ഇവിടെ കാരുണ്യം പന്തുതട്ടുന്നു; സോക്കർ അക്കാദമിയിലെ കുരുന്നുകൾ സ്വരൂപിച്ചത് 1.40 ലക്ഷത്തിന്റെ ചികിത്സ സഹായം
text_fieldsഅരിമ്പ്ര സോക്കർ അക്കാദമി സ്വരൂപിച്ച തുക ചികിത്സ സഹായസമിതിക്ക് കൈമാറുന്നു
മൊറയൂർ: കായികക്ഷമതക്കൊപ്പം പുതുതലമുറക്ക് സാമൂഹികപ്രതിബദ്ധതയും പകർന്നുനൽകാൻ മൊറയൂരിലെ സോക്കർ പരിശീലനകേന്ദ്രം ഒരുക്കിയ പദ്ധതി ശ്രദ്ധേയമാകുന്നു. അനസ് എടത്തൊടിക ഉൾപ്പെടെയുള്ള താരങ്ങൾ പരിശീലനം നേടിയ അരിമ്പ്ര മിഷൻ സോക്കർ അക്കാദമിയിൽ നിലവിൽ പഠിക്കുന്ന കുട്ടികൾ വൃക്കരോഗികളുടെ ചികിത്സ സഹായത്തിനാണ് ഇപ്പോൾ പന്ത് തട്ടുന്നത്. പ്രദേശത്തെ മുൻ ഫുട്ബാൾ താരവും മികച്ച സംഘാടകനുമായിരുന്ന വൃക്കരോഗിയുടെ ചികിത്സക്ക് സ്വരൂപിച്ചത് 1.40 ലക്ഷം രൂപയാണ്.
2002 മുതൽ 2015 വരെ കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കൻഡറി കേന്ദ്രീകരിച്ചും തുടർന്ന് ഇതുവരെ അരിമ്പ്ര ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്ന അക്കാദമി ഓരോ വർഷവും നൂറിലധികം കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. അന്താരാഷ്ട്ര താരങ്ങൾ ഉൾപ്പെടെയുള്ളവരെ അക്കാദമി വാർത്തെടുത്തിട്ടുണ്ട്. പ്രതിഭകളായ കുട്ടികൾക്ക് തീർത്തും സൗജന്യമായാണ് പരിശീലനം.
നാട്ടുകാരുടെകൂടി സഹകരണത്തോടെയായിരുന്നു ചികിത്സസഹായത്തിനുള്ള തുക സമാഹരിച്ചത്. കുട്ടികളിൽ കരുണയും സഹജീവി സ്നേഹവും വളർത്തുന്ന നിരവധി പ്രവർത്തനങ്ങളാണ് അക്കാദമി നടത്തിവരുന്നത്. അരിമ്പ്ര സ്കൂൾ മൈതാനത്ത് ചടങ്ങിൽ അക്കാദമിയിലെ ഇളമുറ താരങ്ങളായ സി.കെ. റാസിനും എം. റിൻഷാദും ചേർന്ന് ചികിത്സസഹായ സമിതി ചെയർമാൻ എം.സി. മുഷ്താഖ് ബാബുവിനും കൺവീനർ ഹസൻ പറമ്പാടന് തുക കൈമാറി. മൊറയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലീൽ മുണ്ടക്കോടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ അസൈനാർ ബാബു, എ.പി. ഇബ്രാഹീം, ഇ. ആലിപ്പ, സൈക്കോ മൂസ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ പൂന്തല വീരാൻകുട്ടി ഹാജി, വി.പി. അബൂബക്കർ, സാമൂഹികപ്രവർത്തകർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സ്കൂൾ അധികൃതർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

