Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:46 AM IST Updated On
date_range 2 Feb 2022 5:46 AM ISTകരിപ്പൂർ: അന്താരാഷ്ട്ര പദവിക്ക് 16 വർഷം; ചിറകരിയാനൊരുങ്ങി കേന്ദ്രം
text_fieldsbookmark_border
കരിപ്പൂർ: മലബാറിലെ പ്രവാസികളുടെ സ്വപ്നസാക്ഷാത്കാരമായ കോഴിക്കോട് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചിട്ട് 16 വർഷം പൂർത്തിയാകുമ്പോഴും പറന്നുയരാൻ അനുവദിക്കാതെ കേന്ദ്ര സർക്കാർ. തുടക്കം മുതൽ വിവിധ പ്രതിസന്ധികൾ തരണംചെയ്ത് മുന്നോട്ടുപോയ കരിപ്പൂരിന് ഏറ്റവുമൊടുവിൽ നിലനിൽപുതന്നെ ഭീഷണിയിലായിരിക്കുകയാണ്. വിവിധ കാരണങ്ങൾ ഉന്നയിച്ച് മാറിമാറി വന്ന സർക്കാറുകൾ അവഗണിച്ച വിമാനത്താവളം മലബാറിന്‍റെയും ഇവിടെ നിന്നുള്ള ജനപ്രതിനിധികളുടെയും ശക്തമായ പിന്തുണയിലായിരുന്നു അതിജീവിച്ചത്. അവസാനം വ്യോമയാന മേഖലയിൽ കേട്ടുകേൾവിയില്ലാത്ത റൺവേ നീളം കുറക്കൽ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. സുരക്ഷ വിഷയങ്ങൾ ചൂണ്ടിക്കാട്ടി റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വർധിപ്പിക്കാനാണ് റൺവേ നീളം കുറക്കൽ. ആവശ്യമായ സ്ഥലം അതോറിറ്റി കൈവശമുണ്ടായിരിക്കെയാണ് തലതിരിഞ്ഞ വികസന പ്രവൃത്തികളുമായി അധികൃതർ മുന്നോട്ടുപോകുന്നത്. വിമാനത്താവളം യാഥാർഥ്യമായി 18 വർഷത്തിന് ശേഷം 2006 ഫെബ്രുവരി ഒന്നിനാണ് അന്താരാഷ്ട്ര പദവി ലഭിച്ചത്. വിവിധയിടങ്ങളിൽനിന്ന് ഉയർന്ന പ്രതിഷേധത്തെ തുടർന്നായിരുന്നു തീരുമാനം. യാത്രക്കാർ കുറവുള്ള മറ്റ് വിമാനത്താവളങ്ങൾക്ക് അന്താരാഷ്ട്ര പദവി നൽകിയിട്ടും കരിപ്പൂരിനെ തഴഞ്ഞത് വിവാദമായിരുന്നു. തുടർന്നാണ് കരിപ്പൂരിനെയും അന്താരാഷ്ട്ര പദവിയിലേക്ക് ഉയർത്താൻ യു.പി.എ സർക്കാർ നിർബന്ധിതമായത്. 1988 ഏപ്രിൽ 13ന് പ്രവർത്തനം ആരംഭിച്ച കരിപ്പൂരിന് മുന്നിൽ തുടക്കം മുതൽ വിവിധ പ്രതിസന്ധികളായിരുന്നു. വിദേശയാത്രക്കാരുണ്ടായിട്ടും തുടക്കത്തിൽ ആഭ്യന്തര സർവിസുകൾ മാത്രമായിരുന്നു. നാല് വർഷത്തിന് ശേഷമാണ് അന്താരാഷ്ട്ര സർവിസ് തുടങ്ങിയത്. പിന്നീട് റൺവേ വികസനം, രാത്രികാല സർവിസ്, വലിയ വിമാന സർവിസ്, പുതിയ ടെർമിനൽ തുടങ്ങി ഇവയെല്ലാം മറ്റ് വിമാനത്താവളങ്ങളിൽനിന്ന് വിഭിന്നമായി നിരവധി കടമ്പകൾ കടന്നതിന് ശേഷമാണ് കരിപ്പൂരിന് അനുവദിച്ചത്. 13 വർഷത്തോളം സുരക്ഷിതമായ സർവിസ് നടത്തിയ വലിയ വിമാനം 2015ൽ നിർത്തി. പിന്നീട് നിരന്തര സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. 2020ലെ വിമാനാപകട ശേഷം വീണ്ടും അധികൃതരുടെ പിടിവീണിരിക്കുകയാണ് കരിപ്പൂരിന് മുകളിൽ. ആദ്യം വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ അധികൃതർ ഇപ്പോൾ റൺവേ നീളം വെട്ടിക്കുറക്കാനുള്ള നടപടികളുമായാണ് രംഗത്തെത്തിയത്. സമാന അവസ്ഥയാണ് വിമാന സർവിസുകളുടെ കാര്യത്തിലും. മലബാറിൽനിന്ന് നിരവധി യാത്രക്കാരുള്ള സിംഗപ്പൂർ, മലേഷ്യ സെക്ടറുകളിൽ ഇപ്പോഴും കരിപ്പൂരിൽനിന്ന് സർവിസില്ല. കൂടുതൽ യാത്രക്കാരുണ്ടായിട്ടും ആഭ്യന്തര സർവിസുകൾ ആരംഭിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story