Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതാലൂക്ക് വികസന സമിതി:...

താലൂക്ക് വികസന സമിതി: ഐ.എൻ.എല്ലിന്‍റെ രണ്ട് പ്രതിനിധികൾ വന്നതിനെ ചൊല്ലി തർക്കം

text_fields
bookmark_border
താലൂക്ക് വികസന സമിതി: ഐ.എൻ.എല്ലിന്‍റെ രണ്ട് പ്രതിനിധികൾ വന്നതിനെച്ചൊല്ലി തർക്കം ചാവക്കാട്: താലൂക്ക് വികസന സമിതിയിൽ ഐ.എൻ.എല്ലിന്‍റെ രണ്ട് പ്രതിനിധികൾ എത്തിയതിനെച്ചൊല്ലി തർക്കം. ഒരാൾമാത്രം പങ്കെടുക്കേണ്ടതിന്​ പകരം മുൻ ജില്ല സെക്രട്ടറി പി.എം. നൗഷാദ്, ആർ.എച്ച്. സലീം എന്നിവരാണ് എത്തിയത്. ഇത്​ ചോദ്യംചെയ്ത് എൻ.സി.പിയിലെ എം.കെ. ഷംസുദ്ദീൻ എഴുന്നേറ്റതോടെയാണ് തർക്കവും ബഹളവുമുണ്ടായത്. കഴിഞ്ഞ താലൂക്ക് യോഗത്തിൽ നൗഷാദ് പങ്കെടുത്തിരുന്നു. പിന്നീട്​ ഐ.എൻ.എൽ പിളർന്നു. നൗഷാദ് വഹാബ് പക്ഷക്കാരനാണ്. നിയമസഭയിൽ അംഗമുള്ള ഐ.എൻ.എല്ലിന്‍റെ പ്രതിനിധി ആർ.എച്ച്. സലീമാണ്. അടുത്ത യോഗത്തിൽ സലീം മാത്രം പങ്കെടുത്താൽ മതിയെന്ന തീരുമാനം വന്നതോടെയാണ് ബഹളം അവസാനിച്ചത്. ആദ്യ യോഗത്തിൽ പങ്കെടുത്ത സലീം പരിസ്ഥിതി പ്രവർത്തകർക്കെതിരെ രൂക്ഷഭാഷയിലാണ് സംസാരിച്ചത്. താലൂക്ക് ഓഫിസ് പരിസരത്ത് പതിറ്റാണ്ടുകളായി തണൽ വിരിച്ച് നിൽക്കുന്ന ചീനിമരങ്ങൾ കെട്ടിട നിർമാണത്തിന്‍റെ ഭാഗമായി മുറിക്കുന്നതിനെതിരെ ചിപ്​കോ നേതൃത്വത്തിൽ ചീനിമര സമരം സംഘടിപ്പിച്ചിരുന്നു. ഇതിനെ ചൂണ്ടിക്കാണിച്ച് ചീനിമരം സംരക്ഷിക്കാൻ നടക്കുന്നവർ തീവ്രവാദികളാണെന്ന് സലീം ആരോപിച്ചു. ചീനിമരങ്ങൾ ഉടനെ മുറിച്ചുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചാവക്കാട് ആസ്ഥാനമായി ഒരു തീരദേശ ഫോറസ്റ്റ് സ്റ്റേഷൻ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് എൻ.സി.പിയിലെ എം.കെ. ഷംസുദ്ദീൻ ആവശ്യപ്പെട്ടു. പുന്നയൂർക്കുളം, പുന്നയൂർ, പാവറട്ടി പഞ്ചായത്തുകളും ചാവക്കാട്, ഗുരുവായൂർ നഗരസഭകളും ഉൾപ്പെടുന്ന പ്രദേശങ്ങളുടെ വനം സംരക്ഷണ ചുമതല നിലവിൽ എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന്​ കീഴിലാണ്. കടലാമ, കാറ്റാടി മരങ്ങൾ, കണ്ടൽക്കാട്, ആനക്കോട്ടയിലെ ആനകൾ എന്നിവയുടെ സംരക്ഷണം എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന്​ കീഴിലാണ്. എരുമപ്പെട്ടിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഇവിടെ എത്തിപ്പെടാൻ ഒരുപാട് അസൗകര്യമുള്ളതിനാൽ ശാശ്വത പരിഹാരം എന്ന നിലക്ക് ഫോറസ്റ്റ് സ്റ്റേഷൻ സ്ഥാപിക്കലാണെന്ന് ഷംസുദ്ദീൻ വിശദീകരിച്ചു. മണത്തല പ്രദേശത്ത് വർധിച്ചുവരുന്ന തെരുവുനായ്​ ശല്യം പരിഹരിക്കാൻ നടപടി വേണമെന്ന ആവശ്യവും ഉയർന്നു. സർക്കാർ ഓഫിസുകളിലെ മുൻവശത്ത് ഉപയോഗിക്കാതെ കിടക്കുന്ന കിണറുകൾ ഉപയോഗ യോഗ്യമാക്കണമെന്നും പാവറട്ടി സെന്‍റർ വികസനം എത്രയുംവേഗം പ്രാവർത്തികമാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. തഹസിൽദാർ എം. സന്ദീപ്, എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ്, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനി വേണു, ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സുശീല സോമൻ, വലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത്, എം.വി.ഐ സജീവ് കെ. വർമ, വിവിധ രാഷ്ടീയ കക്ഷി പ്രതിനിധികളായ ടി.വി. ഹരിദാസ്, തോമസ്​ ചിറമേൽ, ടി.പി. ഷാഹു എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story