പന്തല്ലൂരിൽ വീട് കുത്തിത്തുറന്ന് 21 പവൻ കവർന്നു
text_fieldsപാണ്ടിക്കാട്: വീടിന്റെ വാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 21 പവൻ സ്വർണാഭരണം കവർന്നു. പന്തല്ലൂർ കടമ്പോട് ജി.എൽ.പി സ്കൂളിന് സമീപം എസ്.എൻ സദനിലെ വി.കെ. ശ്രീധരന്റെ വീട്ടിൽനിന്നാണ് 24 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയത്. വ്യാഴാഴ്ച രാത്രി 12 മണിക്കും വെള്ളിയാഴ്ച രാവിലെ ഒമ്പതിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. മാലകളും കമ്മലുകളും വളകളുമാണ് മോഷണം പോയതെന്ന് പാണ്ടിക്കാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പത്ത് പവൻ മാല, ഏഴ് പവൻ വള, രണ്ട് പവൻ വരുന്ന രണ്ട് ജോഡി കമ്മൽ, അര പവൻ വീതംവരുന്ന നാല് മോതിരങ്ങൾ എന്നിവയാണ് അപഹരിച്ചത്. എന്നാൽ, മറ്റൊരു അലമാരയിൽ തുണിയിൽ കെട്ടിവെച്ചിരുന്ന ഒമ്പത് പവൻ സ്വർണാഭരണം മോഷ്ടാക്കളുടെ കണ്ണിൽ പെടാത്തതിനാൽ നഷ്ടപ്പെട്ടില്ല.
കുടുംബം മകളുടെ വീട്ടിലായിരുന്നു കുറച്ചു ദിവസമായി താമസം. വെള്ളിയാഴ്ച രാവിലെ ഉടമ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. മുകൾ നിലയിലെ വാതിലിന്റെ പവർ ബോൾട്ട് പൊട്ടിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്. മുകൾ നിലയിലേതുൾപ്പെടെ നാല് ബെഡ് റൂമിലെയും അലമാരകളിലെ മുഴുവൻ തുണികളും വാരിവലിച്ചിട്ട നിലയിലായിരുന്നു. താഴ്ഭാഗത്തുള്ള ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. പാണ്ടിക്കാട് സി.ഐ സി. പ്രകാശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, മലപ്പുറത്തു നിന്നുള്ള ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

