Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 1:22 AM IST Updated On
date_range 20 Aug 2022 1:22 AM ISTനാളെ 250ഓളം കല്യാണം; കെങ്കേമമാക്കാൻ ദേവസ്വവും നഗരസഭയും പൊലീസും
text_fieldsbookmark_border
ഗുരുവായൂര്‍: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ മംഗല്യ നഗരമാകും. 250ഓളം വിവാഹങ്ങളാണ് ഞായറാഴ്ച ക്ഷേത്ര സന്നിധിയിൽ നടക്കുക. വിവാഹം ശീട്ടാക്കൽ ശനിയാഴ്ചയും തുടരും. 2017 ആഗസ്റ്റ് 27ന് നടന്ന 277 വിവാഹങ്ങങ്ങളാണ് ഗുരുവായൂരില നിലവിലെ റെക്കോഡ്. തിരക്ക് ക്രമീകരിച്ച് വിവാഹങ്ങൾ നടത്താനുള്ള തയാറെടുപ്പിലാണ് ദേവസ്വവും നഗരസഭയും പൊലീസും. ഒരേസമയം അഞ്ചു മണ്ഡപങ്ങളിൽ വിവാഹം നടക്കാൻ സൗകര്യമൊരുക്കുന്നുണ്ട്. ഇതിനായി രണ്ട് വിവാഹമണ്ഡപങ്ങൾ കൂടി താൽക്കാലികമായി ഒരുക്കിയിട്ടുണ്ട്. ഒരു വിവാഹ സംഘത്തോടൊപ്പം ഫോട്ടോഗ്രാഫർമാർക്കുപുറമെ 20 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. വിവാഹസംഘങ്ങൾക്ക് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ സൗകര്യമൊരുക്കും. മുഹൂർത്തമനുസരിച്ച് ഓരോ സംഘങ്ങളെയും മേൽപത്തൂർ ഓഡിറ്റോറിയം വഴി വിവാഹമണ്ഡപത്തിന് സമീപത്തേക്ക് കടത്തിവിടും. പാർക്കിങ്ങിന് കൂടുതൽ സൗകര്യമൊരുക്കാൻ നടപടിയെടുക്കുമെന്ന് നഗരസഭ അധ്യക്ഷൻ എം. കൃഷ്ണദാസ് പറഞ്ഞു. നിർമാണത്തിന്‍റെ അവസാന മിനുക്കുപണികൾ നടന്നുവരുന്ന ബഹുനില പാർക്കിങ് സമുച്ചയത്തിന്‍റെ താഴത്തെ നില പാർക്കിങ്ങിന് തുറന്നുകൊടുക്കുന്ന കാര്യം പരിശോധിക്കുന്നുണ്ട്. അഷ്ടമിരോഹിണി ദിവസത്തേക്കാൾ കൂടുതൽ പൊലീസിനെയാണ് ഗുരുവായൂരിൽ നിയോഗിക്കുക. നിലവിലുള്ള പൊലീസിനേക്കാൾ 75 പേരെ കൂടി അധികമായി ഡ്യൂട്ടിക്ക് നിയോഗിക്കും. അഷ്ടമിരോഹിണി നാളിൽ അഭൂതപൂർവമായ തിരക്കുണ്ടായിട്ടും അനിഷ്ട സംഭവങ്ങളൊന്നും കൂടാതെ എല്ലാം നിയന്ത്രണവിധേയമാക്കാൻ പൊലീസിന് കഴിഞ്ഞിരുന്നു. 20 പേരെ മാത്രമേ വിവാഹമണ്ഡപത്തിനടുത്തേക്ക് പ്രവേശിപ്പിക്കൂ എന്നതിനാൽ ഗുരുവായൂരിൽ തന്നെ വിവാഹ വിരുന്ന് നടത്താത്തവർ അത്യാവശ്യമുള്ളവരെ മാത്രം വിവാഹ സംഘത്തിൽ ഉൾപ്പെടുത്തി സഹകരിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. ഇത്രയും വിവാഹങ്ങൾ ഒന്നിച്ച് നടക്കുന്ന സാഹചര്യം പരിഗണിച്ച് വാഹനങ്ങളുടെ എണ്ണം കുറക്കാനും ശ്രമിക്കണം. ആവശ്യമെങ്കിൽ ഔട്ടർ റിങ് റോഡിലും ഞായറാഴ്ച ഉച്ചവരെ വൺവേ ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കും. ഇന്നർ റിങ് റോഡിലെ വൺവേ കർശനമായി പാലിക്കണം. പാർക്കിങ് സംബന്ധിച്ചുള്ള പൊലീസ് നിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് ടെംപിൾ സ്റ്റേഷൻ ഇൻസ്പെക്ടർ സി. പ്രേമാനന്ദകൃഷ്ണൻ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story