Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2020 2:53 PM IST Updated On
date_range 9 July 2020 2:53 PM ISTതൊഴിൽ നഷ്ടം; റെയിൽവേ കാറ്ററിങ് മേഖലയിൽ പട്ടിണി
text_fieldsbookmark_border
റെയിൽവേ അനുവാദം നൽകിയ സ്റ്റേഷനുകളിലും പ്രവർത്തനം പരിമിതം പയ്യന്നൂർ: കോവിഡ്-19നെ തുടർന്ന് ട്രെയിൻ ഗതാഗതം നിലച്ചതോടെ കാറ്ററിങ് സ്റ്റാളുകളിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികളും സ്ഥാപന ഉടമകളും ദുരിതത്തിൽ. കഴിഞ്ഞ നാലു മാസത്തോളമായി ആയിരക്കണക്കിന് കുടുംബങ്ങളാണ് പട്ടിണിയിലായത്. ഇവരുടെ വാടക ഒഴിവാക്കാൻ പോലും തയാറാവാത്ത റെയിൽവേ നടപടി പ്രതിഷേധത്തിനിടയാക്കുന്നു. ലോക്ഡൗൺ തുടങ്ങിയതോടെ റെയിൽവേയുടെ കീഴിൽ വിവിധ സ്റ്റേഷനുകളിൽ നടത്തിക്കൊണ്ടുപോകുന്ന കാറ്ററിങ് സ്റ്റാളുകളുടെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവർത്തനം നിലച്ചു. ഈ സ്ഥാപനങ്ങളിലെയും ട്രെയിനുകളിലെ പാൻട്രികാറുകളിലെയും ജീവനക്കാർക്കും നടത്തിപ്പുകാർക്കും ഒരു വിധത്തിലുള്ള സാമ്പത്തിക പാക്കേജോ സഹായങ്ങളോ അനുവദിച്ചിട്ടില്ല. റെയിൽവേ അടുത്തിടെ ചില കേന്ദ്രങ്ങളിൽ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയെങ്കിലും യാത്രക്കാരില്ലാത്തതിനാൽ തുറക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ്. ജൂൺ 29ന് പാലക്കാട് ഡിവിഷൻ ഇറക്കിയ ഉത്തരവു പ്രകാരം ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗളൂരു ജങ്ഷൻ തുടങ്ങിയ കേന്ദ്രങ്ങളിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാൻ അനുമതി നൽകിയത്. എന്നാൽ, സ്പെഷൽ തീവണ്ടികളായി കുർള, മംഗള വണ്ടികൾ മാത്രമാണ് ഓടുന്നത്. അതുകൊണ്ടു മാത്രം പിടിച്ചു നിൽക്കാനാവില്ല എന്നാണ് വ്യാപാരികൾ പറയുന്നത്. മാത്രമല്ല ഇവ മുമ്പ് നിർത്തുന്ന സ്റ്റേഷനുകളിലൊന്നും ഇപ്പോൾ സ്റ്റോപ്പില്ല. ഇത്തരം സ്റ്റേഷനുകളിൽതന്നെ നൂറുകണക്കിന് സ്റ്റാളുകളാണ് പൂട്ടിക്കിടക്കുന്നത്. ഇപ്പോൾ തുറക്കാൻ അനുമതിയുള്ള കടകളുടെ വാടകയിനത്തിൽ മൂന്നു ശതമാനം കുറക്കാൻ തീരുമാനിച്ചതായി അറിയിയിട്ടുണ്ടെങ്കിലും പൂട്ടിക്കിടന്ന കാലത്തെ വാടക സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുകയാണ്. മാർച്ച് 22 മുതൽ പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ ദിവസ വേതനത്തിലും കമീഷൻ വ്യവസ്ഥയിലുമാണ് ജോലി ചെയ്യുന്നത്. അതുപോലെ നടത്തുന്നവരുടെ കാര്യവും കഷ്ടമാണ്. സ്ഥാപനങ്ങളിൽ വിൽപനക്കായി വെച്ച ബിസ്കറ്റുകൾ, ചിപ്സുകൾ തുടങ്ങിയ പാക്കറ്റ് സാധനങ്ങളുടെ കാലാവധി കഴിഞ്ഞതോടെ ഉപേക്ഷിക്കേണ്ടി വന്നു. സ്ഥാപനങ്ങൾ പ്രവർത്തിച്ചാലേ വാടക നൽകാൻ കഴിയുകയുള്ളൂ. ഭീമമായ വാടകയാണ് ഓരോരോ സ്ഥാപനങ്ങളും റെയിൽവേക്ക് നൽകാൻ കുടിശ്ശികയായത്. പൂട്ടിയിടുന്ന കാലയളവിൽ വാടകയിൽ ഇളവുവരുത്തിയതായുള്ള തീരുമാനം റെയിൽവേയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് ഉടമകൾ പറയുന്നത്. ഇതിനെല്ലാം ശാശ്വതപരിഹാരം റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആവശ്യം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അടിയന്തരമായി റെയിൽവേ കാറ്ററിങ് തൊഴിലാളികൾക്കും സ്റ്റാൾ കോൺട്രാക്ടർമാർക്കും സാമ്പത്തിക സഹായം അനുവദിക്കണമെന്നും വാടക പിരിക്കുന്നതിൽ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നുമുള്ള രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ ആവശ്യം മാസങ്ങൾ പിന്നിടുമ്പോഴും അവഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story