Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:51 AM IST Updated On
date_range 18 Aug 2022 12:51 AM IST'ഓർമകളിലേക്ക് ലാൻഡ്' ചെയ്ത് സാദിഖലി ശിഹാബ് തങ്ങളും എ. വിജയരാഘവനും
text_fieldsbookmark_border
'ഓർമകളിലേക്ക് ലാൻഡ്' ചെയ്ത് സാദിഖലി ശിഹാബ് തങ്ങളും എ. വിജയരാഘവനും നേതാക്കളുടെ സംഗമമായി മലപ്പുറം ഗവ. കോളജ് സുവർണജൂബിലി ഗ്ലോബൽ അലുമ്നി മീറ്റ് മലപ്പുറം: രാഷ്ട്രീയ തിരക്കുകൾ മാറ്റിവെച്ച് യൗവനകാലത്ത് ഹൃദയത്തിൽ പതിഞ്ഞ ഓർമകൾ പങ്കുവെക്കാൻ കലാലയ മുറ്റത്ത് അവർ വീണ്ടുമെത്തി. മലപ്പുറം ഗവ. കോളജ് സുവർണജൂബിലിയുടെ ഭാഗമായി ഗ്ലോബൽ അലുമ്നി സംഗമം 'ഓർമകളിലേക്കൊരു ലാൻഡിങ്' പരിപാടിയിലാണ് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയനേതാക്കളുടെ കൂടിച്ചേരലിനുകൂടി വേദിയായത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ, എൽ.ഡി.എഫ് കൺവീനറും മുൻ എം.പിയുമായ എ. വിജയരാഘവൻ എന്നിവരാണ് സംഗമത്തിനെത്തിയ പ്രമുഖർ. എല്ലാ ക്ലാസുകളിലും പ്രസംഗിച്ച് നടക്കുന്ന വിദ്യാർഥിയായാണ് എ. വിജയരാഘവനെ ഓർമിക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കോളജിലെ സംഘർഷകാലത്ത് എല്ലാവരെയും വീടുകളിലേക്ക് എത്തിക്കുന്ന പ്രവർത്തനം നടത്തുന്നതിനിടെ കോളജ് കവാടത്തിന് സമീപം ശാന്തതയോടെ പുഞ്ചിരിച്ച് നിൽക്കുന്ന സാദിഖലി തങ്ങളാണ് ഓർമയിലെന്ന് എ. വിജയരാഘവൻ പറഞ്ഞു. 1979-81 കാലത്ത് ആദ്യ സയൻസ് ബാച്ചിലെ വിദ്യാർഥിയായിരുന്നു സാദിഖലി ശിഹാബ് തങ്ങൾ. 1978-81 കാലത്ത് ബി.എ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർഥിയായിരുന്ന വിജയരാഘവൻ ഒന്നാം റാങ്കോടുകൂടിയാണ് കോളജിൽനിന്ന് പുറത്തിറങ്ങിയത്. കലാലയ ജീവിതവും കൗമാര ഓര്‍മകളും നമുക്ക് പകരുന്ന ഊർജം ചെറുതല്ലെന്നും മനുഷ്യജീവിത്തിലെ ഏറ്റവും അനുഭവവേദ്യമായ കാലമാണ് പഠനകാലമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കലാലയത്തിൽനിന്ന് ലഭിക്കുന്ന ഓരോ നിമിഷവും മുമ്പോട്ടുള്ള ജീവിതത്തിന്‍റെ അടിത്തറയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കക്ഷിരാഷ്ട്രീയ ഭേദമന്യേ തന്നെ രൂപപ്പെടുത്തിയത് ഈ കോളജാണെന്നും അത് ഈ നാടിന്‍റെ സംസ്കാരമാണെന്നും ആ സംസ്കാരം സഹിഷ്ണുതയാണെന്നും എ. വിജയരാഘവൻ പറഞ്ഞു. എല്ലാ ഒത്തുചേരലുകളും വർത്തമാനകാലത്തെ വിഹ്വലതകളെ മുറിച്ചു കടക്കുന്നതിനായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളജിന്‍റെ ആദ്യബാച്ചിലെ അധ്യാപകരെയും വിദ്യാർഥികളെയും ആദരിച്ചു. ഡോ. ഇ.കെ. അഹമ്മദ്കുട്ടി, ഡോ. ഷാഫി, ഡോ. പി. ഹാറൂൺ, ഇമ്പിച്ചിക്കോയ എന്നീ അധ്യാപകരെയാണ് ആദരിച്ചത്. മുൻ എസ്.പിയും അലുമ്നി അസോസിയേഷൻ പ്രസിഡന്‍റുമായ യു. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. അലുമ്നി സെക്രട്ടറി ഡോ. പി.കെ. അബൂബക്കർ, പ്രിൻസിപ്പൽ ഡോ. കെ.കെ. ദാമോദരൻ, പൂർവ വിദ്യാർഥികളായ ടി.വി. ഇബ്രാഹീം എം.എൽ.എ, നഗരസഭ ചെയർമാൻ മുജീബ് കാടേരി, മൊയ്തീൻ തോട്ടശ്ശേരി, ഡോ. ഷക്കീല എന്നിവർ പങ്കെടുത്തു. --------------box--------------- വേണം ഒരു സുവർണജൂബിലി കെട്ടിടം 1969ൽ ജില്ല രൂപീകൃതമായ സമയത്ത് സിവിൽ സ്റ്റേഷൻ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുണ്ടുപറമ്പിലെ കെട്ടിടം സ്ഥാപിച്ചത്. എന്നാൽ, പിന്നീട് കോളജ് കെട്ടിടമാക്കി മാറ്റുകയായിരുന്നു. അതുവരെ കോട്ടപ്പടിയിൽ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലും താലൂക്ക് ആശുപത്രിയിലുമായിരുന്നു കോളജ് പ്രവർത്തിച്ചിരുന്നത്. കെട്ടിടം ശോച്യാവസ്ഥമൂലം മഴ പെയ്താൽ ചോർന്ന് ഒലിക്കുകയാണെന്നും സുവർണജൂബിലി കെട്ടിടം നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നും പ്രിൻസിപ്പൽ ഡോ. കെ.കെ. ദാമോദരൻ പ്രസംഗത്തിൽ പറഞ്ഞു. പൂർവവിദ്യാർഥികളായ സാദിഖലി ശിഹാബ് തങ്ങൾക്കും എ. വിജയരാഘവനും നിവേദനവും നൽകി. സിൽവര്‍ ജൂബിലി കോംപ്ലക്‌സ് നിർമിക്കുന്നതിന് കാര്യമായി ഇടപെടുമെന്നും ഇരുവരും ഉറപ്പുനല്‍കി. m3ma1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story