Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണ്ണെണ്ണപന്തത്തിന്‍റെ...

മണ്ണെണ്ണപന്തത്തിന്‍റെ വെട്ടത്തിൽ നടന്ന്​ നീങ്ങിയ തക്ബീർ സംഘങ്ങൾ

text_fields
bookmark_border
എ.പി. ഉമ്മർ ഒറ്റപ്പാലം: പടിഞ്ഞാറെ മാനത്ത് ശവ്വാൽപിറ ദൃശ്യമായാൽ പള്ളികളിൽനിന്നുള്ള തക്ബീർ ധ്വനികൾ കേട്ടവർ പറഞ്ഞറിഞ്ഞ് പെരുന്നാൾ ആഘോഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. മണ്ണെണ്ണപന്തത്തിന്‍റെ വെട്ടത്തിൽ കുട്ടികളടങ്ങുന്ന സംഘം തക്ബീർ മുഴക്കി ഗ്രാമങ്ങളിലെ ഊടുവഴികളിൽ നടന്ന്​ നീങ്ങിയിരുന്ന ആ കാഴ്ചകൾ പെരുന്നാൾ വിളംബരം കൂടിയായിരുന്നു. അക്കാലത്തെ റമദാൻ വ്രതവും പെരുന്നാൾ വിശേഷങ്ങളും പങ്കുവെക്കുകയാണ് ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ അമ്പലപ്പാറയിലെ പാറക്കൽ പരീകുട്ടിക്ക എന്ന 87കാരൻ. പട്ടിണിക്കുമേൽ പട്ടിണിയുമായി നോറ്റുവീട്ടിയ മുപ്പത് നോമ്പുകൾ കഴിഞ്ഞെത്തുന്ന അക്കാലത്തെ പെരുന്നാളിന് തിളക്കമേറെയായിരുന്നു. വ്രതകാലത്ത് പോലും ഭക്ഷ്യമെനുവിൽ കഞ്ഞിയും കപ്പയും ആർഭാട വിഭവമായിരുന്ന കാലത്തെ പെരുന്നാൾ ദിനത്തിലാണ് ചോറുണ്ട് വയർ നിറക്കാൻ അവസരം ലഭിച്ചിരുന്നതെന്ന്​ അ​ദ്ദേഹം ഓർക്കുന്നു. ബിരിയാണി കേട്ടുകേൾവി പോലുമില്ലാതിരുന്ന കാലത്ത് നാല് ചക്രം കൈയിലുള്ളവർ നെയ്‌ച്ചോറോ തെങ്ങാച്ചോറോ ഉണ്ടാക്കി പെരുന്നാൾ കുശാലാക്കും. വീടുകളിൽ കോഴി വളർത്തുന്നവർക്ക് കോഴിക്കറിയുടെ രുചി നുണയാം. ബീഫ്, ചിക്കൻ സ്റ്റാളുകളില്ലാത്തതിനാൽ കാശുള്ളവർക്കും വാങ്ങാനാവില്ല. ആളൊഴിഞ്ഞ പറമ്പിലും മറ്റും രാത്രികാലങ്ങളിൽ പെരുന്നാൾ തലേന്ന് പോത്തിനെ അറുക്കും. ഇത് സൗജന്യ വിതരണത്തിനുള്ളതാണ്. പൂട്ടുകന്നുകളിൽ ഒന്നിനെ കശാപ്പിന് നൽകുന്നത്​ പതിവായിരുന്നു അക്കാലത്ത്. പള്ളിയും വീടും തമ്മിൽ നാലും അഞ്ചും കിലോമീറ്റർ ദൂരമുണ്ടാകും. പള്ളിയിൽനിന്നുള്ള ബാങ്കൊലിയോ തക്ബീർ ധ്വനികളോ അലയടിച്ചെത്താത്ത അകാലങ്ങളിലാവും വീടുകൾ. റമദാനിൽ നിത്യേനയുള്ള തറാവീഹ് നമസ്‍കാരത്തിൽ പങ്കെടുത്തിരുന്നത് എട്ടും പത്തും കിലോമീറ്റർ നടന്നായിരുന്നു. പെരുന്നാൾ നമസ്കാരത്തിനും വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരത്തിനും വേണം ഇതേ നടത്തം. കോറ മുണ്ടും കൈത്തറി തോർത്തും പൊതുവായ വസ്ത്രമായി കാണപ്പെട്ടിരുന്ന അക്കാലത്ത് കോടിവസ്ത്രം അണിയാനുള്ള അവസരവും പെരുന്നാളിനായിരുന്നു. ഒരു ജോഡി വസ്ത്രമെന്നത് ധാരാളിത്തിമായി കണ്ടിരുന്ന അക്കാലത്ത് മേൽക്കുപ്പായം സാധാരണമല്ല. പതിറ്റാണ്ടുകൾക്ക് ശേഷമാണ് പെരുന്നാൾ കോടിയിൽ മേൽക്കുപ്പായവും ഉൾപ്പെട്ടത്. നോമ്പ് അവസാനത്തെ പത്തിലേക്ക് പ്രവേശിക്കുന്നതോടെ നാട്ടിൻപുറങ്ങളിൽ വളക്കാരന്‍റെ നീട്ടിവിളികളുടെ ഈണമുയരും. വീടുകളിൽ ഒതുങ്ങിക്കഴിയുന്ന മുസ്​ലിം സ്ത്രീകളുടെ പെരുന്നാൾ കോള് ഇവരിൽനിന്നാണ്. കച്ചവടക്കാരൻ തുണി മാറാപ്പ് തുറക്കുന്നതോടെ അയൽക്കാർ ചുറ്റിലുമെത്തും. കലപില കൂട്ടുന്ന വർണങ്ങളുടെ വൈവിധ്യമുള്ള വളകൾക്കിടയിൽ കുപ്പിവളകളോടായിരിക്കും ഏറെ പ്രിയം. റിബൺ, ചാന്ത്, സിന്ദൂരം എന്നിവ വാങ്ങാനും അയൽക്കാരായ ഇതര മതസ്ഥരെത്തും. ചുറ്റിലുമെത്തുന്ന കുട്ടികൾക്കായി കളിക്കോപ്പുകളും വളക്കാരന്‍റെ മാറാപ്പിൽ കരുതിയിട്ടുണ്ടാകും. നട്ടുനച്ചുവളർത്തിയ വീട്ടുവളപ്പിലെ മൈലാഞ്ചിക്കൊമ്പൊടിച്ച് നീട്ടിവലിച്ചരച്ചിരുന്ന മൊഞ്ചത്തിമാരിൽ ജീവിച്ചിരിപ്പുള്ളവർ പ്രായാധിക്യത്തിന്‍റെ അവശതയിലാണ് ഇന്ന്. p3 pareekutty പരീക്കുട്ടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story