Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:37 AM IST Updated On
date_range 10 Aug 2022 12:37 AM ISTപത്താം ക്ലാസ് സർട്ടിഫിക്കറ്റ് ലഭിച്ചില്ല; പ്ലസ് വൺ പ്രവേശനം ദുരിതമാകുന്നു
text_fieldsbookmark_border
പെരിന്തൽമണ്ണ: ഫലം പ്രഖ്യാപിച്ച് 55 ദിവസമായിട്ടും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ലഭ്യമാകാത്തതിനാൽ പ്ലസ് വൺ പ്രവേശനം ദുരിതമാകുന്നതായി പരാതി. പ്ലസ് വൺ പ്രവേശന സമയത്ത് വിദ്യാർഥി അപേക്ഷയിൽ നൽകിയ വിവരങ്ങളുടെ സാധുത പരിശോധിക്കാനുള്ള ആധികാരിക രേഖയാണ് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്. വിദ്യാർഥിക്ക് പ്രവേശനം ലഭിച്ച കാറ്റഗറി, ജാതി, വിദ്യാർഥി ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ പ്രദേശം, പഠിച്ച സ്കൂൾ, ജനന തീയതി, ലഭിച്ച ഗ്രേഡ്, രജിസ്റ്റർ നമ്പർ തുടങ്ങി നിരവധി വിവരങ്ങളുടെ പരിശോധനക്ക് സർട്ടിഫിക്കറ്റ് ആവശ്യമാണ്. പലപ്പോഴും അപേക്ഷ സമയത്ത് തെറ്റായി നൽകുന്ന വിവരങ്ങൾ കാരണം പലർക്കും പ്രവേശനം നിഷേധിക്കപ്പെടാറുണ്ട്. ഉദാഹരണമായി, ഹിന്ദു പിന്നാക്ക വിഭാഗത്തിൽപെടുന്ന ഉപവിഭാഗങ്ങൾക്ക് പ്രത്യേക ക്വോട്ട ഉണ്ടെന്നിരിക്കെ വിദ്യാർഥി അപേക്ഷയിൽ നൽകിയ വിവരം ശരിയാണോ എന്നു പരിശോധിക്കാൻ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് അത്യാവശ്യമാണ്. തെറ്റായി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അലോട്ട്മെന്‍റ് ലഭിച്ചാൽ പ്രവേശനം നൽകാനാവില്ല. വിദ്യാർഥിയുടെ എസ്.എസ്.എൽ.സി മാർക്ക് നിലവിൽ പരിശോധിക്കുന്നത് ഇന്‍റർനെറ്റ് കോപ്പിയിലൂടെയാണ്. ഇതിൽ പലതിലും വിദ്യാർഥിയുടെ കാറ്റഗറി, തദ്ദേശ സ്വയംഭരണ പ്രദേശം തുടങ്ങിയവ അടയാളപ്പെടുത്താത്തത് പ്രവേശന സമയത്ത് വിദ്യാർഥികൾക്കും സ്കൂൾ അധികൃതർക്കും തലവേദനയാണ്. ബോണസ് മാർക്ക് ലഭിക്കുന്ന തദ്ദേശ സ്വയംഭരണ പ്രദേശം തെളിയിക്കാൻ പലർക്കും റേഷൻ കാർഡോ വില്ലേജ് ഓഫിസ് കയറിയിറങ്ങി നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജറാക്കേണ്ടിവരുകയാണ്. കേരളത്തിന് പുറത്ത് എസ്.സി, എസ്.ടി, പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളും പ്ലസ് വൺ പ്രവേശനത്തിന് ഹാജറാവുന്നുണ്ട്. ഇവരുടെ കമ്യൂണിറ്റിയും തദ്ദേശ സ്വയംഭരണ പ്രദേശവും തെളിയിക്കാൻ എസ്.എസ്.എൽ.സി തന്നെയാണ് ആശ്രയമെന്നിരിക്കെ ഇത് ലഭ്യമല്ലാത്തത് ഏറെ വിഷമമുണ്ടാക്കുന്നതായി സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടുന്നു. സർട്ടിഫിക്കറ്റ് ലഭ്യമാക്കണം -എച്ച്.എസ്.എസ്.ടി.എ പെരിന്തൽമണ്ണ: പ്ലസ് വൺ പ്രവേശനത്തിനാവശ്യമായ ഏറ്റവും പ്രധാന രേഖയായ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് യഥാസമയത്ത് ലഭ്യമാക്കാത്ത നടപടി തികച്ചും നിരുത്തരവാദപരമാണെന്നും തുടർന്നുള്ള അലോട്ട്മെന്‍റിന് മുമ്പായെങ്കിലും ഇത് ലഭ്യമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാവണമെന്നും എച്ച്.എസ്.എസ്.ടി.എ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് കെ.ടി. ഉമ്മർ അധ്യക്ഷത വഹിച്ചു. റോയിച്ചൻ ഡൊമനിക്, ടി.എസ്. ഡാനിഷ്, കെ. സനോജ്, ഡോ. വി. അബ്ദുസ്സമദ്, കെ. മുഹമ്മദ് റസാഖ്, കെ. ജിതേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story