Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:47 AM IST Updated On
date_range 27 Feb 2022 5:47 AM ISTപെരിന്തൽമണ്ണ ലീഗിലെ തർക്കം രൂക്ഷമാകുന്നു; പുതിയ കമ്മിറ്റിക്ക് പുറമെ ബദൽ കമ്മിറ്റിയും
text_fieldsbookmark_border
പെരിന്തൽമണ്ണ: മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയിലെ വിഭാഗീയതയും തർക്കങ്ങളും തീർക്കാൻ ജില്ല കമ്മിറ്റി ഇടപട്ട് പുതിയ കമ്മിറ്റി രൂപവത്കരിച്ചെങ്കിലും ഒരു വിഭാഗം ബദൽ കമ്മിറ്റി രൂപവത്കരിച്ച് രംഗത്തെത്തി. നേരത്തേതന്നെ മണ്ഡലം കമ്മിറ്റിയും മുനിസിപ്പൽ കമ്മിറ്റിയും രണ്ട് തട്ടിലായതിനുപുറമെയാണ് നഗരസഭതലത്തിൽ ബദൽ കമ്മിറ്റി. ബാങ്ക് ഭരണസമിതിയിലെ തർക്കം അതിരുവിട്ടപ്പോൾ കൗൺസിലർമാരുടെ പൊതുയോഗം വിളിച്ച് ജില്ല കമ്മിറ്റി രണ്ടുദിവസം മുമ്പ് പുതിയ കമ്മിറ്റി രൂപവത്കരിച്ചതിനൊപ്പമാണ് ഇതിനെതിരെ സമാന്തര കമ്മിറ്റി രൂപമെടുത്തത്. നേത്തേ ഔദ്യോഗിക പക്ഷത്തായിരുന്ന ചിലരാണ് സമാന്തര കമ്മിറ്റി രൂപവത്കരിച്ച് പാർട്ടിക്കെതിരെ രംഗത്തുവന്നത്. ആകെയുള്ള 130ൽ 90ൽപരം ലീഗ് മുനിസിപ്പൽ കമ്മിറ്റി കൗൺസിലർ പങ്കെടുത്ത യോഗത്തിൽ ജില്ല സെക്രട്ടറി ഉമ്മർ അറക്കലിന്‍റെ നേതൃത്വത്തിലാണ് പുതിയ മുനിസിപ്പൽ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. മുഹമ്മദ് കോയ തങ്ങൾ പാതാക്കര (പ്രസി.), പടിഞ്ഞാറേതിൽ ബഷീർ (ജന. സെ.), കിഴിശേരി ബാപ്പു (ട്രഷ.), തെക്കത്ത് ഉസ്മാൻ, വീരാൻകുട്ടി, പറമ്പിൽ പീടിക മാനു (വൈ. പ്രസി.), പി.പി സക്കീർ, ഹുസൈൻ കല്ലെങ്ങാടൻ, കളത്തിൽ അൻവർ (സെക്ര.) എന്നിവരെയാണ് മുനിസിപ്പൽ ലീഗ് കൗൺസിൽ യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്. ഇതിന് ബദലായാണ് ജാഫർ തങ്ങൾ (പ്രസി.), സ്രാജുദ്ദീൻ മഠത്തിൽ (സെക്ര.), പട്ടുകുത്ത് കുഞ്ഞുമോൻ (ട്രഷ.) എന്നിവർ മുഖ്യഭാരവാഹികളായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തിരിക്കുന്നത്. വിമതയോഗം ചേരാൻ നേതൃത്വം നൽകിയ മൂന്ന് മുതിർന്ന അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ മണ്ഡലം, മുനിസിപ്പൽ ഭാരവാഹികൾ ജില്ല നേതൃത്വത്തിന് പരാതി നൽകി. മണ്ഡലം സെക്രട്ടറിയായിരുന്ന കൊളക്കാടൻ അസീസിനെ ഭാരവാഹിത്വത്തിൽനിന്ന് നീക്കുകയും പാർട്ടി തീരുമാനത്തിനെതിരെ നിലകൊണ്ട ബാങ്ക് ഡയറക്ടർമാരായ മീമ്പിടി ബഷീർ, മുഹമ്മദ് ഇർഷാദ് എന്നിവരെ സസ്പന്‍റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തിലാണ് പെരിന്തൽമണ്ണ ലീഗിൽ വലിയ തർക്കങ്ങളും പുറത്താക്കലും അരങ്ങേറിയത്. എം.എൽ.എമാർ പാർട്ടിയെ നിയന്ത്രിച്ചതും ഗ്രൂപ് വഴക്കിന് ആക്കംകൂട്ടി. മൂന്നുതവണ മത്സരിച്ചവരെ മാറ്റിനിർത്തിയപ്പോൾ, സ്വന്തമായി മത്സരിക്കാൻ ഒരുങ്ങിയ രണ്ടുപേരെ പാർട്ടി സസ്പെൻഡ് ചെയ്തു. ഇതിൽ പച്ചീരി ഫാറൂഖ് ഇരുമുന്നണികൾക്കുമെതിരെ മത്സരിച്ച് വിജയിക്കുകയും ചെയ്തു. അന്ന് ഒരേ വാർഡിൽ രണ്ട് വനിതകൾ ലീഗ് സ്ഥാനാർഥികളായപ്പോൾ രണ്ടുപേർക്കും മത്സരിക്കാൻ അനുമതി നൽകിയ വിചിത്ര തീരുമാനവും ജില്ല കമ്മിറ്റി കൈക്കൊണ്ടിരുന്നു. സ്ഥാനാർഥികൾക്ക് വേണ്ടി ഓരോ എം.എൽ.എമാർ പക്ഷം പിടിച്ചതോടെയായിരുന്നു ഇത്. box സഹകരണ ബാങ്കിലെ ഏതാനും താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടും പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സർവിസ് സഹകരണ ബാങ്കിലെ ഏതാനും താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ വെള്ളിയാഴ്ച നടന്ന ബോർഡ് യോഗത്തിൽ ഏകദേശ തീരുമാനം. താൽക്കാലിക നിയമനത്തിലെ നിയമപരമായ വശം ചൂണ്ടിക്കാട്ടി ബാങ്കിനെതിരെ നൽകിയ പരാതിയെ തുടർന്ന് ഏഴുപേരെ പിരിച്ചുവിടാനാണ് തീരുമാനിച്ചത്. എന്നാൽ, ചില തസ്തികകളിൽ ജീവനക്കാർ അനിവാര്യമാണെന്നും ചിലരെ നിലനിർത്തേണ്ടിവരുമെന്നും ബാങ്ക് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story