Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:46 AM IST Updated On
date_range 28 Feb 2022 5:46 AM ISTകരിപ്പൂർ വഴി തിരിച്ചെത്തിയത് 13 പേർ
text_fieldsbookmark_border
കരിപ്പൂർ: യുക്രെയ്നിൽ നിന്ന് ആദ്യദിനം കരിപ്പൂരിൽ എത്തിയത് 13 പേർ. ആദ്യ വിദ്യാർഥി സംഘം ഞായറാഴ്ച ഉച്ചയോടെയാണ് എത്തിയത്. മുംബൈയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ ഞായറാഴ്ച ഉച്ചക്ക് 1.30 ഓടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ സംഘത്തിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള നാല് പേരാണുണ്ടായിരുന്നത്. ഇവരെ സംസ്ഥാന സർക്കാർ പ്രതിനിധികളും ടെർമിനലിന് പുറത്ത് വീട്ടുകാരും വരവേറ്റു. വൈകീട്ട് 7.45ന് ഡൽഹിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ ഒമ്പത് പേർ കൂടി കരിപ്പൂർ വഴി തിരിച്ചെത്തി. ഇതോടെ ആകെ 13 പേരായി. വൈകീട്ടുള്ള വിമാനത്തിൽ മലപ്പുറം - നാല്, കോഴിക്കോട് - മൂന്ന്, ഓരോ കണ്ണൂർ, പാലക്കാട് ജില്ലക്കാരുമാണ് മടങ്ങിയെത്തിയത്. യുക്രെയ്ൻ ഉസ്റൂദ് ദേശീയ സർവകലാശാലയിലെ എം.ബി.ബി.എസ് വിദ്യാർഥികളാണ് ഇവരെല്ലാം. പരപ്പനങ്ങാടി പുത്തൻപീടികയിലെ ഫെബിന്‍റെ മകൾ സി.പി. സനം, കുറ്റിപ്പുറം മൂടാൽ സ്വദേശി സിദ്ദീഖ് പരപ്പാര - ലിജി ജാസ്മിൻ ദമ്പതികളുടെ മകൾ അമർ അലി, കോഴിച്ചെന പെരുമണ്ണയിലെ അബ്ദുൽ റഷീദിന്‍റെയും ഖദീജയുടെയും മകൾ ഫാത്തിമ ഖുലൂദ, കോട്ടക്കൽ കുറുകത്താണിയിലെ ഹംസയുടെയും ഫാത്തിമ സുഹ്‌റയുടെയും മകൾ തൻസീഹ സുൽത്താന എന്നിവരാണ് ഉച്ചയോടെ തിരിച്ചെത്തിയത്. യുക്രെയ്ൻ ചെർനിവ്‌സ്റ്റിയിലെ ബുക്കോവിനിയൻ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിലെ എം.ബി.ബി.എസ് വിദ്യാർഥികളാണ് നാലുപേരും. സനം മൂന്നാം വർഷ വിദ്യാർഥിനിയാണ്. വല്യുപ്പ കുഞ്ഞാലൻകുട്ടി, വല്യുമ്മ ജമീല, സഹോദരി കദീജ എന്നിവർ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തി. അവസാന വർഷ വിദ്യാർഥിയാണ് അമർ അലി. ഒരു വർഷം മുമ്പാണ് അവസാനം നാട്ടിൽ വന്നത്. കോഴ്‌സ് പൂർത്തിയാകാൻ രണ്ടുമാസം മാത്രം ബാക്കി നിൽക്കെയാണ് യുദ്ധം പെട്ടിപ്പുറപ്പെട്ടത്. ഫാത്തിമ ഖുലൂദ അഞ്ചാം വർഷ വിദ്യാർഥിയാണ്. പിതാവ് അബ്ദുറഷീദ് സൗദിയിലാണ്. മാതാവ് ഖദീജയും സഹോദരൻ നൗബിനുമാണ് വിമാനത്താവളത്തിലെത്തിയത്. നാലാംവർഷ വിദ്യാർഥിയാണ് തൻസീഹ സുൽത്താന. മാതാവ് ഫാത്തിമ സുഹ്‌റ, സഹോദരി തസ്‌നി, സഹോദരീ ഭർത്താവ് സൈഫുദ്ദീൻ എന്നിവരെത്തിയാണ് സ്വീകരിച്ചത്. യുക്രെയ്നിൽ നിന്നും സുസെവ അതിർത്തി വഴി റുമേനിയയുടെ തലസ്ഥാനമായ ബുക്കറസ്റ്റിൽ എത്തിയവരാണ് ഇവർ. തുടർന്ന് എയർഇന്ത്യ വിമാനത്തിലാണ് മുംബൈയിലെത്തിയത്. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ രാകേഷ്, കൊണ്ടോട്ടി തഹസിൽദാർ അബൂബക്കർ, ഡെപ്യൂട്ടി തഹസിൽദാർ രാജേഷ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരായ രാജേഷ്, സത്യനാരായണൻ, ഷിജിത്ത്, കരിപ്പൂർ ഇൻസ്പെക്ടർ ഷിബു, ഹെൽത്ത് സൂപ്പർവൈസർ റഊഫ്, നോർക്ക പ്രതിനിധി അജീഷ് എന്നിവർ സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിച്ച് കരിപ്പൂരിൽ സ്വീകരിക്കാനെത്തി. യുക്രെയ്നിൽ നിന്ന് ബസ് മുഖേന ഹംഗറിയിലെത്തി തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിന്ന് എയർഇന്ത്യ വിമാനത്തിലാണ് രണ്ടാം സംഘം ഡൽഹിയിലെത്തിയത്. മലപ്പുറം സ്വദേശികളായ ഷഹാന, ഫിസ നസ്റീൻ, ബാസിൽ അഹമ്മദ്, മുഹമ്മദ് അൽത്താഫ്, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് മിദ്ലാജ്, മുഹമ്മദ് ഷാദിൽ, അമർ ശങ്കർ പാതേരി, പാലക്കാട് സ്വദേശി സാന്ദ്ര തെക്കേപ്പാട്ട്, കണ്ണൂർ സ്വദേശി കെ.പി. മുഹമ്മദ് ഹാദി എന്നിവരാണ് രണ്ടാം വിമാനത്തിൽ തിരിച്ചെത്തിയത്. ഹംഗറി അതിർത്തിയോട് ചേർന്ന പ്രദേശമായതിനാൽ കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് വിദ്യാർഥികൾ പ്രതികരിച്ചു. കൂടുതൽ പ്രശ്നങ്ങളുള്ള ഭാഗത്തെ വിദ്യാർഥികളെ സംഘർഷം കുറഞ്ഞ ഹംഗറി, റൊമാനിയ അതിർത്തിക്ക് സമീപത്തെ ഹോസ്റ്റലുകളിലേക്ക് മാറ്റും. തുടർ ദിവസങ്ങളിലായി അവരെ നാട്ടിലെത്തിക്കാനാണ് സർക്കാർ നീക്കമെന്നും ഇവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story