Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:43 AM IST Updated On
date_range 12 Feb 2022 5:43 AM ISTമോഷണശ്രമം ചെറുത്താൽ കുത്തിവീഴ്ത്തും; രാജേന്ദ്രൻ കൊടും ക്രിമിനൽ
text_fieldsbookmark_border
തിരുവനന്തപുരം: അമ്പലംമുക്കിലെ ചെടി വില്‍പന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രന്‍ കൊടും കുറ്റവാളിയെന്ന് പൊലീസ്. 2014ല്‍ തമിഴ്നാട്ടിൽ അരൽവായ്മൊഴി സ്റ്റേഷന്‍ പരിധിയില്‍ കസ്റ്റംസ് ഓഫിസറെയും ഭാര്യയെയും പട്ടാപ്പകൽ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിൽ പ്രതിയാണ്. കന്യാകുമാരി പൊലീസ് സ്റ്റേഷനില്‍ രണ്ടെണ്ണം ഉള്‍പ്പെടെ നാല് കൊലപാതകക്കേസുകൾ നിലവിലുണ്ട്. തമിഴ്നാട്ടിലെ അമ്പത്തൂര്‍, തൂത്തുക്കുടി, തിരുപ്പൂര്‍ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, മോഷണം, അടിപിടിക്കേസുകളിലും പ്രതിയാണ്. തമിഴ്നാട്ടില്‍ ഗുണ്ടാ ലിസ്റ്റിലുമുണ്ട്. കൊലക്കേസുകളിൽ തമിഴ്നാട്ടിൽ വിചാരണ നടക്കവെയാണ് പണമുണ്ടാക്കാൻ ഇയാൾ തലസ്ഥാനത്തെത്തിയത്. അരയിൽ സ്ഥിരം കത്തിയുമായി നടക്കുന്ന ഇയാളുടെ പ്രധാന വിനോദം മാല മോഷണമാണ്. മോഷണശ്രമം ചെറുക്കുന്നവരുടെ കഴുത്തിൽ കത്തി കുത്തിയിറക്കി രക്ഷപ്പെടുകയാണ് പതിവെന്ന് പൊലീസ് പറയുന്നു. കൊലപാതകം നടന്ന ഞായറാഴ്ചയും മോഷണലക്ഷ്യത്തോടെയാണ് ഇയാൾ ചായക്കടയിൽ അവധി പറഞ്ഞിറങ്ങിയത്. അമ്പലംമുക്ക് ജങ്ഷനിൽ മറ്റൊരു സ്ത്രീയെ രാജേന്ദ്രൻ കണ്ടിരുന്നു. 20 മിനിറ്റോളം ഇവരുടെ പിറകെ പോയെങ്കിലും ആളുകളുടെ സാന്നിധ്യം വിലങ്ങുതടിയായി. ഇതിനിടയിലാണ് ചെടി വില്‍പന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കാണുന്നത്. മൂന്നു തവണ പരിസരം നിരീക്ഷിച്ച ശേഷം ആളില്ലെന്ന് ഉറപ്പാക്കിയാണ് സ്ഥാപനത്തിനകത്തേക്ക് കടന്നത്. വിനീതക്ക് മുന്നിലെത്തിയ ഇയാൾ പൂച്ചട്ടി വേണമെന്നാവശ്യപ്പെട്ടു. എന്നാൽ, ഏത് തരം ചട്ടിയാണെന്ന് വേണ്ടതെന്ന് ചോദിച്ചതോടെ പരുങ്ങലിലായി. തുടർന്ന്, വിനീതയുടെ കഴുത്തിൽ കടന്നുപിടിക്കുകയും ബഹളം വെക്കാൻ ശ്രമിച്ചതോടെ കത്തിയെടുത്ത് കുത്തുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story