സ്നേഹത്തിൻ കൈപിടിച്ച്; ഫോസ്റ്റര്‍ കെയര്‍ സംഗമത്തിൽ 45 കുടുംബങ്ങൾ പങ്കെടുത്തു
text_fieldsഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം കുട്ടികളെ ഏറ്റെടുത്ത കുടുംബങ്ങളുടെ സംഗമം പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: മക്കളില്ലാതെ വിഷമം ഉള്ളിലൊതുക്കി കുട്ടികളുടെ സ്നേഹത്തിനും നിഷ്കളങ്കതക്കുമൊപ്പം കൈപിടിച്ച് നടക്കാൻ ആഗ്രഹിച്ച ഒരുകൂട്ടം അമ്മമാരുടെ സ്വപ്നം സഫലം. സംരക്ഷണകേന്ദ്രങ്ങളുടെ നാലുചുവരുകളിൽ മാത്രം ഒതുങ്ങിയിരുന്ന കുട്ടികളാകട്ടെ രക്ഷിതാക്കളുടെ സ്നേഹവും കരുതലും നേടിയ സന്തോഷത്തിലുമാണ്. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് നേതൃത്വത്തില്‍ സംഘടിപ്പിച്ച 'വാത്സല്യം' ഫോസ്റ്റര്‍ കെയര്‍ കുടുംബസംഗമമാണ് കുട്ടികളുടെയും അമ്മമാരുടെയും സ്നേഹസംഗമ നിമിഷങ്ങൾക്ക് വേദിയായത്.
രക്ഷിതാക്കള്‍ ഉപേക്ഷിച്ച കുട്ടികളെ ദമ്പതികള്‍ ഏറ്റെടുക്കുന്ന പദ്ധതിയാണ് ഫോസ്റ്റർ കെയര്‍. കുട്ടികളില്ലാത്തവർ, സ്വന്തം കുട്ടികൾക്കൊപ്പം വളർത്താൻ ദത്തെടുത്തവർ ഉൾപ്പെടെയുള്ളവർ അവരുടെ സന്തോഷവും ആശങ്കയും സംഗമത്തിൽ പങ്കുവെച്ചു. 2015ലാണ് പദ്ധതി ആരംഭിച്ചത്. നിലവില്‍ ജില്ലയില്‍ 45 കുടുംബങ്ങളാണ് കുട്ടികളെ ഏറ്റെടുത്തിട്ടുള്ളത്. 15 കുട്ടികളെ ബന്ധുക്കൾതന്നെയാണ് ഏറ്റെടുത്തത്. ബന്ധുക്കൾ ഏറ്റെടുത്താൽ കുട്ടിയുടെ ചെലവിന് സംസ്ഥാന സർക്കാർ 2000 രൂപ സാമ്പത്തിക സഹായം നൽകും.
ബാലനീതി നിയമം ഭേദഗതി പ്രകാരം ഫോസ്റ്റർ കെയർ പദ്ധതിയിൽ രണ്ടുവർഷം താൽക്കാലികമായി ദത്തെടുത്താൽ ആ കുട്ടിയെ സ്ഥിരമായി ദത്തെടുക്കാൻ അനുമതിയുണ്ട്. ഇതുവരെ അഞ്ചുവർഷം തുടർച്ചയായി ദത്തെടുക്കണമായിരുന്നു. 2015 മുതൽ ഏറ്റെടുത്ത കുട്ടികൾ വരെ സംഗമത്തിൽ പങ്കെടുത്തു. അഞ്ചുവർഷം പൂർത്തിയായ നാല് കുട്ടികളാണുള്ളത്. അതിൽ രണ്ട് കുട്ടികളെ സ്ഥിരമായി ദത്തെടുക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. രണ്ട് പേരുടേത് പരിഗണനയിലുമാണ്. ഇതുവരെ കുടുംബ കോടതിയാണ് ദത്ത് നൽകാൻ ഉത്തരവ് നൽകിയിരുന്നതെങ്കിൽ പുതിയ ഭേദഗതി പ്രകാരം ജില്ല മജിസ്ട്രേറ്റായ കലക്ടർക്കാണ് ചുമതല.
സംഗമത്തിനെത്തിയ കുട്ടികൾക്ക് പ്രത്യേക വിനോദപരിപാടി ശാന്തിതീരം പാർക്കിൽ സംഘടിപ്പിച്ചു. പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി അംഗം അഡ്വ. പി. ജാബിര്‍ അധ്യക്ഷത വഹിച്ചു. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഗീതാഞ്ജലി, മലപ്പുറം പ്രൊട്ടക്ഷൻ ഓഫിസര്‍ ഫസല്‍ പുള്ളാട്ട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

