Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:42 AM IST Updated On
date_range 26 March 2022 5:43 AM ISTബ്ലാങ്ങാട് ബീച്ചിലെ കള്ളുഷാപ്പ് കെട്ടിടം പൊളിച്ചുമാറ്റാൻ നഗരസഭ
text_fieldsbookmark_border
ചാവക്കാട്: നിരന്തര സമരങ്ങൾക്കൊടുവിൽ ബ്ലാങ്ങാട് ബീച്ചിലെ പുറമ്പോക്ക് ഭൂമിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കള്ളുഷാപ്പ് കെട്ടിടം പൊളിച്ചുമാറ്റാൻ ചാവക്കാട് നഗരസഭ സെക്രട്ടറി ഉത്തരവിട്ടു. ഏഴ് ദിവസത്തിനകം കെട്ടിടം പൊളിച്ചുമാറ്റണമെന്നും വീഴ്ച വരുത്തിയാൽ നഗരസഭ തന്നെ കെട്ടിടം പൊളിച്ചു മാറ്റുമെന്നാണ് ഉത്തരവ്. മദ്യനിരോധന സമിതി, ഇൻകാസ്, പൗരാവകാശ വേദി എന്നീ സംഘടനകൾ ചേർന്ന് രൂപവത്കരിച്ച സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നിരന്തരം നടത്തിയ സമരപരിപാടികളും പ്രതിപക്ഷ കൗൺസിലർമാർ കൗൺസിലിനുള്ളിലും പുറത്തും നടത്തിയ സമരങ്ങളും ശക്തമായപ്പോഴാണ് നടപടി. സംയുക്ത സമര സമിതി പ്രവർത്തകനും ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറിയുമായ സി. സാദിഖ് അലി കെട്ടിടത്തിന്‍റെ നിയമസാധുതയെക്കുറിച്ച് കഴിഞ്ഞ ഡിസംബറിൽ വിവരാവകാശ നിയമ പ്രകാരം നഗരസഭയിൽ അപേക്ഷ നൽകിയതോടുകൂടിയാണ് ഇത് നിയമ വിരുദ്ധമായ കെട്ടിടമാണെന്ന് ജനങ്ങൾ അറിയുന്നത്. തുടർന്ന് തഹസിൽദാർക്ക് പരാതി നൽകുകയും തഹസിൽദാറുടെ നിർദേശ പ്രകാരം അന്വേഷണം നടത്തിയ മണത്തല വില്ലേജ് ഓഫിസർ പുറമ്പോക്ക് ഭൂമി കൈയേറി നിർമിച്ചതാണ് കള്ളുഷാപ്പെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. കൂടാതെ നഗരസഭയുടെ നമ്പറോ അനുമതിയോ കെട്ടിടത്തിനില്ലെന്നും ബോധ്യപ്പെട്ടു. ഇതേ തുടർന്ന് പുറമ്പോക്കിൽ അനധികൃതമായി നിർമിച്ച കെട്ടിടം പൊളിക്കാൻ നടപടിയെടുക്കണമെന്ന് തഹസിൽദാർ സെക്രട്ടറിക്ക് നോട്ടീസ് നൽകി. എന്നാൽ, നിയമ വിരുദ്ധമെന്ന് വ്യക്തമായിട്ടും കള്ളുഷാപ്പ് നടത്തിപ്പുകാരെ സംരക്ഷിക്കുന്ന നിലപാടാണ് നഗരസഭ സ്വീകരിച്ചത്. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി സമരസമിതി മുന്നോട്ട് വന്നു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കള്ളുഷാപ്പിലേക്ക് പ്രതിഷേധ മാർച്ച്, നഗരസഭ ഓഫിസിലിലേക്ക് മാർച്ച്, നഗരസഭക്ക് മുന്നിൽ ഉപവാസ സമരം എന്നിവയും നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിക്കലുമടക്കം വലിയ പ്രതിഷേധങ്ങളുണ്ടായി. ഇതോടെയാണ് വെള്ളിയാഴ്ച സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങിയത്. നഗരസഭ സെക്രട്ടറിയുടേത് അധികാര ദുർവിനിയോഗത്തിലൂടെ മദ്യലോബിക്ക് സംരക്ഷണമൊരുക്കുന്ന നയമെന്ന് സംയുക്ത സമര സമിതി നേതാക്കളായ തോമസ് ചിറമ്മൽ, സി. സാദിഖ് അലി, നൗഷാദ് തെക്കുംപുറം എന്നിവർ പറഞ്ഞു. നിയമവിരുദ്ധവും സാമൂഹികവിരുദ്ധവുമായ ഒരു പ്രവൃത്തിക്ക് അധികാര ദുർവിനിയോഗത്തിലൂടെ മദ്യലോബിക്ക് സംരക്ഷണമൊരുക്കുന്ന നയമാണ് നഗരസഭ അധികാരികൾ തുടക്കം മുതൽ ഈ വിഷയത്തിൽ സ്വീകരിച്ചത്. ശക്തമായ ജനവികാരത്തിനും സമര പരിപാടികൾക്കും മുന്നിൽ നഗരസഭക്ക് കീഴടങ്ങേണ്ടിവരുകയായിരുന്നെന്നും പൊതുസമൂഹത്തിനിത് ബോധ്യമായതായും നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story