Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗോത്രവര്‍ഗ മേഖല...

ഗോത്രവര്‍ഗ മേഖല വികസനത്തിന് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നു

text_fields
bookmark_border
ജില്ല ആസൂത്രണ സമിതി യോഗം മലപ്പുറം: 14ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ഗോത്രവര്‍ഗമേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ തീരുമാനം. പദ്ധതി തയാറാക്കുന്നതിന് മുന്നോടിയായി ജില്ലക്കകത്തും പുറത്തുമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കിയ മാതൃക പദ്ധതികള്‍ ഏകീകരിച്ച് സമാനരീതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല പ്ലാനിങ് ഓഫിസറെ ചുമതലപ്പെടുത്തി. ഗോത്രവര്‍ഗ മേഖലകളില്‍ മികച്ച പദ്ധതികള്‍ ആവിഷ്‌കരിച്ച് വിജയകരമായി നടപ്പാക്കിയ പഞ്ചായത്തുകളിലെ പ്രസിഡൻറുമാര്‍, സെക്രട്ടറിമാര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം വിളിക്കാനും തുടര്‍പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ഏറ്റെടുക്കാനും ജില്ല ആസൂത്രണ സമിതി യോഗത്തിൽ ജില്ല കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ നിര്‍ദേശം നല്‍കി. ഗോത്രവര്‍ഗ വിഭാഗക്കാരുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം കൈവരിക്കാന്‍ 14ാം പഞ്ചവത്സര പദ്ധതിയില്‍ മികച്ച പദ്ധതികള്‍ ഏറ്റെടുത്ത് നടത്തണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. പദ്ധതികള്‍ ആവിഷ്‌കരിക്കും മുമ്പ് ഗോത്രവര്‍ഗമേഖലയില്‍ ഊരുകൂട്ടം രണ്ടു തവണ കൂടണമെന്നും പട്ടികവര്‍ഗവിഭാഗക്കാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് അത്യാവശ്യമായി നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ജില്ല കലക്ടര്‍ പ്രേംകുമാര്‍ നിര്‍ദേശിച്ചു. വയനാട്, ഇടുക്കി ജില്ലകളിലെ ഗോത്രവര്‍ഗ മേഖലയില്‍ നടപ്പാക്കിയ മാതൃക പദ്ധതികള്‍ പ്രത്യേകമായി പരിഗണിക്കണം. സ്കൂള്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ പഞ്ചായത്ത് തലത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും കുട്ടികളെ സ്കൂളുകളിലേക്ക് എത്തിക്കാന്‍ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും ജില്ല കലക്ടര്‍ അഭിപ്രായപ്പെട്ടു. ആദിവാസി ഊരുകളില്‍ നവജാത ശിശുക്കളുടെയും അമ്മമാരുടെയും മരണം ഇല്ലാതാക്കാന്‍ ഗര്‍ഭിണികള്‍ക്ക് ഏഴു മാസമാകുന്നത് മുതല്‍ പ്രസവം വരെയുള്ള കാലയളവില്‍ അവരെ സര്‍ക്കാര്‍ ആശുപത്രികളില്‍ താമസിപ്പിച്ച് ചികിത്സ നല്‍കണമെന്നും മൂന്ന് ആഴ്ച കഴിഞ്ഞ് മാത്രമേ കോളനിയിലേക്ക് തിരിച്ചുവിടാവൂ എന്നും സബ് കലക്ടര്‍ ശ്രീധന്യ സുരേഷ് നിര്‍ദേശിച്ചു. വാസയോഗ്യമായ വീട്, സഞ്ചാരയോഗ്യമായ സംവിധാനങ്ങള്‍ ഇല്ലാത്ത ഉള്‍ക്കാടുകളിലെ കോളനികളിലേക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ കോണ്‍ക്രീറ്റ് റോഡുകള്‍, മഴവെള്ളം സംഭരിച്ച് ചെലവ് കുറഞ്ഞ രീതിയില്‍ വീടുകളിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള സൗകര്യങ്ങള്‍, മികച്ച കായിക താരങ്ങളെ വളര്‍ത്തിയെടുക്കല്‍, ഗോത്രവര്‍ഗ മേഖലയില്‍ ജില്ലതല കായിക പരിശീലന കേന്ദ്രം എന്നിവ പ്രധാന പരിഗണന വിഷയങ്ങളാണെന്ന് കില ഫാക്കല്‍റ്റി പറഞ്ഞു. പുഞ്ചക്കൊല്ലി, ചോലാറ, നെടുങ്കയം തുടങ്ങിയ കോളനികളിലേക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായാല്‍ ഇ-സഞ്ജീവനി പദ്ധതി വിപുലീകരിക്കാമെന്ന് ഡി.എം.ഒ പറഞ്ഞു. ഇതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് ജില്ല കലക്ടര്‍ നിര്‍ദേശിച്ചു. നിലമ്പൂരില്‍ ഗോത്രവര്‍ഗവിഭാഗക്കാര്‍ക്കായി ഹെല്‍ത്ത് ക്ലബ് തുടങ്ങുന്നത് പരിഗണനയിലുണ്ടെന്നും വന വിഭവങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കുന്നുണ്ടെന്നും എക്സൈസ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ജില്ല പ്ലാനിങ് ഓഫിസര്‍ പി.എ. ഫാത്തിമ, ചാലിയാര്‍, ചുങ്കത്തറ, വഴിക്കടവ്, പോത്തുകല്ല്, മമ്പാട്, കരുളായി പഞ്ചായത്ത് പ്രതിനിധികള്‍, ജില്ല ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story