Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTനിലംപൊത്താറായ കുടിലില്‍ ഭീതിയോടെ പാര്‍വതി ചോദിക്കുന്നു എന്നാണ് അധികൃതരുടെ കനിവുണ്ടാവുക
text_fieldsbookmark_border
പുളിക്കല്‍: അധികൃതരോട് ഇനിയെങ്കിലും കണ്ണ് തുറക്കാന്‍ പറയുകയാണ് ഈ നിരാലംബ വിധവ. പുളിക്കല്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ഒളവട്ടൂര്‍ കൊരണ്ടിപറമ്പിലാണ് അത്തിക്കല്‍ പാര്‍വതി അധികൃതരുടെ അവഗണനപേറി ജീവിതം കഴിച്ചുകൂട്ടുന്നത്. നല്ലൊരു കാറ്റും മഴയും ഒരുമിച്ചെത്തിയാല്‍ ഏതുനിമിഷവും നിലംപൊത്തുന്ന ഷീറ്റ് കൊണ്ട് മേഞ്ഞ, ചുറ്റും കാട് പിടിച്ചുകിടക്കുന്ന ഒറ്റമുറി കുടിലില്‍ വേവലാതികളോടെയാണ് ഈ 64കാരി കഴിയുന്നത്. കാര്‍മേഘം ഉരുണ്ടുകൂടിയാല്‍ പാര്‍വതിക്ക് ഉള്ളില്‍ തീയുയരും. പക്ഷേ, ആരോട് സങ്കടം പറയാന്‍. ഇപ്പം ശരിയാക്കാം എന്ന സ്ഥിരം മറുപടി മാത്രമാണ് അധികൃതരില്‍നിന്ന് ലഭിക്കാറെന്ന് ഇവർ സങ്കടത്തോടെ പറയുന്നു. ഇവരെയും പെണ്‍കുഞ്ഞിനേയും ഉപേക്ഷിച്ച് 40 വര്‍ഷം മുമ്പ് ഭര്‍ത്താവ് കടന്നുകളഞ്ഞതാണ്. മകളെ നാട്ടുകാരും ബന്ധുക്കളും എല്ലാം ചേര്‍ന്ന് മുണ്ടുമുഴിയിലെ വികലാംഗന്‍ ആയ യുവാവിന് വിവാഹം കഴിച്ചുകൊടുത്തു. ഇദ്ദേഹത്തിനും ഭാരിച്ച കുടുംബബാധ്യതകള്‍ ഉള്ളതിനാല്‍ ഇവരെ സഹായിക്കാന്‍ പരിമിതികളുണ്ട്. കുടുംബസ്വത്തായി കിട്ടിയ കുന്നിന്‍ മുകളിലെ 10 സൻെറ് സ്ഥലത്താണ് പാര്‍വതിയുടെ കുടില്‍. ചുറ്റും കാടും എത്തിപ്പെടാന്‍ ഒരു വഴിയോ വേനലില്‍ വെള്ളമോ കിട്ടാത്ത അവസ്ഥയിലാണ് ഈ സ്ഥലം. കുടുംബശ്രീയില്‍നിന്ന് കിട്ടുന്ന വരുമാനമാണ് ഇവരുടെ ജീവിതമാര്‍ഗം. മാറിമാറിവരുന്ന ഭരണകൂടങ്ങള്‍ക്ക് പഞ്ചായത്ത് അംഗങ്ങൾ മുഖേന പലതവണ നിവേദനങ്ങള്‍ നല്‍കിയിട്ടും പരിഹാരമുണ്ടായിട്ടില്ല. 2019ല്‍ വാര്‍ഡ് മെംബര്‍ മുഖേന ലൈഫ് പദ്ധതിക്കായി നല്‍കിയ അപേക്ഷയില്‍ പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തിയതാണ് ഇവര്‍ക്ക് തിരിച്ചടിയായത്. പലതവണ ഓഫിസുകളില്‍ കയറിയിറങ്ങിയിട്ടും തുടര്‍നടപടികൾ ആവുന്നില്ല. അന്തിയുറങ്ങാനുള്ള ഭയം കാരണം അയല്‍വാസിയുടെ വീട്ടിലാണ് രാത്രി ഉറങ്ങാറ്. സുമനസ്സുകളിലും നല്ലവരായ നാട്ടുകാരിലുമാണ് ഇവരുടെ ഇനിയുള്ള ഏക പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story