Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM ISTനിലമ്പൂർ നഗരസഭയിൽ കോവിഡ് പ്രതിരോധ നിർദേശം നടപ്പാകുന്നില്ലെന്ന് വിദഗ്ധ സമിതി
text_fieldsbookmark_border
നിലമ്പൂർ: നഗരസഭയിൽ കോവിഡ് വ്യാപനം തടയാനുള്ള നിർദേശങ്ങൾ പൂർണമായി നടപ്പാകുന്നില്ലെന്ന് ഡി.എം.ഒ നിയമിച്ച വിദഗ്ധ നിരീക്ഷണ സമിതിയായ കോവിഡ് റാപിഡ് ആക്ഷൻ ഫോഴ്‌സ്. നഗരസഭയിലെ പ്രാരംഭ നിരീക്ഷണത്തിലാണ് ഈ കാര‍്യം ബോധ‍്യപ്പെട്ടതെന്ന് നഗരസഭയിൽ ചേർന്ന പ്രത്യേക യോഗത്തിൽ സമിതി അറിയിച്ചു. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിലാണ് വീഴ്ച കൂടുതലുള്ളത്. പ്രായമായവരെയും കുട്ടികളെയും ജനക്കൂട്ടമുള്ള സ്ഥലങ്ങളിൽ കാണുന്നു, കച്ചവട സ്ഥാപനങ്ങൾ നിർബന്ധമായും സ്വീകരിക്കേണ്ട നടപടികൾ എടുക്കുന്നതിലും വീഴ്ചയുണ്ട്. ആളുകൾ കൂടുന്നത് നിയന്ത്രിക്കണമെന്ന നിർദേശം പ്രാവർത്തികമാകുന്നില്ല. കടയിലെത്തുന്നവർക്ക് സാനിറ്റൈസർ നൽകാനുള്ള സംവിധാനം പലയിടത്തുമില്ല. വാഹനങ്ങളിലും സാനിെറ്റെസർ ഉപയോഗം കുറവാണ് എന്നിവ നിരീക്ഷണത്തിൽ ബോധ‍്യപ്പെട്ടതായി സമിതി യോഗത്തെ അറിയിച്ചു. കോവിഡിനൊപ്പം ജീവതം തുടരാനാവശ്യമായ നടപടികളെന്തൊക്കെയാണ് എന്നാണ് തീരുമാനിക്കേണ്ടത്. ആരുടെയും ജീവിതമാർഗം അടച്ച് രോഗത്തെ പേടിച്ചിരിക്കേണ്ട സാഹചര്യം ഉണ്ടാകാതെ നോക്കണമെന്നാണ് ആരോഗ്യ വകുപ്പും നിർദേശിക്കുന്നത്. ഇതിന് ആവശ്യമായ നടപടികളാണ് ഇത്തരം സമിതികളുടെ നിരീക്ഷണത്തിലൂടെയും ചർച്ചകളിലൂടെയും തയാറാക്കേണ്ടതെന്നും സമിതി യോഗത്തെ അറിയിച്ചു. കച്ചവട സ്ഥാപനങ്ങളിലെ നിയന്ത്രണങ്ങൾക്കും മുൻകരുതലുകൾക്കും സംഘടന നേതൃത്വം നൽകാമെന്ന് യോഗത്തിൽ വ്യാപാരി പ്രതിനിധികൾ അറിയിച്ചു. ബോധവത്കരണ പ്രവർത്തനങ്ങളുടെ സമയം കഴിഞ്ഞെന്നും ഇനി നിയമനടപടികളാണ് വേണ്ടതെന്നും നഗരസഭ ഭരണസമിതി അംഗങ്ങൾ യോഗത്തിൽ പറഞ്ഞു. നിർദേശം പാലിക്കാത്തവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ, പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ സന്നദ്ധ പ്രവർത്തകരുടെ സഹായം, പാലിയേറ്റിവ് പ്രവർത്തകർക്ക് വീടുകളിലെത്തുമ്പോൾ കോവിഡുമായി ബന്ധപ്പെട്ടവരുണ്ടോ എന്നറിയാൻ സംവിധാനം ഒരുക്കൽ എന്നിവ യോഗം തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ നഗരസഭയിൽ നടന്നുവരുന്ന സർവേ നടപടികളും ശ്രമകരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു. റേഷൻ കടകളിലെ വിരലടയാളം എടുക്കൽ, നിലമ്പൂരിലൂടെ കടന്നുപോകുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവർ ഉൾപ്പെടെയുള്ളവരുടെ രോഗപ്രതിരോധ നടപടികൾ എന്നിവയും യോഗത്തിൽ ചർച്ചയായി. നഗരസഭ ചെയർപേഴ്‌സൻ പത്മിനി ഗോപിനാഥിൻെറ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. വൈസ് ചെയർമാൻ പി.വി. ഹംസ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ. ഗോപിനാഥ്, ഷേർളി മോൾ, പാലൊളി മെഹബൂബ്, പ്രതിപക്ഷ നേതാവ് എൻ. വേലുക്കുട്ടി, കൗൺസിലർമാർ, ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. ചാച്ചി, ഹെൽത്ത് സൂപ്പർവൈസർ പി. ശബരീശൻ, വ്യാപാരി പ്രതിനിധികളായ യു. നരേന്ദ്രൻ, വിൻസൻറ് എൻ. ഗോൺസാഗ, പാലിയേറ്റിവ് ഭാരവാഹികൾ, ക്ലബ് പ്രതിനിധി, ആർ.ആർ.ടി പ്രതിനിധികൾ, നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. ശനിയാഴ്ച വീണ്ടും യോഗം ചേർന്ന് സമിതിയുടെ അന്തിമ റിപ്പോർട്ട് തയാറാക്കി അധികൃതർക്ക് സമർപ്പിക്കാനാണ് തീരുമാനം. nbr photo- 2 കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻെറ ഭാഗമായി നിലമ്പൂർ നഗരസഭയിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൻ പത്മിനി ഗോപിനാഥ് സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story