Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 1:41 AM IST Updated On
date_range 13 Aug 2022 1:41 AM ISTസ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഇരകളായത് നിരവധി പേർ
text_fieldsbookmark_border
വഴിക്കടവ്: സ്കൂളിൽ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് പണം തട്ടിയ ആളെ കോടതി റിമാൻഡ് ചെയ്തു. വഴിക്കടവ് ഇൻസ്പെക്ടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്ത തലശ്ശേരി പൂക്കം പാനൂർ അൽഅക്സ മുണ്ടോളത്തിൽ നൗഫൽ ഹമീദിനെയാണ് (48) കോടതി റിമാൻഡ് ചെയ്തത്. അൺ എയ്ഡഡ് മേഖലയിൽ വിവിധ പേരുകളിൽ പ്രൈമറി, പ്രീപ്രൈമറി സ്കൂളുകളിലേക്കാണ് ഇയാൾ പണം വാങ്ങി അധ്യാപകരെ റിക്രൂട്ട് ചെയ്തിരുന്നത്. ഒഴിഞ്ഞ കെട്ടിടങ്ങളോ മദ്സകളോ വാടകക്കെടുക്കാൻ ധാരണയുണ്ടാക്കി അവിടെ സ്കൂൾ സംബന്ധമായ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുകയും സോഷ്യൽ മീഡിയയിൽ അധ്യാപകരെ ആവശ്യമുണ്ടെന്ന വാർത്ത പ്രചരിപ്പിക്കുകയും ചെയ്താണ് ഉദ്യോഗാർഥികളെ വലയിലാക്കുന്നത്. കൂടുതലും സ്ത്രീകളാണ് തട്ടിപ്പിനിരയായത്. വഴിക്കടവ് പുന്നക്കല്ലിൽ ഒലിവ് പബ്ലിക് സ്കൂൾ എന്ന പേരിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കും എന്ന് പറഞ്ഞ് മരുത സ്വദേശിനിയായ പരാതിക്കാരിയിൽനിന്ന് 35,000 രൂപ തട്ടിപ്പുനടത്തിയതിനാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രതി അറസ്റ്റിലായ വിവരമറിഞ്ഞ് 50,000 രൂപയുടെ തട്ടിപ്പിനിരയായ വഴിക്കടവ് കാരക്കോട് സ്വദേശിനി, 35,000 രൂപയുടെ നഷ്ടമായ വഴിക്കടവ് കമ്പളക്കല്ല് സ്വദേശിനിയായ യുവതിയും പരാതിയുമായി സ്റ്റേഷനിൽ എത്തി. ഈ പരാതികളിലും കേസ് രജിസ്റ്റർ ചെയ്തു. സമാനരീതിയിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് തട്ടിപ്പിനിരയായ ആളുകൾ പൊലീസുമായി ബന്ധപ്പെടുന്നുണ്ട്. മമ്പാട് പന്തലിങ്ങലും വഴിക്കടവ് പുന്നക്കല്ലിലും ഒലിവ് പബ്ലിക് സ്കൂൾ, കമ്പളക്കല്ലിൽ ടാലൻറ് പബ്ലിക് സ്കൂൾ, മമ്പാട് ഠാണയിൽ മോഡേൺ പബ്ലിക് സ്കൂൾ, അമരമ്പലം കൂറ്റമ്പാറയിൽ അൽ ഇർഷാദ് പബ്ലിക് സ്കൂൾ, വണ്ടൂർ ഏറിയാട് സഹ്റ പബ്ലിക് സ്കൂൾ, തിരൂരങ്ങാടിയിൽ ഫജർ പബ്ലിക് സ്കൂൾ, മോങ്ങത്ത് ഇസ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലാണ് പ്രതി സ്കൂളുകൾ ആരംഭിച്ച് പണം തട്ടിയത്. 35,000 രൂപ മുതൽ 1 ലക്ഷം രൂപവരെ വിവിധയാളുകളിൽനിന്ന് കൈപ്പറ്റിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്കൂളിൽ ജോലി വാഗ്ദാനം ചെയ്തശേഷം വിദ്യാർഥികളെ സ്കൂളിൽ ചേർക്കാൻ അധ്യാപകരെത്തന്നെ ഏൽപിക്കുകയും ഫീസ് വാങ്ങി സ്വയം ശമ്പളം എടുത്തോളാൻ പറയുകയുമാണ് ഇയാളുടെ രീതി. സി.ഐയെ കൂടാതെ എസ്.ഐ ടി. അജയകുമാർ, എ.എസ്.ഐ കെ. മനോജ്, എസ്.സി.പി.ഒ പി.സി. ഷീബ, സി.പി.ഒമാരായ അഭിലാഷ് കൈപ്പിനി, ടി. നിബിൻ ദാസ്, ജിയോ ജേക്കബ്, സി.എം. റിയാസലി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്‌ത് കേസിൽ തുടരന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story