Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:42 AM IST Updated On
date_range 16 March 2022 5:42 AM ISTകരിപ്പൂർ: സ്ഥലമേറ്റെടുക്കലുമായി മുന്നോട്ട് പോകാനാകുന്നില്ലെന്ന് സർക്കാർ
text_fieldsbookmark_border
മലപ്പുറം: കോഴിക്കോട് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് വിമാനത്താവള അതോറിറ്റിയിൽനിന്ന് പുതിയ നിർദേശങ്ങൾ വൈകുന്നതിനാൽ സ്ഥലമേറ്റെടുക്കലുമായി മുന്നോട്ട് പോകാൻ സാധിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ. അതോറിറ്റിയിൽനിന്ന് നടപടികൾ വൈകുന്നതിനാൽ സ്ഥലമേറ്റെടുക്കൽ നടപടികൾക്കായി രൂപവത്കരിച്ച സ്പെഷൽ ഡെപ്യൂട്ടി കലക്ടർ (എൽ.എ) കരിപ്പൂർ യൂനിറ്റിന്‍റെ തുടർച്ചാനുമതി ശിപാർശ ധനവകുപ്പിന് സമർപ്പിക്കാൻ സാധിച്ചിട്ടില്ലെന്നും റവന്യൂ മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു. സ്ഥലമെടുപ്പ് വകുപ്പിലെ ജീവനക്കാർക്ക് ആറ് മാസത്തിലേറെയായി ശമ്പളം ലഭിക്കുന്നില്ലെന്ന പി. നന്ദകുമാർ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിനാലാണ് ജീവനക്കാർക്ക് ശമ്പളം വൈകുന്നതെന്നും മന്ത്രി വ്യക്തമാക്കി. 12 ജീവനക്കാരുടെ തസ്തികയാണ് ഈ ഓഫിസിലുള്ളത്. ഭൂമിയേറ്റെടുക്കലിനായി നേരത്തേ ഉത്തരവുകൾ ഇറക്കിയെങ്കിലും വിവിധ കോണുകളിൽനിന്നുള്ള എതിർപ്പിന്‍റെ അടിസ്ഥാനത്തിൽ നടപടികളുമായി മുന്നോട്ട് പോകാൻ സാധിച്ചില്ല. കരിപ്പൂരിലെ എൽ.എ ഓഫിസ് കഴിഞ്ഞ മേയ് 31ഓടെ നിർത്തലാക്കിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് മരവിപ്പിക്കുകയായിരുന്നു. ഒക്ടോബർ 18ന് മന്ത്രി വി. അബ്ദുറഹ്മാന്‍റെ അധ്യക്ഷതയിൽ കരിപ്പൂരിൽ നടന്ന യോഗത്തിൽ റൺവേ വികസനം കൂടി ഉൾപ്പെടുത്തിയുള്ള ഭൂമി ഏറ്റെടുക്കലാണ് ആവശ്യമെന്ന് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് അതോറിറ്റിയിൽ പുതിയ നിർദേശങ്ങൾ വൈകുന്നുവെന്നാണ് പറയുന്നത്. 2016ൽ റൺവേ വികസനം, പുതിയ ടെർമിനൽ, പാരലൽ ടാക്സി വേ, ഏപ്രൺ എന്നിവക്കായി 485 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. 2020ൽ കാർ പാർക്കിങ് സൗകര്യങ്ങൾ വികസിപ്പിക്കാൻ 15.5 ഏക്കർ ഭൂമി ഏറ്റെടുക്കാനും സാമൂഹികാഘാത പഠനം നടത്താനും വിജ്ഞാപനം ഇറക്കി. എന്നാൽ, പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് നടപടികളുമായി മുന്നോട്ട് പോകാൻ സാധിച്ചില്ലെന്നും മറുപടിയിൽ പറയുന്നു. ടെർമിനൽ വികസനത്തിനായി 137 ഏക്കറും കാർ പാർക്കിങ്ങിനായി 15.25 ഏക്കറുമാണ് ഇപ്പോൾ അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പകരം റൺവേ വികസനം ഉൾപ്പെടുത്തിയുള്ള നിർദേശം സമർപ്പിക്കാനാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story