29 റേഷന്‍കടകൾക്ക് വീണ്ടും പ്രവർത്തനാനുമതി
text_fieldsമലപ്പുറം: ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്. അനിലിന്റെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ 29 റേഷന്‍കടകള്‍ക്ക് ലൈസന്‍സ് പുനഃസ്ഥാപിച്ചു നല്കി. ആകെ 52 റേഷന്‍കടകളുടെ ലൈസന്‍സാണ് പലവിധ കാരണങ്ങളാല്‍ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നത്. 18 റേഷന്‍ കട ഉടമകള്‍ക്ക് മൂന്നുമാസം കൂടി സാവകാശം നല്‍കിയിട്ടുണ്ട്.
നാലുറേഷന് കടകളുടെ ലൈസന്‍സ് പൂർണമായും റദ്ദാക്കി. ഒരു റേഷന്‍ കട സംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഉത്തരവിന് അനുസരിച്ച് തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.
ആകെ 10,06,910 കാര്‍ഡുടമകൾ
ജില്ലയിൽ 1237 റേഷന്‍കടകളും 10,06,910 കാര്‍ഡുകളുമാണുള്ളത്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം 20,781 കാര്‍ഡുകള്‍ അനുവദിച്ചു. അനര്‍ഹമായി കൈവശംവെച്ചിരുന്ന 32,711 റേഷന്‍കാര്‍ഡുകള്‍ ജനങ്ങള്‍ തിരിച്ചേല്പിക്കുകയും ചെയ്തു. തെളിമ പദ്ധതി പ്രകാരം റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് 2579 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 1353 അപേക്ഷകളില്‍ നടപടികള്‍ സ്വീകരിച്ചു. റേഷന്‍കാര്‍ഡില്‍നിന്ന് ഒഴിവാക്കുന്നതിനായി ലഭിച്ച 496 അപേക്ഷകളില്‍ 269 എണ്ണം തീര്‍പ്പാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്സംയുക്ത പരിശോധന
ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഗോഡൗണുകളില്‍ എഫ്.സി.ഐ, സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തും. ഗോഡൗണുകള്‍, ഔട്ട്ലറ്റുകള്, റേഷന്‍ കടകള്‍ എന്നിവിടങ്ങളില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. റേഷന്‍വ്യാപാരികള്‍ ശ്രദ്ധയിൽപെടുത്തിയ കാര്യങ്ങള്‍ അനുഭാവപൂർവം പരിഗണിക്കുമെന്നും വ്യക്തമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ സിവില്‍ സപ്ലൈസ് കമീഷനര്‍ ഡോ. ഡി. സജിത്ബാബു അധ്യക്ഷത വഹിച്ചു.
ജില്ല കലക്ടര്‍ വി.ആര്. പ്രേംകുമാര്‍, ഉത്തരമേഖല റേഷനിങ് ഡെപ്യൂട്ടി കണ്ട്രോളര് കെ. മനോജ്കുമാര്‍, ജില്ല സപ്ലൈ ഓഫിസര്‍ ടി. ബഷീര്‍ എന്നിവർ സംസാരിച്ചു.
മാർച്ചോടെ എല്ലാവർക്കും സ്മാർട്ട് റേഷൻ കാർഡ് -മന്ത്രി
മലപ്പുറം: മാർച്ചോടെ എല്ലാ കാർഡ് ഉടമകൾക്കും സ്മാർട്ട് റേഷൻ കാർഡുകൾ ലഭ്യമാക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്. അനില്‍. ഇതിന്റെ വിതരണം പുരോഗമിക്കുകയാണ്. പൊതുവിതരണ രംഗത്ത് ഒരു വര്‍ഷത്തിനുള്ളില്‍ സമഗ്ര മാറ്റമുണ്ടാക്കുമെന്നും താല്‍ക്കാലികമായി റദ്ദാക്കിയ റേഷന്‍കടകള്‍ സംബന്ധിച്ച ഫയലുകള്‍ തീര്‍പ്പാക്കാൻ മലപ്പുറം കലക്ടറേറ്റില്‍ നടത്തിയ അദാലത്തിന് ശേഷം അദ്ദേഹം പറഞ്ഞു. സിവില്‍ സപ്ലൈസ് ഓഫിസുകളും റേഷന്‍ കടകളും കാലത്തിനൊത്ത് പരിഷ്കരിച്ചും റേഷന്‍ കാര്‍ഡുകള്‍ കുറ്റമറ്റതാക്കിയും ഏറ്റവും മെച്ചപ്പെട്ട സേവനം ലഭിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റാന്‍ നടപടികളാരംഭിച്ചിട്ടുണ്ട്. സിവില്‍ സപ്ലൈസ് ഓഫിസുകൾ ഫെബ്രുവരിയോടെ ഇ ഓഫിസ് സംവിധാനത്തിലേക്ക് മാറ്റുമെന്നും അനിൽ വ്യക്തമാക്കി.
പുതിയ സ്റ്റോക്ക് വരുന്നതോടെ 50 ശതമാനം വീതം പച്ചരിയും പുഴുക്കലരിയും റേഷന്‍ കടകളില്‍ ലഭ്യമാക്കും. മുന്‍ഗണന വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും അര്‍ഹരായവര്‍ക്കെല്ലാം ആനുകൂല്യം ഉറപ്പാക്കാനും റേഷന്‍വ്യാപാരികളും ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവര്‍ത്തിക്കണം.
സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ 1000 റേഷന്‍ കടകളുടെ മുഖച്ഛായ മാറ്റാൻ നടപടികള്‍ തുടങ്ങി. റേഷന്‍വ്യാപാരികള്‍ സര്‍ക്കാറിന്റെ ഭാഗമാണ്. അവരോട് ഉദ്യോഗസ്ഥര്‍ വൈരാഗ്യബുദ്ധിയോടെ പെരുമാറരുത്.
റേഷന്‍ കാര്‍ഡിനായി അക്ഷയ കേന്ദ്രങ്ങള്‍ അമിത ഫീസ് വാങ്ങുന്നതായുള്ള പരാതി പരിശോധിക്കും. റേഷന്‍ കടകളോടനുബന്ധിച്ച് തന്നെ ഒരു പഞ്ചായത്തില്‍ ഒന്നുവീതം സേവന കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

