ്പില്‍ നിലവില്‍ ഒമ്പതുവീതം പുരുഷന്മാരും സ്ത്രീകളും ആറ് കുട്ടികളുമുണ്ട്. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് വെറ്റിലപ്പാറ വില്ലേജിലെ കരിമ്പ് പ്രദേശത്തുനിന്ന് ആറ് കുടുംബങ്ങളിലെ 21 പേരെ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
കെ.എസ്.ഇ.ബിക്ക് 5.94 കോടി നഷ്ടം
വ്യാപകമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണും മറ്റും കെ.എസ്.ഇ.ബിക്ക് ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി 5.94 കോടി രൂപയുടെ നഷ്ടം രേഖപ്പടുത്തി. തിരൂര്‍ സെക്ഷന്‍ കീഴിലാണ് ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്. തിരൂരില്‍ 3.35 കോടി രൂപയും മഞ്ചേരി പരിധിയില്‍ 1.61 കോടിയും നിലമ്പൂര്‍ മേഖലയില്‍ 97.8 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. മിക്കയിടത്തും മരങ്ങള്‍ വീണ് വിതരണ ലൈനുകളും പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്.
2666.76 ഹെക്ടര്‍ കൃഷി നാശം
മഴയില്‍ ജില്ലയില്‍ വ്യാപകമായി കൃഷി നാശം സംഭവിച്ചു. ജില്ലയില്‍ ഇതുവരെ 2666.76 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 9,44,09309 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. വിവിധ ഭാഗങ്ങളിലായി നെല്ല്, വാഴ, കിഴങ്ങ് വിളകള്‍ റബര്‍, കമുക്, തെങ്ങ്, കുരുമുളക്, വെറ്റില പച്ചക്കറികള്‍ എന്നീ വിളകള്‍ക്ക് നാശമുണ്ടായി. കാലവര്‍ഷം ഏറ്റവും കൂടുതല്‍ ബാധിച്ചത് വാഴ കര്‍ഷകരെയാണ്. 767 ഹെക്ടറില്‍ വാഴ കൃഷി നശിച്ചു.
നെല്ല് 25, കിഴങ്ങുവര്‍ഗങ്ങള്‍ 20, കമുക് 19.65, മരച്ചീനി 14.1, കുരുമുളക് 1.5, റബര്‍ 5.61, തെങ്ങ് 20.26, പച്ചക്കറി, വെറ്റില 2.10 ഹെക്ടറിലെ കൃഷികള്‍ നശിച്ചു.
പലയിടങ്ങളിലും വെള്ളക്കെട്ട്
കാളികാവ്, കൊണ്ടോട്ടി, മഞ്ചേരി, നിലമ്പൂര്‍ ബ്ലോക്കുകളില്‍ പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളകെട്ടുണ്ട്. ഇവിടെ ഹെക്ടര്‍ കണക്കിന് കൃഷി വെള്ളത്തിനടിയിലാണ്. മഴകുറഞ്ഞ് വെള്ളമിറങ്ങിയാല്‍ മാത്രമേ ഇവിടങ്ങളിലെ നാശ നഷ്ടം കൃത്യമായി കണക്കാക്കാന്‍ സാധിക്കൂ.
തിരൂരിൽ തകർന്നത് 17 വീടുകൾ
ജില്ലയില്‍ ഭാഗികമായി 71 വീടുകള്‍ തകര്‍ന്നത് താലൂക്ക് അടിസ്ഥാനത്തില്‍, തിരൂര്‍ - 17, കൊണ്ടോട്ടി - 24, തിരൂരങ്ങാടി -7, ഏറനാട് - 6, പൊന്നാനി-10, പെരിന്തല്‍മണ്ണ-5, നിലമ്പൂര്‍ - 2 എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്കുകള്‍. കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര വില്ലേജില്‍ കോണോത്തുംകുഴി പി.കെ. ഹൗസില്‍ ഹഫ്സ ഷംസുദ്ദീന്റെ വീട് പൂര്‍ണമായും തകര്‍ന്നു. വീടിന് മുകളില്‍ മരംവീണ് തിരൂര്‍ താലൂക്കിലെ നടുവത്തൊടിയില് രമണിയുടെ മകന് രഞ്ജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു.
കൊണ്ടോട്ടി താലൂക്കിലെ വാഴയൂര്‍ വില്ലേജില്‍ പതിനഞ്ചാം വാര്‍ഡിലെ മുണ്ടയാട് മീത്തല്‍ വീട്ടില്‍ പാറമ്മല്‍ ആയിഷയുടെ വീടിന് മുകളിലേക്ക് മരം വീണ് വീട്ടില്‍ ഉണ്ടായിരുന്ന സുഹറ ബീവിക്ക് പരിക്കേറ്റു. ഏറനാട് താലൂക്ക് കീഴുപറമ്പ് വില്ലേജില്‍ ഇടയ്ക്കല്‍ വീട്ടില്‍ തങ്ക, തിരൂര്‍ താലൂക്കില്‍ താനൂര്‍ വില്ലേജിലെ ഹുസൈന്, സഹദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവാഴ്ച ജില്ലയില്‍ ശരാശരി 24 മണിക്കൂറിനിടയില്‍ 79.32 എം.എം മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

