Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലിക്കറ്റിലെ...

കാലിക്കറ്റിലെ കുടിവെള്ളവും വികസന പദ്ധതികളും: വി.സിയും സിന്‍ഡിക്കേറ്റംഗങ്ങളും മുഖ്യമന്ത്രിയെ കണ്ടു

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നഭ്യര്‍ഥിച്ച് വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റംഗങ്ങളും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുക്കുന്നതിന്‍റെ ഭാഗമായി സര്‍വകലാശാലയിലേക്കുള്ള പമ്പിങ് ലൈന്‍ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. കടലുണ്ടിപ്പുഴയിലെ പാറക്കടവ് പമ്പ് ഹൗസില്‍നിന്നുള്ള വെള്ളമെത്തിക്കാൻ ദേശീയപാതയിലെ തലപ്പാറ മുതല്‍ കാമ്പസ് വരെയുള്ള ഭാഗത്തെ പൈപ്പുകളാണ് മാറ്റേണ്ടത്. ഇതിനായി 8.06 കോടി രൂപയുടെ പദ്ധതി ജല അതോറിറ്റി തയാറാക്കിയിട്ടുണ്ട്. സ്ഥലമേറ്റെടുത്ത വകയില്‍ സര്‍വകലാശാലയുടെ പേരില്‍ നഷ്ടപരിഹാരമായി ലഭിച്ച തുകയില്‍നിന്നുള്ള വിഹിതം ഉപയോഗിച്ച് ദേശീയപാത വികസന പ്രവൃത്തി ചെയ്യുന്നവരെക്കൊണ്ട് ഇത് നടത്താനാണ് നിര്‍ദേശം. നഷ്ടപരിഹാര ഇനത്തില്‍ 95 കോടി രൂപയാണ് സര്‍വകലാശാലയുടെ പേരിലുള്ളത്. അക്കാദമിക്-അടിസ്ഥാന സൗകര്യ വികസനത്തിനായി 130 കോടി രൂപയുടെ പ്രോജക്ട് സര്‍വകലാശാല സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. പദ്ധതികളുടെ മുന്‍ഗണന നിശ്ചയിച്ച് നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യാൻ ഈ മാസം തന്നെ മുഖ്യമന്ത്രിയെ വീണ്ടും കാണുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. സര്‍വകലാശാല സ്റ്റേഡിയത്തിലെ പവിലിയനും ഫ്ലഡ്​ലൈറ്റും സജ്ജമാക്കുന്നതും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. 25 കോടി രൂപയുടേതാണ് പദ്ധതി. സര്‍വകലാശാല ബജറ്റിലും സംസ്ഥാന ബജറ്റിലും സര്‍വകലാശാല സ്റ്റേഡിയത്തിലെ അടിസ്ഥാനസൗകര്യ വികസനം പരാമര്‍ശിച്ചിട്ടുണ്ട്. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, അഡ്വ. ടോം കെ. തോമസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story