Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോർപറേഷൻ കൗൺസിലിൽ...

കോർപറേഷൻ കൗൺസിലിൽ വീണ്ടും കുടിവെള്ള തർക്കം

text_fields
bookmark_border
മേയറുടെ ചേംബറും പ്രവേശന കവാടവും നവീകരിച്ചത്​ അന്വേഷിക്കണമെന്ന്​ പ്രതിപക്ഷം തൃശൂർ: കോർപറേഷൻ കൗൺസിൽ യോഗത്തിൽ കുടിവെള്ള പ്രശ്നത്തെ ചൊല്ലി വീണ്ടും തർക്കവും പ്രതിഷേധവും. കുടിവെള്ളം കിട്ടാനില്ലെന്നും ചളിവെള്ളമാണ് ടാപ്പുകളിൽ വരുന്നതെന്നും ആരോപിച്ച് കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിലിറങ്ങി. ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഉടൻ ശരിയാകുമെന്ന മേയറുടെ മറുപടിയിൽ കൗൺസിൽ അംഗങ്ങൾ രോഷാകുലരായി. കഴിഞ്ഞ നിരവധി കൗൺസിലുകളിലായി ആവർത്തിക്കുന്ന മറുപടിയാണെന്നും നടപടിയുണ്ടാവുന്നില്ലെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. അമൃത് പദ്ധതിവഴി 300 കോടി ചെലവിട്ടതിൽ 70 ശതമാനവും കുടിവെള്ളത്തിനാണെന്നും എന്നിട്ടും ഫലമുണ്ടായില്ലെന്നും കണക്ക് ഹാജറാക്കണമെന്നും ബി.ജെ.പി നേതാവ് വിനോദ് പൊള്ളഞ്ചേരി ആവശ്യപ്പെട്ടു. ചളിനിറഞ്ഞ വെള്ളം കുപ്പിയിൽ നിറച്ച് എത്തിയ മുകേഷ് കുളംപറമ്പിലിനോട് ഇത്​ കാനയിൽ നിന്ന്​ മുക്കിയെടുത്തതാണോ എന്ന ചോദ്യം കൗൺസിൽ അംഗങ്ങളുടെ കടുത്ത വിമർശനത്തിനിടയാക്കി. കൂടെ വന്നാൽ ശേഖരിച്ച സ്ഥലം കാണിച്ചുതരാമെന്ന് മുകേഷ് വെല്ലുവിളിച്ചതോടെ ഭരണപക്ഷം വായടച്ചു. വിവിധ സ്ഥലങ്ങളിൽനിന്ന്​ ശേഖരിച്ച തെളിഞ്ഞ വെള്ളം നിറച്ച കുപ്പികളുമായി മേയർ വിശദീകരണം നൽകിയെങ്കിലും ആരും കാര്യമായി മുഖംകൊടുത്തില്ല. മാലിന്യം കലരാത്ത കുടിവെള്ളമാണ് മേശപ്പുറത്ത് വെച്ചിരിക്കുന്നതെന്നു പറയുന്ന മേയർ അത് ജനങ്ങൾക്കും കിട്ടാനുള്ള നടപടി സ്വീകരിക്കണമെന്ന് ജോൺ ഡാനിയൽ ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതികളുടെ പേരിൽ ധൂർത്താണ് നടക്കുന്നതെന്നു പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. വാട്ടർ എഫിഷ്യന്റ് പദ്ധതിയനുസരിച്ച് ഒരുമാസത്തിനകം കുടിവെള്ളം എല്ലായിടത്തും എത്തിക്കുമെന്നു പറഞ്ഞിട്ട് എന്തായെന്നും പ്രതിപക്ഷം പരിഹസിച്ചു. പദ്ധതികളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഫലമുണ്ടാകുമെന്നും മേയർ എം.കെ. വർഗീസ് അറിയിച്ചു. വിഷയത്തിൽ ബി.ജെ.പിയിലെ വി. ആതിര സംസാരിക്കാൻ ശ്രമിച്ചപ്പോൾ സി.പി.എമ്മിലെ വർഗീസ് കണ്ടംകുളത്തി എതിർത്തത് തർക്കത്തിനിടയാക്കി. ഇതോടെ ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. നഗരത്തിൽ പലയിടത്തും അനധികൃത നിർമാണം സജീവമാണെന്ന് ജയപ്രകാശ് പൂവത്തിങ്കൽ ആരോപിച്ചു. അനധികൃത നിർമാണം കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ പറഞ്ഞു. പൂങ്കുന്നം സീതാറാം മിൽ ലെയിനിൽ ഹൈമാസ്റ്റ് വിളക്കുകൾ കത്തുന്നില്ലെന്ന്​ എ.കെ. സുരേഷ് പരാതിപ്പെട്ടു. പോസ്റ്റ്​ഓഫിസ് റോഡിലെ വൺവേ സമ്പ്രദായം പുനഃപരിശോധിക്കണമെന്ന് ജോൺ ഡാനിയൽ ആവശ്യപ്പെട്ടു. മേയറുടെ ചേംബർ മോടിപിടിപ്പിക്കുന്നതിനും പ്രധാനകവാടത്തിന്റെ മോടി പിടിപ്പിക്കലിനുമായി ലക്ഷങ്ങൾ ചെലവിട്ടത് വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷി നേതാവ് രാജൻ ജെ. പല്ലന്റെ നേതൃത്വത്തിൽ പ്ലക്കാർഡുമായി മുദ്രാവാക്യം വിളിച്ച് മേയറെ വളഞ്ഞു. കൗൺസിൽ യോഗത്തിൽ 25ാം അജണ്ടയായി 19 ഫയലുകൾ പിൻവാതിലിലൂടെ കൊണ്ടുവന്ന് പാസാക്കിയെടുക്കാനായിരുന്നു ശ്രമമെന്നും ഇത് പരാജയപ്പെടുത്തിയെന്നും രാജൻ പല്ലൻ പറഞ്ഞു. ------------------- *കുടിവെള്ള പ്രശ്നത്തിൽ രണ്ടു ദിവസത്തിനകം നടപടി -മേയർ കുടിവെള്ള പ്രശ്നത്തിൽ രണ്ടു ദിവസത്തിനകം പരിഹാരമുണ്ടാകുമെന്ന് മേയർ എം.കെ. വർഗീസ് കൗൺസിലിനെ അറിയിച്ചു. പൂങ്കുന്നത്ത് പരിശോധന നടത്തിയപ്പോൾ വാൽവിലെ തകരാർ കണ്ടെത്തിയെന്നും പരിഹരിച്ചെന്നും വിശദീകരിച്ചു. ദിവാൻജിമൂലയിലും തേക്കിൻകാട് ഭാഗത്തും വാൽവുകളുടെ പരിശോധന തുടരുകയാണ്. മൂന്നു വാൽവുകൾ കേടുപാടു തീർത്തു. അരണാട്ടുകര, പൂങ്കുന്നം ഭാഗത്ത് ഇടതടവില്ലാതെ വെള്ളം നൽകാനാകും. രണ്ടു ദിവസത്തിനകം പൂർണ പരിഹാരമുണ്ടാകും. വേനൽക്കാലത്ത് മുമ്പ്​ കോടികൾ ചെലവിട്ടാണ് ലോറിവെള്ളം നൽകിയിരുന്നതെന്നും അതു തുടരുമെന്നും മേയർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story