Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:47 AM IST Updated On
date_range 24 April 2022 5:47 AM ISTസ്കൂൾ വിദ്യാഭ്യാസ മേഖലയിൽ ഫിൻലൻഡുമായി കേരളം കൈകോർക്കുന്നു
text_fieldsbookmark_border
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിൽ ലോകത്തിലെ മികച്ച മാതൃകയായ ഫിൻലൻഡുമായി കേരളം കൈകോർക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ ഫിൻലൻഡ് സന്നദ്ധത അറിയിച്ചു. കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും നിലവിൽ സ്കൂൾ പാഠ്യപദ്ധതി കരിക്കുലം കമ്മിറ്റി അംഗവുമായ വേണുരാജാമണി മുഖ്യമന്ത്രിയുടെയും പൊതുവിദ്യാഭ്യാസ മന്ത്രിയുടെയും നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഫിൻലൻഡ് അംബാസഡർ റിത്വ കൗക്കു റോണ്ടേ, വിദ്യാഭ്യാസ പ്രതിനിധി മികാ ടിറോൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ആദ്യഘട്ടമായി രണ്ടാഴ്ചക്കകം കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് അധികൃതരുമായി ഫിൻലൻഡ് വിദ്യാഭ്യാസ പ്രതിനിധി മികാ ടിറോൻ ഓൺലൈനായി ചർച്ച നടത്തും. വിശദ ചർച്ചകൾക്കായി ഫിൻലൻഡ് അംബാസഡറും വിദ്യാഭ്യാസ പ്രതിനിധിയും ആഗസ്റ്റിൽ കേരളം സന്ദർശിച്ചേക്കും. ചർച്ചകളുടെ തുടക്കം എന്നനിലയിൽ വെബിനാർ സീരീസ് ആരംഭിക്കും. സ്കൂൾ പാഠ്യപദ്ധതി, അധ്യാപക ശാക്തീകരണം, നിരന്തര മൂല്യനിർണയം, സാങ്കേതിക വിദ്യയുടെ ഉപയോഗം തുടങ്ങി വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളിലായിരിക്കും വെബിനാറുകൾ സംഘടിപ്പിക്കുക. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം ആരംഭിച്ച പശ്ചാത്തലത്തിൽ കൂടിയാണ് ഫിൻലൻഡുമായുള്ള വിദ്യാഭ്യാസ സഹകരണത്തിന് കേരളം ശ്രമം തുടങ്ങിയത്. ചെറിയ കുട്ടികൾക്കുള്ള ഡേ കെയർ മുതലുള്ളതാണ് ഫിൻലൻഡിലെ സ്കൂൾ വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസം തുടങ്ങും മുമ്പ് ഒരു വർഷം പ്രീ സ്കൂൾ സംവിധാനവുമുണ്ട്. ഏഴ് മുതൽ 16 വയസ്സ് വരെ നീളുന്ന ഒമ്പത് വർഷത്തെ നിർബന്ധിത സ്കൂൾ വിദ്യാഭ്യാസവും തുടർന്ന് അക്കാദമികമോ തൊഴിലധിഷ്ഠിതമോ ആയ പോസ്റ്റ് സെക്കൻഡറി വിദ്യാഭ്യാസവും ഫിൻലൻഡ് മാതൃകയിൽ ഉൾപ്പെടുന്നു. യു.എൻ, മാനവ വികസന സൂചിക പ്രകാരം വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഫിൻലൻഡ്. അന്താരാഷ്ട്രതലത്തിൽ വിദ്യാർഥികളുടെ മികവ് വിലയിരുത്തുന്ന പ്രോഗ്രാം ഫോർ ഇൻറർനാഷനൽ സ്റ്റുഡൻറ് അസസ്മൻെറിൽ (പിസ ടെസ്റ്റ്) മിക്ക വിഷയങ്ങളിലും ഫിൻലൻഡ് ഒന്നാം സ്ഥാനത്താണ്. ഫിൻലൻഡ് മാതൃകയിൽനിന്ന് കേരളത്തിന് സ്വീകരിക്കാവുന്ന രീതികളെ സംബന്ധിച്ചായിരിക്കും വിദ്യാഭ്യാസ വകുപ്പ് പ്രധാനമായും പരിശോധിക്കുക. സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story