Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:46 AM IST Updated On
date_range 30 March 2022 5:46 AM ISTമൂന്നാറിലെ നിർമാണ നിയന്ത്രണം മേഖലയുടെ പ്രത്യേക സ്വഭാവം പരിഗണിച്ച്
text_fieldsbookmark_border
മൂന്നാറിലെ നിർമാണ നിയന്ത്രണം മേഖലയുടെ പ്രത്യേക സ്വഭാവം പരിഗണിച്ച് വിവേചനപരമല്ലെന്ന് കലക്ടർ ഷീബ ജോർജ് ഹൈകോടതിയിൽ കൊച്ചി: കേരള ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനൽകിയ ഭൂമിയിൽ വാണിജ്യ സ്വഭാവത്തിലുള്ള നിർമാണം അനുവദനീയമല്ലാത്തതിനാലാണ് മൂന്നാറിലെ എട്ട് വില്ലേജുകളിൽ നിർമാണങ്ങൾക്ക് എൻ.ഒ.സി നടപ്പാക്കിയതെന്ന് ഇടുക്കി ജില്ല കലക്ടർ ഹൈകോടതിയിൽ. ജില്ലയിലെ ഭൂരിഭാഗം ഭൂമിയും ഭൂപതിവ് ചട്ടപ്രകാരം നൽകിയതാണ്. മേഖലയുടെ പ്രത്യേക സ്വഭാവം പരിഗണിക്കുമ്പോൾ മൂന്നാറിലെ വില്ലേജുകളിൽ പട്ടയഭൂമിയുടെ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത് വിവേചനപരമല്ലെന്ന് കലക്ടർ ഷീബ ജോർജ് സത്യവാങ്മൂലത്തിൽ പറയുന്നു. എക്സിക്യൂട്ടിവ് ഉത്തരവിലൂടെ മൂന്നാറിലെ എട്ട് വില്ലേജുകളിൽ നിർമാണങ്ങൾക്ക് കലക്ടർ എൻ.ഒ.സി നടപ്പാക്കിയതിനെതിരെ അതിജീവന പോരാട്ട വേദി നൽകിയ ഹരജിയിലാണ് വിശദീകരണം. ഹരജി സമാനമായ മറ്റു ഹരജികൾക്കൊപ്പം പരിഗണിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മാറ്റി. മൂന്നാർ, ചിന്നക്കനാൽ, ശാന്തൻപാറ, വെള്ളത്തൂവൽ, പള്ളിവാസൽ, ആനവിരട്ടി, ബൈസൺവാലി, ആനവിലാസം വില്ലേജുകളിലാണ് നിയന്ത്രണം കൊണ്ടുവന്നത്. പതിച്ചുനൽകിയ ഭൂമി പട്ടയത്തിൽ പറയുന്ന ആവശ്യത്തിനല്ലാതെ ഉപയോഗിക്കാൻ നിയമപ്രകാരം സാധ്യമല്ല. ഹൈകോടതിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൻദേവൻ ഹിൽസ് അടക്കം സമീപ വില്ലേജുകളിൽ കൃഷിഭൂമി രൂപമാറ്റം വരുത്തുന്നതും പട്ടയഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും വ്യാപകമാണ്. പട്ടയഭൂമിയുടെ ദുരുപയോഗം തടയാൻ കലക്ടറും ആർ.ഡി.ഒയും പ്രതിജ്ഞാബദ്ധരാണ്. നിയന്ത്രണം ന്യായവും സംസ്ഥാനത്തിന്റെ താൽപര്യത്തിന് ഗുണകരവുമാണ്. ടൂറിസം, അനുബന്ധ ബിസിനസുകളുടെ കാര്യത്തിൽ ഈ വില്ലേജുകൾക്ക് ഒരുപോലെ പ്രാധാന്യമുണ്ട്. ഹൈകോടതിയുടെയും സർക്കാറിന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് സർക്കുലറുകൾ പുറപ്പെടുവിച്ചത്. ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നവർക്കും മൂന്നാറിലെ ഭൂമി കൈയേറിയവർക്കുമെതിരെ കർശന നടപടിയെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അനധികൃതമെന്ന് ആരോപണമുള്ള രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ 2022 ജനുവരി 18ന് സർക്കാർ ഉത്തരവിട്ടതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story