10 ആയുഷ് സ്ഥാപനങ്ങൾ എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക്
text_fieldsമലപ്പുറം: ജില്ലയിലെ 10 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ എൻ.എ.ബി.എച്ച് (നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്) നിലവാരത്തിലേക്ക് ഉയരുന്നു. ഓമാനൂർ, ചേന്നര, കൂരാട്, പോരൂർ എന്നീ ഹോമിയോപ്പതി സ്ഥാപനങ്ങളും എടപ്പറ്റ, കൊളത്തൂർ, ചാലിയപ്പുറം, ചന്തക്കുന്ന്, മാറഞ്ചേരി, താനൂർ എന്നീ ആയുർവേദ സ്ഥാപനങ്ങളിലുമാണ് എൻ.എ.ബി.എച്ച് നിലവാരം നടപ്പാക്കുന്നത്. സമൂഹത്തിലെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുകയും രോഗങ്ങൾ വരാതിരിക്കാനുള്ള പ്രാഥമിക പ്രതിരോധം ശക്തിപ്പെടുത്തുകയുമാണ് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലൂടെ ലക്ഷ്യമിടുന്നത്.
ആയുഷ് ചികിത്സ രീതികളിലൂടെ പ്രാഥമിക പ്രതിരോധത്തിനുള്ള സാധ്യതകൾ നടപ്പാക്കാൻ ആശാ വർക്കർമാർക്ക് പരിശീലന പരിപാടികളും സെന്ററിൽ നടപ്പാക്കുന്നുണ്ട്. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ നാഷനൽ ആയുഷ് മിഷനിലൂടെ കമ്യൂണിറ്റി ഹെൽത്ത് ഓഫിസർമാർക്ക് ലാപ്ടോപ്പ്, ആശാ വർക്കർമാർക്ക് ടാബ്, മൾട്ടിപർപ്പസ് വർക്കർ എന്നിവ നൽകി. ഇന്ത്യയിൽ ആകെ 12,500 ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളാണ് ആയുഷ് മന്ത്രാലയം സ്ഥാപിച്ചത്. ഇതിൽ നിലവിൽ കേരളത്തിലെ 520 ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സ്ഥാപനങ്ങളിൽ 150 സ്ഥാപനങ്ങളാണ് ഈ വർഷം എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

